മലപ്പുറം: 16 പെൻസിൽ ഷാർപ്പനറുകളുടെ പ്ലേറ്റുകളിൽ പ്ലേറ്റ് രൂപത്തിലും സ്വർണം, 10 ടൈഗർ ബാമുകളുടെ തൊപ്പികൾക്ക് താഴെ ഡിസ്‌ക് രൂപത്തിലും സ്വർണം, രണ്ട് ലേഡീസ് ഹാൻഡ് ബാഗുകളുടെ ഹാൻഡിലിനുള്ളിൽ വടി രൂപത്തിൽ സ്വർണം, ഒരു പാചക പാൻ ഹാൻഡിൽ വടി രൂപത്തിലും സ്വർണം കടത്താൻ ശ്രമിച്ച 28കാരൻ കരിപ്പൂർ വിമാനത്തവളത്തിൽ പിടിയിൽ.

ദുബായിൽനിന്നും സ്‌പൈസ്‌ജെറ്റ് എസ്ജി 18 വിമാനത്തിൽ എത്തിയ കാസർകോട്് സ്വദേശി മുഹമ്മദ് ഷബീർ(28)ആണ് വ്യത്യസ്തമായ രീതിയിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ ക്സ്റ്റംസിന്റെ പിടിയിലായത്. മൊത്തം 774 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്. ശേഷം വിവിധ രൂപത്തിലുള്ള സ്വർണം മാത്രം വേർതിരിച്ചെടുത്തതോടെ 769 ഗ്രാമായി. വിപണിയിൽ 39,65,733രൂപ വിലയള്ള സ്വർണമാണ് പിടികൂടിയതെന്നു കസ്റ്റംസ് പറഞ്ഞു.

ഇയാളുടെ ലഗേജുകൾ പരിശോധിക്കുന്നതിനിടെ സംശയം തോന്നിയതോടെ കസ്റ്റംസ് വിദശമായി പരിശോധിക്കുകയായിരുന്നു ഇതോടെയാണ് പരിശോധനയിൽ കണ്ടെത്താൻ കഴിയാത്ത വിധത്തിൽ സ്വർണം പലതരത്തിൽ ഒളിപ്പിച്ച നിലയിൽ കണ്ടത്. സാധാരണ പരിശോധകളിൽ കണ്ടെത്താൻ സാധിക്കാത്ത തലരത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചിരുന്നത്. ഇത്തരത്തിലുള്ള സ്വർണക്കടത്ത് കസ്റ്റംസിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ആദ്യം ഒരു സ്വർണം കണ്ടെടുത്തതോടെ ബഷീറിനെ കൂടുതൽ ചോദ്യംചെയ്തെങ്കിലും വേറെ സ്വർണമുള്ള കാര്യം പറയാൻ മടിച്ചു. പിന്നീട് ലഗേജ് മുഴുവനായും വിശദമായ എക്സറേ പരിശോധന ഉൾപ്പെടെ നടത്തിയപ്പോഴാണ് കൂടുതൽ സ്വർണം ഒളിപ്പിച്ചതായി കണ്ടെത്തിയത്. ഏറെ പണിപ്പെട്ടാണ് ഇത്തരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുള്ളതെന്നും കസ്റ്റംസ് അധികൃതർ പറഞ്ഞു.

ഇയാളെ കൂറിച്ചും സ്വർണക്കടത്തിനെ കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്നും കസ്റ്റംസ് അറിയിച്ചു.