കൊച്ചി: സ്വർണ്ണക്കടത്തു സംഘങ്ങൾ കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള കടത്ത് നിരന്തരം തുടരുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം വഴി ഒരു വൻ സ്വർണ്ണക്കടത്താണ് പിടികൂടിയത്. അമ്പത് ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റ് വിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ പിടിയിലായത്. പതിവിലും വ്യത്യസ്തമായി സ്വർണം ഏറ്റുവാങ്ങാൻ എത്തിയവരെയാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്.

ഇവരിൽ നിന്നും സ്വർണം കൊണ്ടുവന്നയാളിലേക്ക് എത്തുകയായിരുന്നു. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള ഗൾഫ് എയർ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയായ ഫയാസാണ് സ്വർണം കടത്തിയത്. ഇയാളിൽ നിന്നും 1.071 കിലോ സ്വർണം കണ്ടെത്തി. സ്വർണ മിശ്രിതം കാപ്‌സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ചാണ് കൊണ്ടുവന്നത്.

ഫയാസിൽ നിന്നും സ്വർണം ഏറ്റുവാങ്ങാനായി എയർപോർട്ടിന് പുറത്തായി രണ്ട് കൊണ്ടോട്ടി സ്വദേശികൾ കാറിൽ കാത്തുനിന്നിരുന്നു. ഇവരെ പരിശോധിച്ചപ്പോൾ 82,000 രൂപയും, എണ്ണയും പിടികൂടി. മലദ്വാരത്തിൽ നിന്നും സ്വർണം പുറത്തെടുക്കുന്നതിനായിരുന്നു ഇത്. 82000 രൂപ കടത്തുകാരനുള്ള കൂലിയും. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പതിവിന് വിപരീതമായി വിമാനത്താവളത്തിന്റെ പുറത്തും പരിശോധന ശക്തമാക്കിയത്.