- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയതന്ത്ര സ്വർണ്ണക്കടത്തിൽ പ്രതികൾ അടയ്ക്കേണ്ട പിഴ 66.60 കോടി രൂപ! സ്വപ്ന സുരേഷിന് മാത്രം ആറ് കോടി രൂപ പിഴ; എം ശിവശങ്കറിന് 50 ലക്ഷം രൂപയും പിഴയിട്ടു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ; പ്രതികൾ കടത്തിയത് 136.828 കിലോഗ്രാം സ്വർണം
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് വൻ തുകയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാർ പിഴയിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും മുഖ്യപ്രതി സ്വപ്ന സുരേഷും അടക്കമുള്ളവർ പിഴ അടക്കണമെന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാർ ഉത്തരവിൽ വ്യക്തമാക്കിയത്.
സ്വപ്ന സുരേഷ് മാത്രം ആറ് കോടി രൂപയും പിഴ അടക്കണമെന്നാണ് ഉത്തരവ്. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ 50 ലക്ഷം രൂപയും അടക്കണമെന്നു ഉത്തരവിൽ പറയുന്നതായി മലയാള മനോരമ റിപ്പോർട്ടു ചെയ്യുന്നു. തിരുവനന്തപുരം യു എ ഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥർ അടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. 2020 ജൂലൈ 5 ന് തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽ നിന്ന് 14.82 കോടി രൂപ വില വരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഈ കേസിലെ കസ്റ്റംസ് നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
യു എ ഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്‌മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി എസ് സരിത്, സന്ദീപ് നായർ, കെ ടി റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴ അടക്കണം എന്നാണ് ഉത്തരവ്. കസ്റ്റംസ് ബ്രോക്കറായ കപ്പിത്താൻ ഏജൻസീസ് 4 കോടി രൂപയും ഫൈസൽ ഫരീദ്, പി മുഹമ്മദ് ഷാഫി, ഇ.സെയ്തലവി, ടി.എം.സംജു എന്നിവർ 2.5 കോടി രൂപ വീതവും അടക്കണം
സ്വപ്നയുടെ ഭർത്താവ് എസ് ജയശങ്കർ, റബിൻസ് ഹമീദ് എന്നിവർ 2 കോടി രൂപ വീതമാണ് പിഴയൊടുക്കേണ്ടത്. എ എം ജലാൽ, പി ടി അബ്ദു, ടി എം മുഹമ്മദ് അൻവർ, പി ടി അഹമ്മദ് കുട്ടി, മുഹമ്മദ് മൻസൂർ എന്നിവർക്ക് 1.5 കോടി രൂപ വീതവും പിഴയടക്കം. മുഹമ്മദ് ഷമീമിന് ഒരു കോടി രൂപയും മറ്റ് പ്രതികൾക്ക് 2 ലക്ഷം രൂപ മുതൽ 50 ലക്ഷം രൂപ വരെയും പിഴ ചുമത്തിയിട്ടുണ്ട്.
പിടിച്ചെടുത്ത 30 കിലോഗ്രാം സ്വർണത്തിന് പുറമേ നയതന്ത്ര ബാഗേജ് കള്ളക്കടത്ത് സംഘം 2019 നവംബറിനും 2020 മാർച്ചിനും ഇടയിൽ 46.50 കോടി രൂപ വില വരുന്ന 136.828 കിലോഗ്രാം സ്വർണം കടത്തി എന്ന് സാഹചര്യ തെളിവുകളിൽ നിന്ന് വ്യക്തമാണ് എന്നും ഉത്തരവിൽ പറയുന്നു. അതേസമയം പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിന് എതിരെ പ്രതികൾക്ക് കസ്റ്റംസ് എക്സൈസ് ആൻഡ് സർവീസ് ടാക്സ് അപ്ലറ്റ് ട്രിബ്യൂണലിനെ സമീപിക്കാവുന്നതാണ്.
സ്വർണ്ണക്കടത്തു കേസിൽ സ്വപ്ന സുരേഷിന്റെ പങ്കാളിയായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ പ്രവർത്തിച്ചെന്നാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറുടെ കണ്ടെത്തൽ. തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു പിടികൂടിയ 30.24 കിലോഗ്രാമും അതിനു മുൻപ് ഇതേ ചാനലിലൂടെ കൊണ്ടുപോയ 136.82 കിലോഗ്രാമും അടക്കം 61.32 കോടി രൂപ വിലവരുന്ന 167.03 കിലോഗ്രാം സ്വർണം കടത്തിയതിൽ സ്വപ്നയുടെ പങ്കാളിയായിരുന്നു ശിവശങ്കറെന്ന് കമ്മിഷണറുടെ അഡ്ജുഡിക്കേഷൻ ഉത്തരവിൽ പറയുന്നു.
കേസിൽ നോട്ടിസ് നൽകി, പ്രതികളുടെ ഭാഗംകൂടി കേട്ട ശേഷമാണ് ഇത്തരമൊരുത്തു ഉത്തരവു പ്രിവന്റീവ് കമ്മിഷണർ പുറപ്പെടുവിച്ചത്. സ്വപ്നെയെ അറിയാമായിരുന്നു എന്നാൽ, സ്വർണ്ണക്കടത്തിനെ കുറിച്ച് അറിയില്ലെന്നുള്ള ശിവശങ്കറിന്റെ വാദങ്ങളെ പൊളിക്കുന്നതാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഉത്തരവ്.
ഉത്തവരിൽ ശിവശങ്കറിന്റെ പങ്കാളിത്തത്തെ കുറിച്ചു പറയുന്നത് ഇങ്ങനെയാണ്: 'സ്വപ്നയുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നു. കോൺസുലേറ്റിലെ വിവരങ്ങൾ സ്വപ്ന, ശിവശങ്കറിനെ അറിയിച്ചിട്ടുണ്ട്. സ്വപ്നയുമായി ശിവശങ്കർ പണമിടപാടു നടത്തി. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനു കള്ളക്കടത്തു സംഘത്തിന്റെ ഇടപാടുകൾ മനസ്സിലാക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു. ഒന്നും അറിഞ്ഞില്ലെന്ന വാദം അംഗീകരിക്കാൻ കഴിയില്ല' ഉത്തരവിൽ പറയുന്നു.




