- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിദേശത്തുള്ള മകളുടെ അടുത്തു പോകാന്‍ നേരം വിശ്വസിച്ച് ഏല്‍പ്പിച്ച 80 പവന്‍ സ്വര്‍ണം സഹോദരിയുടെ മകള്‍ അടിച്ചു മാറ്റി; പരാതി കൊടുത്തപ്പോള്‍ സ്വര്‍ണം തിരികെ നല്‍കാമെന്ന് കരാറുണ്ടാക്കി; കരാര്‍ ലംഘനത്തിന് പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ മടിച്ച് പോലീസ്
കരാര്‍ ലംഘനത്തിന് പരാതി കൊടുത്തപ്പോള്‍ കേസ് എടുക്കാന്‍ മടിച്ച് പോലീസ്
പത്തനംതിട്ട: സൂക്ഷിക്കാനേല്‍പ്പിച്ച സ്വര്‍ണം മടക്കി നല്‍കാത്ത സംഭവത്തില്‍ വയോധിക നല്‍കിയ പരാതി അവഗണിച്ച് പോലീസ്. എഴുപത്തിമൂന്നുകാരി സ്റ്റേഷന്‍ കയറിയിറങ്ങി മടുത്തിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടിലാണ് പോലീസ്. വിചിത്ര ന്യായവാദങ്ങളാണ് പോലീസ് നിരത്തുന്നത്.
വള്ളിക്കോട് വാഴമുട്ടം ഈസ്റ്റ് എടത്തറ പുത്തന്‍വീട്ടില്‍ റോസമ്മ ദേവസി(73)യാണ് പരാതിക്കാരി. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 ന് റോസമ്മ മകളെ കാണാന്‍ വേണ്ടി ദുബായിലേക്ക് വിസിറ്റിങ് വിസയില്‍ പോയിരുന്നു. ഈ സമയം കൈവശം ഉണ്ടായിരുന്ന മകളുടെയും മരുമകന്റെയും കൊച്ചുമകന്റെയുംകൂടി 80 പവന്‍ സ്വര്‍ണം സഹോദരിയായ സാറാമ്മ മത്തായിയെ ഏല്‍പ്പിച്ചു. ജനുവരി 19 ന് വിദേശത്ത് നിന്ന് മടങ്ങി വന്ന റോസമ്മ സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ സാറാമ്മ കൈമലര്‍ത്തി. സ്വര്‍ണം മകള്‍ സിബി മത്തായി എടുത്തു കൊണ്ട്ു പോയെന്നായിരുന്നു ഇവര്‍ പറഞ്ഞത്.
ഒരു വിധത്തിലും സ്വര്‍ണം തിരികെ കിട്ടില്ലെന്ന് മനസിലായതോടെ ഫെബ്രുവരി 15 ന് പോലീസില്‍ പരാതി നല്‍കി. ഓരോ തവണയും റോസമ്മ സ്റ്റേഷന്‍ കയറിയിറങ്ങും. എന്നാല്‍, എതിര്‍കക്ഷികള്‍ വരില്ല. പോലീസും ഇക്കാര്യത്തില്‍ ഒളിച്ചു കളി തുടര്‍ന്നുവെന്നാണ് റോസമ്മ പറയുന്നത്. പോലീസില്‍ പരാതി നല്‍കിയ വിവരം അറിഞ്ഞ് ഫെബ്രുവരി 19 ന് പത്തര പവന്‍ സ്വര്‍ണം തിരികെ നല്‍കി. ശേഷിച്ച 69.5 പവന്‍ തിരികെ നല്‍കാമെന്ന് സിബി അഭിഭാഷകയുടെ സാന്നിധ്യത്തില്‍ കരാര്‍ വച്ചു.
മാര്‍ച്ച് അഞ്ചിന് മുന്‍പ് മുഴുവന്‍ സ്വര്‍ണവും തിരികെ നല്‍കാമെന്നായിരുന്നു കരാര്‍. സ്വര്‍ണം മുഴുവന്‍ തിരികെ കൊടുക്കുന്നതു വരെ സെക്യൂരിറ്റിയായി സിബി മത്തായിയുടെ പാസ്പോര്‍ട്ട് അഭിഭാഷകയുടെ കൈവശം ഏല്‍പ്പിക്കുകയും ചെയ്തു. മാര്‍ച്ച് അഞ്ചിന് പോലീസ് സ്റ്റേഷനില്‍ ഹാജരായി മുഴുവന്‍ സ്വര്‍ണവും തിരികെ ഏല്‍പ്പിക്കാമെന്നായിരുന്നു കരാര്‍.
എന്നാല്‍, സിബി ഇത് പാലിച്ചില്ല. വീണ്ടും റോസമ്മ പോലീസിനെ സമീപിച്ചു. അഭിഭാഷക എഴുതി കൊടുത്ത പരാതിയുമായി ചെന്ന റോസമ്മയ്ക്ക് ഇക്കുറി കൈപ്പറ്റ് രസീത് നല്‍കി. തുടര്‍ നടപടിയൊന്നുമുണ്ടായില്ല. ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കും. എന്നാല്‍, റോസമ്മ മാത്രമാണ് ചെല്ലുന്നത്. സ്വര്‍ണം മടക്കി കൊടുക്കാനുള്ള അവസാന തീയതി മാര്‍ച്ച് 28 ആയി പോലീസ് നിശ്ചയിച്ചിരുന്നു.
അതും പാലിക്കപ്പെടാതെ പോയിട്ടും പോലീസ് കേസെടുത്തില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍ തിരക്കാണെന്നും കേസ് അടുത്ത മാസം എടുക്കാമെന്നുമായിരുന്നുവത്രേ പോലീസിന്റെ ഭാഷ്യം. കേസ് അട്ടിമറിക്കാനുളള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടെന്നാണ് ആരോപണം.