കോഴിക്കോട്: കോഴിക്കോട് സാരദാ മന്ദിരത്തിന് സമീപം സ്വര്‍ണ്ണാഭരണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. ശാരദാ മന്ദിരത്തിനടുത്തു വീട്ടില്‍ നിന്ന് സ്വര്‍ണാഭരണം മോഷ്ടിച്ച മുബൈ സ്വദേശികളായ സല്‍മ ഖാദര്‍ ഖാന്‍ (42 ) ശ്രദ്ധ രമേശ് ഓഡല്‍ (39) എന്നിവരെ നല്ലളം പൊലീസാണ് അറസ്റ്റ് ചെയ്തത്. സ്വര്‍ണ ബിസിനസിന്റെ പേരു പറഞ്ഞ് എത്തിയവരാണ് സ്വര്‍ണം മോഷ്ടിച്ചു കടന്നു കളഞ്ഞത്.

കഴിഞ്ഞ മൂന്നിന് ഉച്ചയ്ക്ക് പണിക്കൂലി വ്യവസ്ഥയില്‍ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിച്ചു കൊടുക്കുന്ന രണ്ട് പേരില്‍ നിന്നാണ് ഇവര്‍ സ്വര്‍ണ്ണം മോഷ്ടിച്ചത്. ചെറുവണ്ണൂര്‍ റഹ്‌മാന്‍ ബസാറിലുള്ള വാടക വീട്ടില്‍ വെച്ചായിരുന്നു സംഭവം. പുതുതായി തുടങ്ങുന്ന സ്വര്‍ണാഭരണ ബിസിനസ് ആവശ്യത്തിന് ആഭരണങ്ങളുടെ മോഡല്‍ കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ എത്തിയത്. 150 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങളും മൊബൈല്‍ ഫോണുകളുമായി പ്രതികള്‍ മുങ്ങുകയും ചെയ്തുവെന്നായിരുന്നു പരാതി.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് നല്ലളം പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണവും തുടങ്ങി. പ്രതികള്‍ മംഗളൂരു ഭാഗത്തേക്ക് പോകുന്നുവെന്ന് മനസിലാക്കിയത് നിര്‍ണായകമായി. കാസര്‍ഗോഡ് പൊലീസിന്റെ സഹായത്തോടെ ഹോസ്ദുര്‍ഗ് വെച്ച് പ്രതികളായ സ്ത്രീകള്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് തടയുകയായിരുന്നു. ഇവരെ കസ്റ്റിയിലെടുത്ത് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണഭരണങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെടുക്കുകയും ചെയ്തു.

കോഴിക്കോട്ടെ സ്വര്‍ണ്ണാഭരണ നിര്‍മ്മാതാവില്‍ നിന്നുമാണ് ഇവര്‍ സ്വര്‍ണം തട്ടി മുംബൈയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. സ്ഥാപന ഉടമ വടകര സ്വദേശി സുരേഷ് ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. കോഴിക്കോട് ചെറുവണ്ണൂര്‍ ശാരദാമന്ദിരത്ത് നിന്ന് റഹ്‌മാന്‍ ബസാറിലേക്ക് പോകുന്ന വഴിയിലെ ആഭരണ നിര്‍മ്മാണശാലയുടെ വാടക വീട്ടില്‍ വെച്ച് ഇന്നലെയാണ് യുവതികള്‍ സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കിയത്.

സ്ഥാപനത്തിലെ ജീവനക്കാരനായ ഹനീഫ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്ത് ജോലി ചെയ്തിരുന്ന ശ്രദ്ധ എന്ന ഫിര്‍ദ്ദയുമായി നേരത്തെ പരിചയത്തിലായിരുന്നു. ഈ ബന്ധത്തിന്റെ പേരിലാണ് യുവതികള്‍ കഴിഞ്ഞ ദിവസം കോഴിക്കോട്ടെത്തിയത്.

മുംബൈയില്‍ തുടങ്ങുന്ന ജ്വല്ലറിയിലേക്ക് 200 ഗ്രാം സ്വര്‍ണ്ണം എത്തിച്ചാല്‍ 60,000 രൂപ ലാഭം കിട്ടുമെന്നാണ് യുവതികള്‍ ഹനീഫയോട് പറഞ്ഞത്. വിവിധ സ്ഥാപനങ്ങള്‍ക്ക് കൊടുക്കാന്‍ പാക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഹനീഫയുടെ മൊബൈല്‍ ഫോണും കൈക്കലാക്കിയാണ് മുങ്ങിയത്.

കോഴിക്കോട് രജിസ്‌ട്രേഷനുള്ള കാറില്‍ യാത്ര ചെയ്ത ഇവരെ പുതിയ കോട്ടയില്‍ റോഡ് ബ്ലോക്ക് ചെയ്താണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്ന് 150 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി. കാഞ്ഞങ്ങാട്ടെത്തിയ നല്ലളം പോലീസ് യുവതികളെ കോഴിക്കോട്ടേക്ക് കൊണ്ടു പോയി.