തിരുവല്ല: കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. മൂന്നു പേർക്ക് പരുക്കേറ്റു. കാപ്പ കേസ് പ്രതിയടക്കം അഞ്ചു പേർ അറസ്റ്റിലായി. വേങ്ങൽ മുണ്ടപ്പള്ളിയിൽ ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഘട്ടനം നടന്നത്.

കാപ്പ കേസ് പ്രതിഫ ആലംതുരുത്തി വാമനപുരം കന്യാക്കോൺ തുണ്ടിയിൽ വീട്ടിൽ അലക്സ് എം. ജോർജ് (22 ), ഇയാളുടെ സംഘത്തിൽ ഉൾപ്പെടുന്ന കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), എതിർ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പിൽ വീട്ടിൽ ഷിബു തോമസ് (28), കൊല്ലുകടവ് വടക്കേൽ വീട്ടിൽ സച്ചിൻ (26), തെങ്ങനാംകുളം വീട്ടിൽ വിഷ്ണു കുമാർ (29) എന്നിവരാണ് അറസ്റ്റിലായത്. മുണ്ടപ്പള്ളി കോളനിക്ക് സമീപമായിരുന്നു ഏറ്റു മുട്ടൽ.

ഗുണ്ടാ സംഘാംഗങ്ങളായ ഷിബു, സച്ചിൻ എന്നിവർക്ക് വെട്ടേറ്റു. എതിർ സംഘത്തിലെ ജോൺസണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു. കഞ്ചാവ് വിൽപ്പന സംബന്ധിച്ച് അലക്സിന്റെയും ഷിബുവിന്റെയും സംഘങ്ങൾ തമ്മിൽ കാലങ്ങളായി നീണ്ടുനിന്നിരുന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. മുണ്ടപ്പള്ളി കോളനിക്ക് സമീപം വച്ച് കഞ്ചാവ് വില്പന സംബന്ധിച്ച് ഇരു സംഘങ്ങളും വാക്കേറ്റം ഉണ്ടായി. തുടർന്ന് വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

സ്ഥലത്ത് എത്തിയ ഇൻസ്പെക്ടർ ബി.കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസ് സംഘം അഞ്ചു പേരെയും പിടികൂടുകയായിരുന്നു. പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിടിയിലായ അഞ്ചുപേരും വധശ്രമം ഉൾപ്പെടെനിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. എസ് ഐ മാരായ പി കെ കവിരാജ്, ഹുമയൂൺ, എഎസ്ഐ അജി, സി.പി.ഒ മാരായ ഷാനവാസ്, ജയകുമാർ , മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.