ചെന്നൈ: തമിഴ്‌നാട്ടിൽ ഏറ്റമുട്ടൽ കൊലപാതകം. തമിഴ്‌നാട്ടിലെ തിരുവള്ളുരിൽ രണ്ട് ഗുണ്ടാ നേതാക്കളെ പൊലീസ് വെടിവച്ച് കൊന്നു. സതീഷ്, മുത്തു ശരവൺ എന്നിവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഗുണ്ടകൾ വെടിയുതിർത്തപ്പോൾ തിരിച്ചുവെടിവച്ചതാണെന്നാണ് പൊലീസ് പറയുന്നത്.

എഐഡിഎംകെ നേതാവിനെ കൊലപ്പെടുത്തിയത് ഉൾപ്പടെ നിരവധി കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സതീഷ്. ഇയാളുടെ സൂഹൃത്തും നിരവധി കേസുകളിലെ പ്രതിയുമാണ് കൊല്ലപ്പെട്ട മുത്തുശരവണനെന്നും പൊലീസ് പറഞ്ഞു. എഐഡിഎംകെ നേതാവ് പാർഥിപനെ കൊലപ്പെടുത്തിയതിന് പിന്നാലെ പ്രതി സതീഷ് ഒളിവിലായിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.

ഡൽഹിയിൽ നിന്ന് അറസ്റ്റ് ചെയ്ത ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവരുന്നതിനിടെ ഇവർ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഉണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സതീഷിന്റെ തലയിലും മുത്തുശരവണന്റെ നെഞ്ചിലുമാണ് വെടിയേറ്റത്. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.