കണ്ണൂർ: 2019 ഡിസംബർ 28നു കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസ് ഉദ്ഘാടന പ്രസംഗത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെയുണ്ടായ പ്രതിഷേധത്തിൽ കേസെടുക്കില്ലെന്ന നിലപാടിൽ പൊലീസ്. കേസെടുക്കാൻ മാത്രമൊന്നുമില്ലെന്ന നിലപാട് പൊലീസ് ആവർത്തിച്ചു. ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.വി.മനോജ് കുമാർ നൽകിയ പരാതിയിൽ ഉദ്ഘാടന ചടങ്ങിലെ ദൃശ്യങ്ങൾ പൊലീസ് വീണ്ടും പരിശോധിച്ചിരുന്നു. കേസെടുക്കാൻ മാത്രം ഗൗരവമുള്ള സംഭവമല്ലെന്നാണു സിറ്റി പൊലീസിനു ലഭിച്ച നിയമോപദേശം.

2019 ഡിസംബർ 28നു സർവകലാശാലയിൽ നടന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിലുണ്ടായ സംഭവങ്ങളെപ്പറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വൈസ് ചാൻസലർ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മിഷണർക്കു കെ.വി.മനോജ് കുമാറർ പരാതി നൽകിയത്. 'ഗവർണറെ ഉപദ്രവിക്കാനും അപായപ്പെടുത്താനും ശ്രമിച്ചതിനു പിന്നിൽ വൈസ് ചാൻസലർക്കു പങ്കുണ്ടെന്ന ആരോപണത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഗവർണർ ഉന്നയിച്ച ആരോപണം ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചു സത്യം പുറത്തുകൊണ്ടുവരേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ട്.'-ഇതായിരുന്നു പരാതി. ഇതിനോടാണ് പൊലീസ് കണ്ണടയ്ക്കുന്നത്.

കേസെടുക്കില്ലെന്ന് തറപ്പിച്ചു പറയുകയാണ് പൊലീസ്. സദസ്സിൽ നിന്ന് പ്രതിഷേധവുമായി ആദ്യം എഴുന്നേറ്റു നിന്നതു 2 വനിതാ പ്രതിനിധികളാണെന്നു പൊലീസ് പറയുന്നു. ഗവർണറുടെ വേദിയിൽ നിന്ന് 30 മീറ്റർ മാറിയായിരുന്നു ഇവരുടെ പ്രതിഷേധം. ഇവരെ വനിതാ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ, 'ജനാധിപത്യപരമായ പ്രതിഷേധമാണ് അവരുടേതെന്നും പൊലീസ് ഇടപെടരുതെന്നും' ആണ് ഗവർണർ പ്രതികരിച്ചത്. ഇതിന് പത്രവാർത്തകൾ തെളിവാണെന്നു പൊലീസ് പറയുന്നു. തുടർന്ന് 2 വനിതകളെയും വിട്ടയച്ചു.

ഇതിനു ശേഷം, ഡൽഹിയിൽ നിന്നെത്തിയ 4 പേരാണു സദസിന്റെ ഏറ്റവും പിറകിൽ നിന്നു പ്രതിഷേധിച്ചത്. 'എനിക്കു പറയാനുള്ളതു നിങ്ങൾ കേൾക്കണം, ഇല്ലെങ്കിൽ പുറത്താക്കേണ്ടി വരും' എന്നാണു ഗവർണർ അവരോടു പറഞ്ഞതെന്നും പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഇതനുസരിച്ച്, 4 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്ത്, ടൗൺ സ്റ്റേഷനിലെത്തിച്ചു. ഡൽഹിയിൽ നിന്നെത്തിയ പ്രതിനിധികളാണെന്നും കോളജ് പ്രഫസർമാരാണെന്നും അവർ വിശദീകരിച്ചതോടെ, അവരെയും വിട്ടയച്ചു. അങ്ങനെ വിട്ടയയ്ക്കാമോ എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്.

കേസെടുക്കാൻ മാത്രം ഗൗരവമുള്ളതൊന്നും സദസ്സിലെ പ്രതിഷേധത്തിലുണ്ടായിരുന്നില്ലെന്നതിന് 22 ചാനലുകൾ സംപ്രേഷണം ചെയ്ത ദൃശ്യങ്ങൾ തെളിവാണെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തിൽ പരാതിക്കാരൻ കോടതിയെ സമീപിച്ചേക്കും. മുഖ്യമന്ത്രിക്ക് നേരെ റോഡിൽ കരിങ്കൊടി കാട്ടുന്നവർക്കെതിരെ പോലും പൊലീസ് കേസെടുക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് ഗവർണ്ണർക്കെതിരായ പരാതിയിൽ കേസെടുക്കില്ലെന്ന നിലപാട് പൊലീസ് എടുക്കുന്നത്.

വേദിയിൽ, പ്രമുഖ ചരിത്രകാരൻ ഇർഫാൻ ഹബീബ് ആണ് എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചത്. ഇവർക്കിടയിൽ, ഗവർണറുടെ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനുണ്ടായിരുന്നു. ചരിത്ര കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷയ്ക്കു മാത്രമായി സർവകലാശാല 8 ലക്ഷം രൂപ അധികം ചെലവിട്ടതായി സംഘാടകസമിതി സെക്രട്ടറിയായിരുന്ന ഡോ.പി.മോഹൻദാസ് പറഞ്ഞു.