തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ ഗ്രീഷ്മയെ 7 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് രൂക്ഷമായ വാദത്തിനൊടുവിൽ. കേസ് അട്ടമിറിക്കാനുള്ള ശ്രമങ്ങൾ പാറശ്ശാലയിൽ നടന്നു എന്നതിന് തെളിവാണ് കേസിൽ പ്രതിഭാഗം ഉയർത്തിയ വാദങ്ങൾ. ഇത് കോടതി അംഗീകരിച്ചില്ലെങ്കിലും വിചാരണക്കാലത്ത് ഇതെല്ലാം വലിയ പഴുതായി മാറുകയും ചെയ്തു.

ഇരു വിഭാഗങ്ങളും നടത്തിയ രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഗ്രീഷ്മയെ 7 ദിവസത്തെ കസ്റ്റഡിയിൽ നെയ്യാറ്റിൻകര കോടതി വിട്ടത്. 7 ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഉന്നയിച്ചപ്പോൾ പ്രതിഭാഗം ശക്തമായി എതിർത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷൻ ടി അനിലിന്റെ പല ചോദ്യവും പൊലീസ് അന്വേഷണത്തിലേക്കുള്ള വിരൽ ചൂണ്ടലായി.

ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടിൽ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാൻ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഗ്രീഷ്മയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആർ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. ഇല്ലാത്ത തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമമെന്നും ആരോപിച്ചു. പ്രതിയാക്കാനുള്ള തെളിവു പോലും ഗ്രീഷ്മയ്‌ക്കെതിരെ ഇല്ലെന്നും അഭിഭാഷകൻ പറഞ്ഞു.

മുറിക്കുള്ളിൽ എന്താണ് സംഭവിച്ചത് എന്ന് ആർക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോൺ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയിൽ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. ഗ്രീഷ്മയുടെ മാതാപിതാക്കൾക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകൻ വാദിച്ചു. എല്ലാം കേട്ട ശേഷം ഏഴു ദിവസത്തെ കസ്റ്റഡിയിൽ ഗ്രീഷ്മയെ വിടുകയായിരുന്നു.

പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതിയായ ഗ്രീഷ്മയെ ഏഴു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ അംഗീകരിച്ചാണ് നെയ്യാറ്റിൻകര കോടതിയുടെ ഉത്തരവ്. കേസിലെ മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമൽ കുമാറിനെയും രാവിലെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. കേസിലെ മുഖ്യപ്രതിയാണ് ഗ്രീഷ്മയെന്നും കൂടുതൽ വിവരങ്ങൾ ചോദിച്ച് അറിയേണ്ടതുള്ളതുകൊണ്ടാണ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി ഏഴു ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. അഞ്ച് ദിവസത്തെ കസ്റ്റഡി മതിയെന്ന നിലപാടാണ് പ്രതിഭാഗം കൈക്കൊണ്ടത്.

തെളിവെടുപ്പ് നടപടികൾ വിഡിയോയിൽ പകർത്തണമെന്ന കർശന നിർദ്ദേശവും കോടതി അന്വേഷണ സംഘത്തിനു നൽകി. ഇതിന്റെ സിഡി സീൽ ചെയ്ത കവറിൽ കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇത് തെറ്റായ കേസ് ആണെന്ന വാദമാണ് പ്രതിഭാഗം ഉയർത്തിയത്. എന്തോ വിഷം കഴിച്ചു എന്നു മാത്രമാണ് ആദ്യത്തെ എഫ്‌ഐആറിൽ പറയുന്നത്. അത് ആരു കൊടുത്തെന്നോ ഏതു വിഷമാണെന്നോ പറഞ്ഞിട്ടില്ല. ഷാരോണും തന്റെ മരണമൊഴിയിൽ ഗ്രീഷ്മയ്ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും എന്തുകൊണ്ടാണ് റാങ്ക് ഹോൾഡറായ ഒരു പെൺകുട്ടിയെ ഇവിടെ പിടിച്ചുകൊണ്ടു വന്ന് വച്ചിരിക്കുന്നതെന്നും പ്രതിഭാഗം ചോദിച്ചു.

ഷാരോണും സുഹൃത്തും ഗ്രീഷ്മയുടെ വീട്ടിൽ വന്നു എന്നത് ശരിയാണ്. അന്ന് ഷാരോൺ തന്നെ വിഷം കൊണ്ടുവന്നതായിക്കൂടേയെന്നും പ്രതിഭാഗം ചോദിച്ചു. ഗ്രീഷ്മയെ അപായപ്പെടുത്തുകയായിരുന്നു ഷാരോണിന്റെ ലക്ഷ്യമെന്ന് പറഞ്ഞാൽ അല്ലെന്നു തെളിയിക്കാൻ പ്രോസിക്യൂഷനു കഴിയുമോ എന്നും പ്രതിഭാഗം വക്കീൽ ചോദിച്ചു. നിലവിൽ കേസുമായി ബന്ധപ്പെട്ട് പൊലീസിന്റെ കൈവശം ഒരു തെളിവുപോലുമില്ല. തെളിവ് കണ്ടെത്താനെന്ന പേരിൽ തെളിവുണ്ടാക്കാനാണ് ഏഴു ദിവസത്തെ കസ്റ്റഡി അന്വേഷണ സംഘം ആവശ്യപ്പെടുന്നതെന്നും പ്രതിഭാഗം വാദിച്ചു.

ഗ്രീഷ്മയെ ഇന്നലെ വൈകിട്ടോടെ അട്ടക്കുളങ്ങര വനിതാജയിലേക്ക് മാറ്റിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ വച്ച് ബാത്ത്‌റൂം ക്‌ളീനറായ ലൈസോൾ കുടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗ്രീഷ്മയെ ശാരീരിക പ്രശ്‌നങ്ങൾ മാറിയതിനെ തുടർന്നാണ് ഇന്നലെ വൈകിട്ട് 6 മണിയോടെ ഡിസ്ചാർജ്ജ് ചെയ്തത്. മെഡിക്കൽ കോളേജ് ഐ.സി.യുവിൽ പൊലീസ് കാവലിലാണ് ഗ്രീഷ്മ കഴിഞ്ഞിരുന്നത ്.തെളിവെടുപ്പിനടക്കം ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിൽ വേണമെന്ന് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം നെയ്യാറ്റിൻകര കോടതിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്രീഷ്മ ചികിത്സയിലായതിനാൽ കോടതി അനുവദിച്ചില്ല. മറ്റു പ്രതികളായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരുടെ കസ്റ്റഡി അനുവദിച്ചിരുന്നു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായ സാഹചര്യത്തിലാണ് ഗ്രീഷ്മയ്ക്കായി വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്. കസ്റ്റഡി അനുവദിച്ച സാഹചര്യത്തിൽ പ്രതികൾ മൂന്നുപേരെയും ഒരുമിച്ച് തെളിവെടുപ്പിനായി രാമവർമ്മൻ ചിറയിലെ വീട്ടിലെത്തിക്കാനാണ് തീരുമാനം. നിലവിൽ ഗ്രീഷ്മയുടെ വീട് പൂട്ടി സീൽ ചെയ്തിരിക്കയാണ്.