- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്താണ് കൊടുത്തതെന്ന് അറിഞ്ഞെങ്കിൽ ഡോക്ടർമാർ രക്ഷപ്പെടുത്തിയേനെ ; പാറശ്ശാല പൊലീസിന് വീഴ്‌ച്ച ആവർത്തിച്ച് ഷാരോണിന്റെ സഹോദരൻ ; ഷാരോണിന്റെ മാതാപിതാക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും ; കുറ്റസമ്മതത്തിന് പിന്നാലെ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ; ജനൽ ചില്ലുകൾ തകർത്തു
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ പാറശ്ശാല പൊലീസിന്റെ വീഴ്‌ച്ച ആവർത്തിച്ച് ഷാരോണിന്റെ സഹോദരൻ.ഷാരോൺ എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നെങ്കിൽ രക്ഷിക്കാൻ പറ്റുമെന്ന് ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുമ്പോൾ ഡോക്ടർമാർ പറഞ്ഞിരുന്നെന്ന് സഹോദരൻ വ്യക്തമാക്കി.മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് വീഴ്‌ച്ച സംഭവിച്ചതായും ഷാരോണിന്റെ സഹോദരൻ ഷിനോൺ ചൂണ്ടിക്കാട്ടി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ഷാരോൺ കഴിച്ച കഷായത്തിൽ തങ്ങൾ ആദ്യമേ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് അത് പാടെ തള്ളിയെന്നും ഷിനോൺ പറഞ്ഞു.
ഷാരോണിന്റെ മരണം അന്വേഷിച്ചതിൽ പാറശ്ശാല പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒന്നൊന്നായി ഷാരോണിന്റെ സഹോദരനും ആയുർവേദ ഡോക്ടറുമായ ഷിനോൺ ചൂണ്ടിക്കാട്ടുന്നു.ഷാരോണിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് അവഗണിച്ചെന്ന് ഷിനോൺ കുറ്റപ്പെടുത്തി.വീട്ടുകാർ ഉന്നയിച്ച സംശയങ്ങൾ നേരത്തെ തന്നെ പരിഗണിച്ചിരുന്നെങ്കിൽ മരണകാരണമായ കീടനാശിനിയിലേക്ക് എത്താമായിരുന്നു. ഈ മൊഴികളെല്ലാം വെറും ഊഹാപോഹമെന്നായിരുന്നു പൊലീസ് നിലപാടെന്നും ഷിനോൺ പറഞ്ഞു.
'അന്ധവിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഇത് ചെയ്തിട്ടുള്ളത്. ഷാരോൺ കുടിച്ച കഷായത്തെക്കുറിച്ച് അറിയാൻ അച്ഛൻ പെൺകുട്ടിയെ വിളിച്ചിരുന്നു.എന്നാൽ തന്റെ ജാതകദോഷം മൂലം ആദ്യ ഭർത്താവ് മരിച്ചുപോകുമെന്നാണ് പറഞ്ഞത്. എന്താണെന്ന് ആദ്യം മനസിലായിരുന്നില്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് ജാതകദോഷം ഉണ്ട് എന്ന കാര്യങ്ങൾ പറയുന്നത്. എന്നാൽ അതും ഷാരോണിനെ ഒഴിവാക്കാനായി ഉണ്ടാക്കിയ കഥയാണെന്നാണ് ഞങ്ങൾക്ക് മനസിലായത്', ഷിനോൺ പറഞ്ഞു.
ഒറ്റദിവസത്തെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതിച്ച കേസിൽ, ദിവസങ്ങളായി വീട്ടുകാർ ഉന്നയിക്കുന്ന സംശയം എന്തുകൊണ്ട് പൊലീസ് നേരത്തെ ചെവിക്കൊണ്ടില്ലെന്ന ചോദ്യത്തിന് മറുപടി നൽകാൻ എഡിജിപി എംആർ അജിത് കുമാർ നല്ല പോലെ ബുദ്ധിമുട്ടി.പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും.
പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയത്തിലാക്കിയത്. കേസിൽ ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.ഗ്രീഷ്മയുടെ മാതാപിതാക്കളെയും അമ്മാവനെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.ഷാരോണിന്റെ കൊലപാതകം മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും.നെയ്യാറ്റിൻകര ഡിവൈഎസ്‌പി ഓഫിസിലാണ് മൊഴിയെടുക്കുന്നത്. അന്ധവിശ്വാസവും പൊലീസ് വീഴ്ചയും ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഷരോണിന്റെ കുടുംബം പറയുന്നത്.
അതേസമയം പാറശ്ശാലയിലെ ഷാരോൺ കൊലപാതക കേസിൽ പ്രതിയായ ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞ് തകർത്തത് എന്നാണ് വിവരം. പാറശ്ശാലയിലെ തമിഴ്‌നാട്ടിൽ പെട്ട പൂമ്പള്ളിക്കോണം എന്ന പ്രദേശത്തെ ഗ്രീഷ്മയുടെ വീടായ ശ്രീനിലയത്തിന് നേരെയാണ് ആക്രമണം നടന്നത്.
ഗ്രീഷ്മയുടെ മാതാപിതാക്കൾ ഇന്നലെ ഈ വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നില്ല. ഇവരെ പൊലീസ് രണ്ട് സ്റ്റേഷനുകളിലായി പാർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. അതേ സമയം വീടിന്റെ ഗേറ്റ് അകത്ത് നിന്നും പൂട്ടിയ നിലയിലാണ്. ഷരോണിന് ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകിയത് ശ്രീനിലയത്തിൽ വച്ചാണ്.
മറുനാടന് മലയാളി ബ്യൂറോ