- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപക തട്ടിപ്പ്: മൂന്നംഗസംഘം ഇതുവരെ തട്ടിയത് 90 ലക്ഷം; ബേക്കറി ഉടമയ്ക്ക് തോന്നിയ സംശയം വഴിത്തിരിവായപ്പോള്‍ കുടുങ്ങിയത് സംസ്ഥാനത്തിനകത്തും പുറത്തും തട്ടിപ്പ് നടത്തിയ സംഘം
ജിഎസ്ടി ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വ്യാപക തട്ടിപ്പ്

പത്തനംതിട്ട: ജിഎസ്ടി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വന്‍ തട്ടിപ്പ് നടത്തുന്ന സംഘത്തെ ജില്ലാ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോഴഞ്ചേരി മാലക്കര ബിജോ ഭവനില്‍ നിന്നും അടൂര്‍ എറത്ത് മണക്കാല ബെന്‍ ഏഥനില്‍ താമസിക്കുന്ന ബിജോ മാത്യു (35), തിരുവനന്തപുരം ചെറുവക്കല്‍ പേപ്പര്‍മില്‍ റോഡില്‍ ആര്‍ക്ക് ഓഫ് ഫേവര്‍ വീട്ടില്‍ നിന്നും ചെമ്പഴന്തി ജലജാ ലൈനില്‍ ശ്രീഹരി വീട്ടില്‍ താമസിക്കുന്ന ആര്‍.എ. ഇമ്മാനുവല്‍(42), തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ശ്രീമൂലം റോഡില്‍ കൊടാക്കേരില്‍ വീട്ടില്‍ നിന്നും കവടിയാര്‍ ഡേവിസ് കോട്ടേജില്‍ താമസിക്കുന്ന ഡെന്നിസ് ജേക്കബ് (51) എന്നിവരാണ് പിടിയിലായത്.
ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളില്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പിഴയും കുടിശികയും തവണകളാക്കി നല്‍കാമെന്നും കുറവ് ചെയ്തു നല്‍കാമെന്നും പറഞ്ഞു കേരളത്തിലുട നീളം തട്ടിപ്പ് നടത്തി വന്ന സംഘത്തെയാണ് ജില്ലാ പോലിസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ജിഎസ്ടി വകുപ്പില്‍ നിന്നും റെയ്ഡ് നടത്തിയതും ലൈസന്‍സ് റദ്ദായതുമായ സ്ഥാപനങ്ങളെക്കുറിച്ച് വിവരശേഖരണം നടത്തിയതിനു ശേഷം അവരുടെ സ്ഥാപനങ്ങളില്‍ യാദൃശ്ചികമായി എന്നതു പോലെ അഭിനയിച്ചാണ് പ്രതികള്‍ എത്തുക. ജിഎസ്ടി ഇന്റലിജന്‍സ് സ്‌ക്വാഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ് താനെന്നും ജിഎസ്ടി, ഇഡി, ഇന്‍കം ടാക്സ് എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ തനിക്കു സഹായിക്കാന്‍ സാധിക്കും എന്നും പറഞ്ഞു അവരുടെ വിശ്വാസം നേടുന്ന ബിജോ മാത്യു പിന്നീട് ജിഎസ്ടി ഇന്റലിജന്‍സിന്റെ ചാര്‍ജ് ഉള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് എന്ന് പറഞ്ഞ് ഇമ്മാനുവലിനെയും ജിഎസ്ടി കമ്മിഷണറായി ഡെന്നിസ് ജേക്കബിനെയും അവതരിപ്പിക്കും. തുടര്‍ന്ന് സ്ഥാപന ഉടമകളില്‍ നിന്നും പണം കൈക്കലാക്കുകയും ചെയ്യും.
ഇത്തരത്തില്‍ കോഴഞ്ചേരിയിലെ ഒരു ബേക്കറിയില്‍ എത്തിയപ്പോള്‍ ഉടമയ്ക്ക് സംശയം തോന്നി ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മിഷണറെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ തട്ടിപ്പ് സംഘത്തെപ്പറ്റി വിവരം ലഭിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെയും നേതാക്കളെയും പരിചയമുണ്ടെന്നു പറഞ്ഞും അവരോടോത്തുള്ള ചിത്രങ്ങള്‍ കാണിച്ചുമാണ് ആളുകളില്‍ വിശ്വാസം ജനിപ്പിക്കുന്നത്.
ഇത്തരത്തില്‍ ജില്ലയില്‍ മറ്റൊരു ബേക്കറി ഉടമയില്‍ നിന്നും 15 ലക്ഷം രൂപയും ആശുപത്രി ഉടമയില്‍ നിന്നും 17 ലക്ഷം രൂപയും ബേക്കറി -ക്വാറി ഉടമയില്‍ നിന്നും അഞ്ചു ലക്ഷവും ഫര്‍ണിച്ചര്‍ കട ഉടമയില്‍ നിന്നും ഏഴു ലക്ഷവും തട്ടി. കാഞ്ഞങ്ങാട്ടുള്ള കമ്പനിയില്‍നിന്നും 45 ലക്ഷവും സംഘം തട്ടിയെടുത്തിട്ടുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തുമായി സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇനിയും ആളുകളെ ഈ സംഘം , കബളിപ്പിച്ചതായി സംശയിക്കുന്നു. ബിജോ മാത്യുവിനെതിരേ 2018 ല്‍ ആള്‍മാറാട്ടം നടത്തി പണം തട്ടാന്‍ ശ്രമിച്ചതിനു ആറന്മുള പോലിസ് സ്റ്റേഷനിലും വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞു പണം തട്ടിച്ചതിനു അടൂര്‍ പോലിസ് സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് സബ് ഇന്‍സ്പെക്ടര്‍ കെ.ആര്‍.അരുണ്‍കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ എന്‍. സന്തോഷ്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍ റോബി ഐസക് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. കൂടുതല്‍ ആളുകള്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് പരിശോധിച്ചു വരുന്നു.


