കൊച്ചി: കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്നും കോടികള്‍ വായ്പ എടുത്തശേഷം മുങ്ങിയ മലയാളികള്‍ക്കെതിരെ കേരളത്തില്‍ അന്വേഷണം. കേസിന്റെ അന്വേഷണച്ചുമതല ദക്ഷിണമേഖലാ ഐജിക്ക് നല്‍കും. 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് സൂചന. ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്‍കിയാണ് വായ്പ എടുത്തത്. ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കേരളത്തില്‍ എത്തി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് പരാതി നല്‍കി. തുടര്‍ന്ന് എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ എട്ടെണ്ണവും എറണാകുളം റൂറല്‍ പൊലീസ് ജില്ലയിലാണ്. തട്ടിപ്പ് നടന്നത് കുവൈത്തിലാണെങ്കിലും വിദേശത്ത് തട്ടിപ്പ് നടത്തി മടങ്ങുന്നവര്‍ക്കെതിരെ ഇന്ത്യയില്‍ കേസെടുക്കാന്‍ നിയമപ്രകാരം കഴിയും. കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറി.

'ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്' എന്ന സ്ഥാപനത്തില്‍ നിന്നാണ് പണം തട്ടിയത്. പണം തട്ടിയവരില്‍ ഏറെയും നഴ്‌സുമാരാണ്. തട്ടിപ്പു നടത്തിയവരുടെ വിവരങ്ങള്‍ ബാങ്ക് അധികൃതര്‍ പൊലീസിനു കൈമാറി. മൂന്നു മാസം മുന്‍പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്. വായ്പ എടുത്തശേഷം കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസ്യത നേടിയശേഷമാണ് തട്ടിപ്പ് നടത്തുന്നത്. ആദ്യം ചെറിയ തുകകള്‍ വായ്പ എടുത്ത് കൃത്യമായി അടയ്ക്കും. പിന്നീട് വലിയ തുകകള്‍ വായ്പ എടുത്തശേഷം മുങ്ങും.

മലയാളികളെ മികച്ച ഇടപാടുകാരായാണ് കുവൈത്തിലെ ബാങ്കുകള്‍ കണ്ടിരുന്നത്. എന്നാല്‍, വ്യാപകമായി വായ്പ തിരിച്ചടവ് മുടങ്ങിയതോടെ മലയാളികള്‍ക്കുള്ള വിശ്വസ്തതയ്ക്കും കോട്ടം തട്ടിയിരിക്കുകയാണ്. 2015-മുതലാണ് മലയാളികള്‍ ഇത്തരത്തില്‍ വ്യാപകമായി വായ്പയെടുത്ത് തുടങ്ങിയത്. 2023-ഓടെയാണ് വന്‍തോതില്‍ കുടിശ്ശിക വന്നത്. എം.ഒ.എച്ച്. ജോലിക്ക് എത്തിയവര്‍ക്ക് വിവിധ ഏജന്‍സികള്‍ വായ്പ ലഭ്യമാക്കി നല്‍കാറുണ്ട്. നിശ്ചിത കാലപരിധിക്കുള്ളില്‍ ശമ്പളത്തില്‍നിന്ന് വായ്പ അടച്ചുതീര്‍ക്കുന്നതോടെ ഇവര്‍ക്ക് മികച്ച ക്രെഡിറ്റ് സ്‌കോര്‍ സ്വന്തമാകും. ഇതുപയോഗിച്ച് ഒരു കോടി രൂപ വരെയുള്ള വായ്പ തരപ്പെടുത്തിയ ശേഷം ജോലി അവസാനിപ്പിച്ച് മുങ്ങി. കുവൈത്ത് വിട്ട പലരും പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് താമസം മാറുകയും ചെയ്തു.

വായ്പ എടുത്തവരുടെ നാട്ടിലെ വിലാസം ബാങ്കിലുണ്ട്. ഈ വിലാസങ്ങള്‍ പൊലീസിനു കൈമാറി. വിപുലമായ അന്വേഷണം നടത്തും. വലിയ ഗൂഢാലോചന തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. കബളിപ്പിച്ചെന്ന് തിരിച്ചറിഞ്ഞ പത്തുപേര്‍ക്കെതിരെയാണ് നിലവില്‍ കേസ് എടുത്തിട്ടുള്ളത്. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി നേരത്തെ ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും കുവൈത്തിലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന മലയാളികളുമടക്കം തട്ടിപ്പ് നടത്തിയതായാണ് വിവരം. 2021 ഡിസംബര്‍ ഒമ്പതിനാണ് കോട്ടയം കുമരകം സ്വദേശി കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. 33777 കുവൈത്ത് ദിനാര്‍ വായ്പ എടുത്തിരുന്നു. എന്നാല്‍ പിന്നീട് വായ്പ തിരിച്ചടക്കാതെ പലിശയടക്കം 39566.390 കുവൈത്ത് ദിനാര്‍ ( ഒരു കോടി പത്ത് ലക്ഷത്തി എഴുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി എണ്‍പത്തി ഒന്‍പത് രൂപ ഇരുപത് പൈസ) ബാങ്കിനെ കബളിപ്പിച്ച് ഇന്ത്യയിലേക്ക് കടക്കുകയായിരുന്നുവെന്നാണ് പോലീസ് എഫ്ഐആറില്‍ വ്യക്തമാക്കുന്നത്.

ബാങ്കില്‍ നിന്ന് ചെറിയ വായ്പകള്‍ എടുത്താണ് തട്ടിപ്പ് ആരംഭിച്ചത്. ഈ തുക കൃത്യമായി അടച്ച് പിന്നീട് രണ്ട് കോടി രൂപ വരെ വലിയ വായ്പ എടുത്തു. പിന്നീട് ഇവര്‍ കേരളത്തിലേക്കും മറ്റ് വിദേശ രാജ്യങ്ങളിലേക്കും കുടിയേറുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് അന്വേഷണം ആരംഭിച്ചത്. അതേസമയം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് സൂചന. പിന്നില്‍ ഏജന്റുമാരുടെ ഇടപെടല്‍ ഉണ്ടോയെന്നും ബാങ്ക് അധികൃതര്‍ സംശയിക്കുന്നു. കുവൈറ്റില്‍ വന്‍ ശമ്പളത്തോടെ ജോലി ചെയ്തിരുന്നവര്‍ വരെ തട്ടിപ്പിന്റെ ഭാഗമായതായാണ് പറയുന്നത്. ആദ്യം ചെറിയ ലോണുകളെടുത്ത് കൃത്യമായി തിരിച്ചടച്ച ശേഷമാണ് ഇവര്‍ വലിയ ലോണുകള്‍ എടുത്തത്. അന്‍പത് ലക്ഷം മുതല്‍ രണ്ടു കോടി വരെ ലോണെടുത്ത ശേഷം വിദേശ രാജ്യങ്ങളിലേക്ക് കടക്കുകയായിരുന്നു. ഇംഗ്ലണ്ട്, കാനഡ, യു.എസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇവര്‍ കുടിയേറിയത്.

1425 മലയാളികളാണ് തട്ടിപ്പ് നടത്തിയത്. കുവൈറ്റിലെ മിനിസ്ട്രി ഓഫ് ഹെല്‍ത്തില്‍ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരും ഇതില്‍ ഉള്‍പ്പെടും. ആദ്യം തട്ടിപ്പ് നടത്തിയവര്‍ വഴി പഴുത് മനസിലാക്കി കൂടുതല്‍ മലയാളികള്‍ ബാങ്കിനെ പറ്റിച്ചുവെന്നാണ് കരുതുന്നത്. സംസ്ഥാന പൊലീസ് മേധാവിയായും എഡിജിപിയുമായും ബാങ്ക് അധികൃതര്‍ കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് നവംബര്‍ അഞ്ചിന് എഡിജിപി മനോജ് എബ്രഹാമിന് രേഖാമൂലം പരാതി നല്‍കി. പ്രതികളുടെ വിലാസമടക്കമാണ് പരാതി നല്‍കിയത്. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാര്‍ക്കെതിരെ കേസെടുക്കാന്‍ നിയമപരമായി സാധിക്കും.

ഗള്‍ഫ് ബാങ്ക് ഓഫ് കുവൈത്തിന്റെ 700 കോടി രൂപയിലധികം മലയാളികള്‍ വായ്പയായി തട്ടിയെന്നാണ് പരാതി. ഇപ്പോള്‍ കുവൈത്ത് ഗള്‍ഫ് ബാങ്ക് മാത്രമാണ് പരാതിയുമായി മുന്നോട്ടുവന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ബാങ്കുകള്‍ രംഗത്തു വന്നേക്കും. എറണാകുളം റൂറല്‍ പരിധിയില്‍ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും പുത്തന്‍കുരിശ്, കാലടി, കോടനാട്, ഊന്നുകല്‍, വരാപ്പുഴ, ഞാറയ്ക്കല്‍ എന്നിവിടങ്ങളില്‍ ഓരോ കേസുമുണ്ട്. കൊച്ചി സിറ്റിയില്‍ കളമശ്ശേരിയിലും കോട്ടയം ജില്ലയില്‍ കുമരകത്തും ഓരോ കേസുണ്ട്. ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ആളുകളും കുവൈത്ത് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് (എം.ഒ.എച്ച്.) ജീവനക്കാരാണ്. ഇതില്‍ ചിലര്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ. പലരും ഗള്‍ഫ് ജോലി അവസാനിപ്പിച്ച് യു.എസ്., കാനഡ, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നേടിയവരാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. എം.ഒ.എച്ചിലെ സാലറി സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് പലരും വായ്പയെടുത്തിരിക്കുന്നത്.

ഇന്ത്യന് പൗരന് വിദേശത്ത് കുറ്റകൃത്യത്തിലേര്‍പ്പെടുന്ന പക്ഷം ഇന്ത്യയിലെന്നതുപോലെ തന്നെ നിയമനടപടികള്‍ നേരിടണമെന്നു വ്യവസ്ഥയുള്ള വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് കേസുമായി മുന്നോട്ടുപോകുന്നതെന്ന് അഭിഭാഷകന്‍ തോമസ് ജെ. ആനക്കല്ലുങ്കല്‍ വ്യക്തമാക്കി.