തിരുവനന്തപുരം: കാട്ടാക്കടയിൽ മകളെ ശല്യപ്പെടുത്തുന്നത് വിലക്കിയതിന്റെ വൈരാഗ്യത്തിൽ രാത്രി വീട്ടിനുള്ളിലേക്ക് വിഷപ്പാമ്പിനെ എറിഞ്ഞ് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. മറ്റു രണ്ടു ക്രിമിനൽ കേസുകളിൽ പ്രതിയായ അമ്പലത്തിൻകാല എസ്.കെ.സദനത്തിൽ ഗുണ്ട റാവു എന്ന കിച്ചുവിനാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

തിരുവനന്തപുരം ജില്ലാ കോടതിയാണ് ഓഗസ്റ്റ് 7 മുതൽ ജയിലിൽ കഴിയുന്ന പ്രതിക്ക് ജാമ്യം നൽകിയത്. ഏക തൊണ്ടി മുതൽ പാമ്പിന്റെ വാൽക്കഷണം മാത്രമായതിനാലും പാമ്പ് വിഷമുള്ളതാണോ അല്ലാത്തതാണോയെന്ന ലാബ് റിപ്പോർട്ട് നാളിതുവരെ ലഭ്യമായില്ലെന്നത് കണക്കിലെടുത്തുമാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്ജി പി.വി.ബാലകൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതി ഗുരുതരമായ മറ്റു രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നത് ശരിയാണ്. എന്നാൽ പ്രതിക്കെതിരായ ആരോപണത്തിന്റെ സ്വഭാവവും പ്രതി കസ്റ്റഡിയിൽ കഴിഞ്ഞ കാലാവധിയുമുൾപ്പെടെ മറ്റെല്ലാ വസ്തുതകളും പരിഗണിക്കുമ്പോൾ പ്രതിയുടെ തുടർ കസ്റ്റഡി ആവശ്യമില്ലെന്നും കർശന വ്യവസ്ഥയിൽ പ്രതിക്ക് ജാമ്യം നൽകാവുന്നതാണെന്നും ജാമ്യ ഉത്തരവിൽ കോടതി വ്യക്തമാക്കി.

അമ്പതിനായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും കാട്ടാക്കട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കണം. എല്ലാ ചൊവ്വാഴ്ചയും രാവിലെ 10 നും 1 മണിക്കും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ മൂന്നു മാസത്തേക്കോ പൊലീസ് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യും വരെയോ ഏതാണോ ആദ്യം സംഭവിക്കുന്നത് അത് വരെ ഹാജരായി ഒപ്പിടണം. ഇര താമസിക്കുന്ന കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ ജാമ്യ ഉത്തരവ് പാലിക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്നതിനല്ലാതെ പ്രവേശിക്കരുത്. സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ തെളിവ് നശിപ്പിക്കാനോ മറ്റു കുറ്റകൃത്യങ്ങൾ ചെയ്യാനോ പാടില്ല. എന്നിവയാണ് ജാമ്യ വ്യവസ്ഥകൾ.

വീടിനുള്ളിൽ വീണ പാമ്പിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും മുറിഞ്ഞുപോയി. മുറിഞ്ഞ വാലിന്റെ ഭാഗം അവശേഷിപ്പിച്ച് പാമ്പ് രക്ഷപ്പെട്ടു. കിട്ടിയ തൊണ്ടിമുതലായ വാൽക്കഷണം പരിശോധനക്കയച്ചതിൽ പാമ്പ് വിഷമുള്ളതാണോ വിഷമില്ലാത്തതാണോയെന്ന ലാബ് റിപ്പോർട്ട് നാളിതുവരെ ലഭ്യമായില്ലെന്ന് കാട്ടാക്കട പൊലീസ് ജില്ലാ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. കാട്ടാക്കട അമ്ബലത്തിൻകാല സ്വദേശി രാജേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കയറി ജനലിലൂടെ രാജേന്ദ്രന്റെ ദേഹത്ത് പാമ്പിനെ എറിയുകയായിരുന്നു.

ഓഗസ്റ്റ് 7 തിങ്കളാഴ്ച പുലർച്ച 2.45 മണിയോടെയായിരുന്നു സംഭവം. രാജേന്ദ്രന്റെ വീട്ടിൽ അതിക്രമിച്ചു കടന്ന് ചെന്ന് വീട്ടിലെ മുറിക്കുള്ളിൽ രാജേന്ദ്രൻ ഉറങ്ങിക്കിടക്കവേ രാജേന്ദ്രന്റെ ദേഹത്തേക്ക് പാമ്പിനെ എറിഞ്ഞശേഷം ഇയാൾ കടന്നു കളയുകയായിരുന്നുവെന്നാണ് കേസ്. വീടിന് പുറത്ത് അസ്വാഭാവിക ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് കിച്ചു പാമ്പിനെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടത്. വീടിനുള്ളിൽ വീണ പാമ്പിനെ അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും മുറിഞ്ഞുപോയി. മുറിഞ്ഞ വാലിന്റെ ഭാഗം അവശേഷിപ്പിച്ച് പാമ്പ് രക്ഷപ്പെട്ടു. തുടർന്ന് രാജേന്ദ്രൻ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

കിച്ചുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മുൻ വൈരാഗ്യത്തെതുടർന്നാണ് കടുംകൈ ചെയ്തതെന്ന് സമ്മതിച്ചത്. കൊലപാതക ശ്രമത്തിന് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.പ്രതി ലഹരിക്കടിമയാണെന്നാണ് പൊലീസ് ഭാഷ്യം. കൊല്ലം അഞ്ചൽ സ്വദേശിയായ ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.