ന്യൂഡല്‍ഹി: ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്‌ലാറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി ദ്വാരകയില്‍ താമസിക്കുന്ന അസം സ്വദേശിയായ സ്നേഹ നാഥ് ചൗധരി(21)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രാജി(24)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളും അസം സ്വദേശിയാണെന്നും ഇരുവരും പരിചയമുള്ളവരാണെന്നും പോലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തുമ്പോള്‍ ഇവര്‍ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഫോണ്‍ സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ദ്വാരകയിലെ ഫ്‌ലാറ്റിലെത്തിയത്. വാക്കു തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. ദ്വാരകയിലെ പൊച്ചാന്‍പുര്‍ കോളനിയിലെ ഫ്ളാറ്റില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം.

ഫ്ളാറ്റിനുള്ളില്‍ കൊലപാതകശ്രമം നടന്നിട്ടുണ്ടെന്ന വിവരമറിഞ്ഞാണ് പോലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് ഫ്ളാറ്റിനകത്ത് പ്രവേശിച്ചപ്പോള്‍ ചോരയില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്നനിലയിലാണ് സ്നേഹയെ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ പ്രതി രാജും ഇവിടെയുണ്ടായിരുന്നു. ഉടന്‍തന്നെ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണംസംഭവിച്ചിരുന്നു.

കൊല്ലപ്പെട്ട യുവതിയും പ്രതിയും നേരത്തെ പരിചയമുള്ളവരാണ്. ഇരുവര്‍ക്കുമിടയില്‍ എന്തോ തര്‍ക്കം നിലനിന്നിരുന്നതായാണ് വിവരം. ശനിയാഴ്ച വൈകിട്ട് കത്തിയുമായി ഫ്ളാറ്റിലെത്തിയ പ്രതി യുവതിയെ ആക്രമിക്കുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടെ പ്രതിക്കും കൈയ്ക്ക് പരിക്കേറ്റു. ഇതിനുപിന്നാലെയാണ് പ്രതി യുവതിയെ വീണ്ടും കുത്തിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പോലീസിന്റെ അന്വേഷണം തുടരുകയാണ്.