- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജെഡിഎസ് എംഎൽഎ എച്ച് ഡി രേവണ്ണ പൊലീസ് കസ്റ്റഡിയിൽ
ബെംഗളൂരു: കിഡ്‌നാപ്പിങ് കേസിൽ ജനതാദൾ സെക്കുലർ നേതാവും എംഎൽഎയുമായ എച് ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പീഡനത്തിന് ഇരയായ സ്ത്രീയുടെ മകൻ നൽകിയ പരാതിയിലാണ് നടപടി.
അതിജീവിത, എച് ഡി രേവണ്ണയുടെ വസതിയിൽ വീട്ടുജോലിക്കാരിയായി ആറ് വർഷത്തോളം ജോലി ചെയ്തിരുന്നു. പിന്നീട് ഇവർ ഗ്രാമത്തിലേക്ക് മടങ്ങി ദിവസ വേതനത്തിന് ജോലി ചെയ്ത് വരികയായിരുന്നു. എംപിയും, ഹാസനിലെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണ ഈ സ്ത്രീയെ പീഡിപ്പിക്കുന്ന വീഡിയോ പരാതിക്കാരൻ കണ്ടെത്തിയിരുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് യുവാവിന്റെ അമ്മയെ കാണാതായത്. തുടർന്ന് എച് ഡി രേവണ്ണയ്ക്കും ബാബണ്ണയ്ക്കും എതിരെ തട്ടിക്കൊണ്ടുപോകലിന് കേസ് നൽകി.
ഏപ്രിൽ 26 നാണ് രേവണ്ണയുടെ അടുത്ത അനുയായിയായ സതീഷ് തന്റെ അമ്മയെ കൂട്ടിക്കൊണ്ടുപോയതെന്ന് മകൻ പരാതിയിൽ ആരോപിച്ചിരുന്നു. അന്നുതന്നെ അമ്മയെ മടക്കിയെത്തിച്ചെങ്കിലും, ഏപ്രിൽ 29 ന് വീണ്ടും രേവണ്ണയുടെ കൂട്ടാളി വിളിച്ചുകൊണ്ടുപോയി. അതിനുശേഷം ഒരുവിവരവുമില്ല. അറസ്റ്റിൽ നിന്ന് സംരക്ഷണം തേടി രേവണ്ണ കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇതിന് പിന്നാലെയാണ് എച് ഡി ദേവഗൗഡയുടെ വസതിയിൽ നിന്ന് എച് ഡി രേവണ്ണയെ പിടികൂടിയത്. രാജ്യം വിടുന്നത് തടയാൻ പിതാവ് എച്ച്ഡി രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
അതേ സമയം, ലൈംഗികപീഡനത്തിനും അശ്ലീല വീഡിയോകൾ നിർമ്മിച്ചതിനും അന്വേഷണം നേരിടുന്ന പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ സാധ്യത. ഇതിനായി സിബിഐ അനുമതി തേടിയേക്കുമെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി ലൈംഗിക പീഡന പരാതികൾ ഉയർന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് പറന്നിരുന്നു. മുൻ പ്രധാനമന്ത്രിയും ജെഡി(എസ്) അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിൽ നിന്നുള്ള പാർട്ടി എംപിയുമായ 33-കാരനായ പ്രജ്വൽ രേവണ്ണ 400-ലേറെ സ്ത്രീകളെ പീഡിപ്പിക്കുകയും മൂവായിരത്തിലേറെ അശ്ലീല വീഡിയോകൾ നിർമ്മിക്കുകയും ചെയ്തിരുന്നു.
അതിനിടെ പ്രജ്വൽ രേവണ്ണക്കെതിരെ പീഡന പരാതിയുമായി കൂടുതൽ പേർ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ പ്രവർത്തകയായ യുവതിയാണ് പുതിയ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തന്നെയും ഭർത്താവിനെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയശേഷം തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് നാൽപ്പത്തിനാലുകാരിയായ മുൻ പഞ്ചായത്ത് അംഗത്തിന്റെ പരാതി. തന്നെയും ഭർത്താവിനെയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്തതെന്ന് മെയ് ഒന്നിന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്(സിഐഡി) നൽകിയ പരാതിയിൽ യുവതി പറയുന്നു. പ്രജ്വലിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ബലാൽസംഗം ചുമത്തിയ ആദ്യ പരാതിയാണിത്.
വീട്ടിലെ മുൻ ജീവനക്കാരിയുടെ പരാതിയിൽ പ്രജ്വലിനും പിതാവ് എച്ച് ഡി രേവണ്ണയ്ക്കുമെതിരെ ലൈംഗികാതിക്രമം, വേട്ടയാടൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവ ചുമത്തി ഹോളനരിസ്പുര ടൗൺ പൊലീസ് ഏപ്രിൽ 28ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.
എംഎൽഎമാർക്കും എംപിമാർക്കുമൊപ്പം ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിച്ച രാഷ്ട്രീയപ്രവർത്തകയായിരുന്നുവെന്ന് പ്രജ്വലിനെതിരെ ഇപ്പോൾ പരാതി നൽകിയ യുവതി പൊലീസിനോട് പറഞ്ഞു. കോളേജ് വിദ്യാർത്ഥികൾക്കു ഹോസ്റ്റൽ സീറ്റ് ലഭിക്കുന്നതിനായി 2021-ൽ പ്രജ്വലിന്റെ ഹാസനിലുള്ള എംപി ക്വാർട്ടേഴ്സിൽ പോയിരുന്നുവെന്നും ഈ സമയത്താണ് പീഡനത്തിനിരയായതെന്നും യുവതി പരാതിയിൽ പറയുന്നു..
'ക്വാർട്ടേഴ്സിന്റെ താഴത്തെ നിലയിലെ ഹാളിൽ നിരവധി ആളുകളുണ്ടായിരുന്നു. സന്ദർശകരുമായി പ്രജ്വൽ ഒന്നാം നിലയിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ച് ജീവനക്കാർ തന്നെ അങ്ങോട്ടേക്ക് അയച്ചു. മറ്റു സന്ദർശകരെ പറഞ്ഞുവിട്ടശേഷം പ്രജ്വൽ തന്നെ കിടപ്പുമുറിയിലേക്കു കൊണ്ടുപോയി വാതിൽ അടച്ചു. ഇതിനെ താൻ എതിർത്തു. എന്നാൽ മുറിക്കുള്ളിൽ നിൽക്കുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് വിശ്വസിപ്പിച്ചു. തുടർന്ന്, തന്റെ ഭർത്താവ് കാരണമാണ് പ്രജ്വലിന്റെ അമ്മയ്ക്കു നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാതിരുന്നതെന്നു അദ്ദേഹം പറഞ്ഞു. ആവശ്യമുള്ള കാര്യങ്ങൾ സംസാരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭർത്താവിനോട് പറയാൻ തന്നോട് ആവശ്യപ്പെട്ടു," യുവതി പരാതിയിൽ പറയുന്നു.
തുടർന്ന്, ഭർത്താവിന് രാഷ്ട്രീയമായി ഉയരണമെങ്കിൽ ശാരീരിക ആവശ്യങ്ങൾക്ക് വഴങ്ങാൻ പ്രജ്വൽ തന്നോട് ആവശ്യപ്പെട്ടുവെന്നും നിരസിച്ചപ്പോൾ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു. തന്റെ കൈവശം തോക്കുണ്ടെന്നും തന്നെയും ഭർത്താവിനെയും വെറുതെ വിടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ശേഷം പ്രജ്വൽ തന്നെ ബലാത്സംഗം ചെയ്തു. ഇത് അദ്ദേഹം ഫോണിൽ പകർത്തുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പലവതവണ ലൈംഗികബന്ധത്തിന് തന്നെ നിർബന്ധിച്ചുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഭർത്താവിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ബലാൽസംഗം ചെയ്യുകയും പലതരത്തിലുള്ള വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു.
ഒരേ സ്ത്രീയെ നിരന്തരമായി ബലാൽസംഗം ചെയ്തതിന് ഐപിസിയിലെ 376(2)(എൻ), ലൈംഗിക അതിക്രമത്തിന് 354 എ (1), ക്രിമിനൽ പലപ്രയോഗത്തിന് 354 ബി, ലൈംഗികത രഹസ്യമായി നിരീക്ഷിച്ച് ആനന്ദം കണ്ടെത്തലിന് 354 സി എന്നിവ ചുമത്തിയാണ് യുവതിയുടെ പരാതിയിൽ പ്രജ്വലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നിരവധി പേരെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ വീഡിയോ പുറത്തായതിന് പിന്നാലെ അന്വേഷണം തുടങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട്, രേവണ്ണയ്‌ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 700 ഓളം പൗരന്മാർ ദേശീയ വനിതാ കമ്മീഷന് (എൻസിഡബ്ല്യു) കത്തെഴുതി.