- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറബിക്കടലിനെ ലഹരിക്കടത്തിലൂടെ നിയന്ത്രിക്കുന്നത് ദാവൂദിന്റെ പ്രധാന ശിഷ്യൻ; മലയാള സിനിമയിലെ ലഹരി ഉപയോഗവും ഞെട്ടിക്കുന്നത്; കൊച്ചിയിൽ മാഫിയാ കണ്ണികൾ സജീവം; കേരളത്തിലെ 'മയക്കുവല' പൊട്ടിക്കാൻ സംയുക്ത ഇന്റലിജൻസ് നെറ്റ് വർക്കുമായി അമിത് ഷാ; മയക്കുമരുന്നിൽ ഇനി സർജിക്കൽ സ്ട്രൈക്കുകൾക്കും സാധ്യത; ഹാജി സലിം നെറ്റ് വർക്ക് ഭീഷണിയാകുമ്പോൾ
കൊച്ചി: കൊച്ചിയിലേക്ക് കൂടുതൽ ശക്തിയോടെ എത്തുകയാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിലുള്ള സംയുക്ത ഇന്റലിജൻസ് നെറ്റ്‌വർക്. സിനിമാക്കാർക്കിടയിലും മറ്റും ലഹരി സജീവമാകുന്ന സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസി കൂടുതൽ ശക്തമാക്കുന്നത്. ദക്ഷിണേന്ത്യയിൽ എൻസിബിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കൊച്ചി കേന്ദ്രീകരിച്ച് പ്രത്യേക ഇന്റലിജൻസ് വിങ് രൂപീകരിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. കേരളത്തിലെ വിഘടന വാദികളെ ഇല്ലായ്മ ചെയ്യാൻ ലഹരിയേയും നിയന്ത്രിക്കണമെന്ന തിരിച്ചറിവിലാണ് ഇത്.
വിദേശ പരിശീലനം ലഭിച്ച 10 ഉദ്യോഗസ്ഥരെ ഇതിനായി കൊച്ചിയിലേക്കു നിയോഗിക്കും. നേവൽ ഇന്റലിജൻസിന്റെ സഹകരണവും ഇവർക്കു ലഭിക്കും. രഹസ്യാന്വേഷണ വിഭാഗം എത്തുന്നതോടെ കൊച്ചിയിലെ പാർട്ടികൾ അടക്കം നിരീക്ഷണത്തിലാക്കും. അപ്രതീക്ഷിത റെയ്ഡുകളും നടത്തും. നിലവിൽ കിട്ടുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എൻസിബി ഇടപെടലുകൾ കേരളത്തിൽ നടക്കുന്നത്. ഇതിന് അപ്പുറത്തേക്ക് ലഹരി മാഫിക്കുള്ളിലേക്ക് നുഴഞ്ഞു കയറാനാണ് തീരുമാനം. സർജിക്കൽ സ്‌ട്രൈക്കുകളിലൂടെ ലഹരി മാഫിയയെ തകർക്കാനാകും ശ്രമിക്കുക. ഇതിന് വേണ്ടിയാണ് നിരീക്ഷണവും രഹസ്യ വിവരം തേടലും സജീവമാക്കുന്നത്.
അതിനിടെ രാജ്യത്തിന്റെ സമുദ്രതീരത്തു ലഹരിമരുന്നു കടത്ത് അടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നു നാവിക സേന മുന്നറിയിപ്പു നൽകി. ഇന്ത്യൻ മഹാസമുദ്രത്തിലെ സഖ്യരാജ്യങ്ങളിലേക്കും ലഹരി കടന്നുപോകുന്നതു രാജ്യത്തിന്റെ സമുദ്രതീരം വഴിയായതിനാൽ കടത്ത് തടയാൻ പ്രത്യേക ശ്രദ്ധ നൽകും. ഭീകരപ്രവർത്തനം അടക്കമുള്ള അനുബന്ധ കുറ്റകൃത്യങ്ങൾ തടയാൻ ലഹരിമരുന്നു വ്യാപാരത്തിന്റെ കണ്ണികൾ പൊട്ടിക്കും. സേനാവിഭാഗങ്ങളും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ചേർന്നുള്ള സംഘടിത ലഹരിമരുന്നു വേട്ട വിജയിപ്പിക്കാൻ നാവികസേന പ്രതിജ്ഞാബദ്ധമാണെന്നും സേന വ്യക്തമാക്കിയിട്ടുണ്ട്. പാക് ഭീകര പ്രവർത്തകരുടെ താവളമായി അറബിക്കടലിനെ മാറ്റില്ലെന്ന് കൂടി വ്യക്തമാക്കുകയാണ് നേവി.
രാജ്യാതിർത്തി ലംഘിച്ചുള്ള ലഹരി കടത്ത് തടയാൻ പ്രവർത്തിക്കുന്നത് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ മേൽനോട്ടത്തിലുള്ള സംയുക്ത ഇന്റലിജൻസ് നെറ്റ്‌വർക്. രാജ്യത്തെ മുൻനിര രഹസ്യാന്വേഷണ ഏജൻസികളുടെ കൂട്ടായ്മ രൂപവൽക്കരിച്ചത് 6 മാസം മുൻപാണ്. ഇതിനു ശേഷം എൻസിബി നടത്തിയ പത്താമത്തെ വൻകിട ലഹരിവേട്ടയിലാണു കൊച്ചി തീരക്കടലിൽ ഇറാൻ ബോട്ടിൽ നിന്ന് 200 കിലോ ലഹരി പിടിച്ചത്. കേന്ദ്ര നർകോട്ടിക് കൺട്രോൾ ബ്യൂറോയ്ക്കാണ് (എൻസിബി) പ്രോസിക്യൂഷൻ നടപടികളുടെ ചുമതല. കൊച്ചി തീരം പാക്കിസ്ഥാൻ മാഫിയയുടെ കേന്ദ്രമാണ്. ശ്രീലങ്കയിലേക്ക് മയക്കു മരുന്ന് ഒഴുകുന്നു. അതുകൊച്ചി വഴി രാജ്യത്തും എത്തുന്നു. തീവ്രവാദ പ്രവർത്തനത്തിന് പണം കണ്ടെത്തുകയാണ് ലക്ഷ്യം.
കേരളതീരം വഴിയുള്ള ലഹരി കടത്തു പിടികൂടാനുള്ള കർമപദ്ധതി എൻസിബി തയാറാക്കിയിട്ടുണ്ട്. കൊച്ചിയിലെത്തിയ എൻസിബി ഡപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ സിങ്, ചെന്നൈ മേഖലാ ഡയറക്ടർ പി.അരവിന്ദൻ, നാവിക സേനാ ലഫ്.കമാൻഡർ പി.എസ്.സജിൻ എന്നിവർ അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഇറാൻ ബോട്ടിൽ കണ്ടെത്തിയ 200 ലഹരി പാക്കറ്റുകളുടെ പുറത്തു കണ്ട 'തേൾ' 'വ്യാളി' മുദ്രകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു പ്രാഥമിക നിഗമനം. മെക്‌സിക്കൻ ലഹരി സംഘങ്ങൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്ന രാസലഹരി ബ്രാൻഡുകളാണ് സ്‌കോർപിയോ, ഡ്രാഗൺ എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ലാറ്റിനമേരിക്കൻ ലഹരിമരുന്നെന്നു തെറ്റിദ്ധരിപ്പിച്ചു കൂടുതൽ പണം ഈടാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കടൽവഴിയുള്ള ലഹരി കടത്ത് സുരക്ഷിതമാക്കാൻ ലാറ്റിനമേരിക്കൻ സംഘങ്ങൾ ഉപയോഗിക്കുന്ന വെള്ളം കയറാത്ത 7 പാളിയുള്ള പ്ലാസ്റ്റിക് കവറുകൾ അഫ്ഗാനിസ്ഥാനിലെത്തിച്ച് അതിൽ പ്രാദേശികമായി നിർമ്മിച്ച ലഹരിമരുന്നുകൾ നിറച്ചിരിക്കാനും സാധ്യതയുണ്ട്. കടലിൽ റെയ്ഡുകളുണ്ടാകുമ്പോൾ ബോട്ടിലുള്ള മയക്കുമരുന്നുകൾ കടലിലേക്ക് എറിയും. അങ്ങനെ എറിഞ്ഞാലും നശിക്കാതിരിക്കാനാണ് പ്ലാസ്റ്റിക് കവറുകളുടെ സുരക്ഷ. ഇതെല്ലാം എൻസിബിയും മനസ്സിലാക്കുന്നുണ്ട്. പാക്കിസ്ഥാനിലെ ഹാജി സലിം നെറ്റ്‌വർക്കാണ് ലഹരികടത്തിനു പിന്നിലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അൽഖ്വയ്ദയും ഐസിസും ലഷ്‌കറുമായി അടുത്ത ബന്ധം ഹാജി സലിമിനുണ്ട്. തമിഴ് പുലികളെ ഉപയോഗിച്ചും കടത്തു നടത്തുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയാണ് ഹാജി സലിം.
1200 കോടി രൂപ വിലമതിക്കുന്ന 200 കിലോഗ്രാം ലഹരി മരുന്നു പിടികൂടിയ കേസിൽ അറസ്റ്റിലായ 6 ഇറാൻ സ്വദേശികളെ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ലഹരിപദാർഥ നിരോധന നിയമപ്രകാരമുള്ള (എൻഡിപിഎസ്) കുറ്റങ്ങളാണു നർകോട്ടിക് കൺട്രോൾ ബ്യൂറോ പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
മറുനാടന് മലയാളി ബ്യൂറോ