തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിന്റെ ഡയറക്ടറായ ഡോ.എ.എസ്.പ്രതീഷിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. സർവകലാശാല മലയാള വിഭാഗത്തിൽ അസി. പ്രൊഫസറുമാണ് പ്രതീഷ്. ഒന്നാം വർഷ എം എ മലയാളം വിദ്യാർത്ഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഓണാഘോഷത്തിനിടെ, അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.

ക്യാമ്പസ് ഡയറക്ടറുടെ ചുമതല മലയാളം വിഭാഗം പ്രൊഫസറായ ഡോ. പ്രിയ എസിന് നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഡോ.എ.എസ്.പ്രതീഷ് കാമ്പസിൽ പ്രവേശിക്കുന്നതോ, പരാതിക്കാരിയുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കത്തിന് ശ്രമിക്കുന്നതോ, വിസി കർശനമായി വിലക്കിയിരിക്കുകയാണ്.

ഡോ.എ.എസ്.പ്രതീഷിന് എതിരെ ഔദ്യോഗിക പരാതി വന്നതോടെ കൂടുതൽ പേർ മുൻ ഡയറക്ടറുടെ മോശം പെരുമാറ്റത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തുന്നുണ്ട്.

ഒരുവിദ്യാർത്ഥിനിയുടെ കുറിപ്പ് ഇങ്ങനെ:

'കോവിഡ് ബാച്ച് ആയതിനാൽ ഓൺലൈൻ ക്ലാസുകൾ ആയിരുന്നു കൂടുതലും. ഓഫ്ലൈൻ ക്ലാസുകൾ ആരംഭിച്ചതിനു ശേഷം ഒറ്റത്തവണ ഡോ. എ. എസ്. പ്രതീഷിന്റെ ഓഫ്ലൈൻ ക്ലാസ്സിൽ ഇരിക്കേണ്ടതായി വന്നു. അത് തന്നെ പകുതിയായപ്പോൾ ഇറങ്ങിപോകുകയും ചെയ്തു. ഒട്ടും തന്നെ അക്കാദമിക്‌സുമായി ബന്ധമില്ലാത്ത കാര്യങ്ങൾ പറഞ്ഞു തുടങ്ങിയ ആ ക്ലാസ്സ് (?) ഞാൻ ഇരുന്നിടത്തോളം ഭാഗവും മുന്നോട്ട് പോയത് വളരെ അസഹനീയവും സ്ത്രീവിരുദ്ധവുമായ പരാമർശങ്ങളിലൂടെ ആയിരുന്നു. 'നിങ്ങളിൽ എത്രപേർ കന്യകമാരാണ്?' എന്ന് ഭൂരിപക്ഷം വരുന്ന വിദ്യാർത്ഥിനികളോട് ഡോ. എ. എസ്. പ്രതീഷ് ആവർത്തിച്ചു ചോദിക്കുകയും കന്യകമാർ ആയവർ കൈപൊക്കാൻ ആവശ്യപ്പെടുകയും ചെയ്ത അവസരത്തിലാണ് ഞാൻ എതിർപ്പ് പ്രകടിപ്പിക്കുകയും ഇറങ്ങിപ്പോകുകയും ചെയ്തത്. ആ ക്ലാസ്സ് ബഹിഷ്‌കരിച്ച് ഇറങ്ങിയ എന്റെ സുഹൃത്ത് ഏറെ നേരം അതിനു ശേഷവും വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

തുടർന്ന്, ഞങ്ങൾ വിദ്യാർത്ഥികൾ സംയുക്തമായി ഈ വിവരം ഡിപ്പാർട്‌മെന്റിനെ അറിയിച്ചു. ഡിപ്പാർട്‌മെന്റിനെ കൂടുതൽ വിവാദങ്ങളിൽ പെടുത്തരുത് എന്നായിരുന്നു വകുപ്പദ്ധ്യക്ഷയുടെ ഭാഗത്തു നിന്നുണ്ടായ മറുപടി. തക്കതായ നടപടി ഈ വിഷയത്തിൽ സ്വീകരിക്കും എന്നും എച്ച്ഒഡിയും ഡിപ്പാർട്‌മെന്റിലെ മറ്റു അദ്ധ്യാപകരും ഉറപ്പ് തരികയും ചെയ്തു. ഡിപ്പാർട്‌മെന്റിനെ മുഖവിലയ്ക്ക് എടുക്കുകയാണ് അപ്പോൾ ഞങ്ങൾ വിദ്യാർത്ഥികൾ ചെയ്തത്. എന്നാൽ, ആ വാക്ക് പാലിക്കപ്പെട്ടില്ല.

കോവിഡ് രൂക്ഷമായതിനെ തുടർന്ന് ഞങ്ങൾ വീണ്ടും വീടുകളിലായി. വീട്ടിലായിരിക്കുന്ന ഒരു ദിവസം ഈ കേസിന്റെ തുടർ നടപടികളെ കുറിച്ചറിയാൻ വിളിച്ച എന്നോട് വുമൺ സെല്ലിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപികയും വകുപ്പദ്ധ്യക്ഷയും വളരെ നിഷേധാത്മകമായാണ് സംസാരിച്ചത്. ഇതേ തുടർന്ന് ഞങ്ങൾ വിദ്യാർത്ഥികൾ ഇരുപത് പേരും അവരവരുടെ വീടുകളിൽ ഇരുന്ന് പരാതി എഴുതി വകുപ്പദ്ധ്യക്ഷയ്ക്കും രജിസ്ട്രാർക്കും പ്രൊ വൈസ് ചാൻസിലർക്കും വൈസ് ചാൻസിലർക്കും മെയിൽ ചെയ്തു. (പരാതിയുടെ കോപ്പി ഇതിനൊപ്പം കൊടുക്കുന്നു.) ഇതിനു വകുപ്പദ്ധ്യക്ഷയുടെ ഭാഗത്തു നിന്ന് മറുപടി ഇമെയിൽ വഴി തന്നെ ലഭിച്ചു. (ഇതും ചുവടെ ചേർക്കുന്നു.) ഡോ. എ. എസ്. പ്രതീഷ് ഡിപ്പാർട്‌മെന്റ് മീറ്റിങ്ങിൽ (അദ്ധ്യാപകരുടെ) മാപ്പ് പറഞ്ഞിരുന്നു എന്നും തുടർ നടപടികൾ ഉണ്ടാകും എന്നും ആണ് വകുപ്പദ്ധ്യക്ഷ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, എന്ത് തുടർനടപടിയാണ് സ്വീകരിച്ചത് എന്ന് ഡിപ്പാർട്‌മെന്റോ യൂണിവേഴ്‌സിറ്റിയോ ഇതുവരെ ഞങ്ങളെ അറിയിച്ചിട്ടില്ല.

ഡോ. എ. എസ്. പ്രതീഷിന് തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് 'on academic interest' ൽ സ്ഥലം മാറ്റം ആയി എന്ന് പിന്നീട് അറിഞ്ഞു!

പഠിപ്പിച്ച എല്ലായിടത്തും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുള്ള ആളാണ് ഡോ. എ. എസ്. പ്രതീഷ് എന്നും പിന്നീട് അറിഞ്ഞു. ആൺകുട്ടികൾ നിക്കർ ഇട്ടു ക്ലാസ്സിൽ ഇരിക്കുന്നത് 'അദ്ദേഹ'ത്തിന് അസ്വസ്ഥത ആണത്രേ.

അക്കാദമികയോ അല്ലാതെയോ യാതൊരു ബോധവും ഇല്ലാത്ത ഇമ്മാതിരി മാലിന്യങ്ങളെ ഇവിടുത്തെ സാധാരണക്കാരായ വിദ്യാർത്ഥികൾ എന്തിന് സഹിക്കണം എന്നതിന് ഇവിടുത്തെ പ്രബുദ്ധ നവോത്ഥാന അദ്ധ്യാപക-ഉദ്യോഗസ്ഥ അക്കാദമിക് സമൂഹം ഇനിയെങ്കിലും മറുപടി പറഞ്ഞേ പറ്റൂ.

ഡോ. എ. എസ്. പ്രതീഷിനെ പിരിച്ചുവിടുക.