- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെ എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് എഫ്ഐആർ
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണി തുടങ്ങും മുമ്പ് ബോംബ് രാഷ്ട്രീയം പുറത്തെടുത്തു സിപിഎം. തെരഞ്ഞെടുപ്പുകാലത്ത് പാനൂരിൽ പൊട്ടിയ ബോംബിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണങ്ങളെന്ന പ്രതിപക്ഷ വിമർശനങ്ങളെ ശരിവെക്കുന്ന വിധത്തിലാണ് ആർഎംപി നേതാവിനെതിരായ ആക്രമണവും സൂചിപ്പിക്കുന്നത്. വീട് ആക്രമിച്ചതിന് പിന്നിൽ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് പൊലീസും വ്യക്തമാക്കുന്നത്.
കെ.എസ്. ഹരിഹരന്റെ വീടിന് നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് പൊലീസ് എഫ്‌ഐആറിൽ വ്യക്തമാക്കി. കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ആക്രമണത്തിന്റെ ലക്ഷ്യമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് കണ്ടാൽ അറിയാവുന്ന മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. പുലർച്ചെ ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
മാരകമായ സ്‌ഫോടക വസ്തുക്കളല്ല ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, നിരോധിത സ്ഫോടക വസ്തു ഉപയോഗിച്ചാണ് അക്രമം. രാഷ്ട്രീയവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും എഫ്.ഐ.ആറിൽ പറയുന്നു. വിശദ പരിശോധനക്ക് സാംപിൾ അയച്ചു. വീടിന്റെ ഗേറ്റിനു സമീപം സ്ഫോടക വസ്തു വെച്ച് പൊട്ടിക്കുകയായിരുന്നു. അസഭ്യം വിളിച്ചത് കാറിൽ വന്ന ആളുകളാണെന്നും എഫ്.ഐ.ആർ സൂചിപ്പിക്കുന്നു. തേഞ്ഞിപ്പലം പൊലീസാണ് കേസ് അന്വേഷണിക്കുന്നത്.
അതിനിടെ കാറിൽ എത്തിയ സംഘം അസഭ്യം പറഞ്ഞ കേസിൽ, പ്രതികൾ എത്തിയ കാർ തിരിച്ചറിഞ്ഞു. കെ.എൽ. 18 എൻ 7009 നമ്പറിലുള്ള കാറിലാണ് സംഘമെത്തിയതെന്നാണ് എഫ്.ഐ.ആറിലുള്ളത്. കാറിലുണ്ടായിരുന്ന അഞ്ചുപേരെ തിരിച്ചറിഞ്ഞിട്ടില്ല. അതിനിടെ ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ. പ്രവർത്തകരാണെന്ന ആരോപണം സംസ്ഥാന പ്രസിഡന്റ് വി. വസീഫ് നിഷേധിച്ചു. ഹരിഹരന്റെ വീട് ആക്രമിച്ചതിൽ ഡിവൈഎഫ്ഐക്ക് പങ്കില്ല. അങ്ങനൊരാളുടെ വീട് ആക്രമിച്ച് ജയിലിൽ പോകേണ്ട ഗതികേട് ഡിവൈഎഫ്ഐക്ക് ഇല്ല. അധിക്ഷേപം നിർത്തിയില്ലെങ്കിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും വസീഫ് പറഞ്ഞു.
ഹരിഹരന്റെ വിവാദ പ്രസംഗത്തിൽ യഥാർഥ പ്രതികൾ വി.ഡി. സതീശനും ഷാഫി പറമ്പിലുമാണെന്ന് വസീഫ് ആരോപിച്ചു. ഇവരുടെ പിന്തുണയിലാണ് ഹരിഹരന്മാർ വളരുന്നത്. ഹരിഹരൻ പ്രസംഗിച്ചപ്പോൾ യു.ഡി.എഫ്. നേതൃത്വം കുലുങ്ങിച്ചിരിച്ചു. യു.ഡി.എഫ്. നേതൃത്വം ജനങ്ങളോട് മറുപടി പറയണം. സ്ത്രീവിരുദ്ധത മാത്രമല്ല, വർഗീയ പരാമർശങ്ങളും ഹരിഹരന്റെ പ്രസംഗത്തിൽ ഉണ്ടായി. 'നിസ്‌കരിക്കാൻ മുട്ടി' എന്ന പ്രയോഗമാണ് ഹരിഹരൻ നടത്തിയത്. ഇതിൽ മുസ്ലിം ലീഗ് അഭിപ്രായം പറയണം. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെയാണ് ഹരിഹരൻ പ്രസംഗിച്ചത്. സ്ത്രീകളെ അധിക്ഷേപിക്കുന്നവർക്ക് പ്രൊമോഷൻ കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വസീഫ് കുറ്റപ്പെടുത്തി.
അതേസമയം വടകരയിലെ പരാമർശത്തിൽ താൻ മാപ്പ് പറഞ്ഞതാണ്. അത്തരത്തിൽ കേരളത്തിൽ മാപ്പ് പറഞ്ഞ ആദ്യത്തെയാൾ താനാണ്. മറ്റാരും അതുപോലെ ചെയ്തിട്ടില്ലെന്നാണ് ഹരിഹരൻ പറയുന്നത്. താൻ പറഞ്ഞത് യു.ഡി.എഫിന്റെ അഭിപ്രായമാണെന്ന പി.മോഹനന്റെ വാദം മണ്ടത്തരമാണ്. ആർ.എംപിയുടെ അഭിപ്രായം ആർഎംപിയുടേത് മാത്രം. ഖേദപ്രകടനം കൊണ്ട് തീരില്ല എന്ന് മോഹനൻ പറയുന്നത് മറ്റു അർഥങ്ങൾ വച്ച് കൊണ്ടാണ്.
തിരുത്തുകയും പൊതുസമൂഹത്തോട് തന്നെ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ യാതൊരു അഭിമാനക്കുറവിന്റെയും പ്രശ്‌നമില്ല. കാരണം എന്റെ ഭാഗത്ത് നിന്ന് വന്ന ഒരു തെറ്റ് തിരുത്തേണ്ടത് കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലക്ക് എന്റെ ബാധ്യതയാണ്. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തെറ്റ് വന്നാൽ തിരുത്തുകയും സ്വയം വിമർശനം നടത്തുകയും പിന്നീട് ആ തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള രാഷ്ട്രീയ ജാഗ്രത പുലർത്തുകയും ചെയ്യാനേ കഴിയുകയുള്ളൂവെന്നും ഹരിഹരൻ വ്യക്തമാക്കി.