- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസുകാരെ ജീവനോടെ കത്തിക്കുക എന്ന് ആക്രോശിച്ചു ജനക്കൂട്ടം; ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തു കയറി; കെട്ടിടത്തിനു മുകളിൽ കയറി അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്ക് നേരെ വെടിയുതിർത്തു; നൂഹിൽ ഉണ്ടായ ആക്രമണങ്ങൾ ആസൂത്രിതമെന്ന് കുറ്റപത്രം
ന്യൂഡൽഹി: ഹരിയാനയിലെ നൂഹിൽ ഉണ്ടായ അക്രമങ്ങളിൽ പൊലീസുകാരെ ആക്രമിച്ച സംഭവം സമഗ്രമായി ആസൂത്രണം ചെയ്തതെന്ന് കുറ്റപത്രം. 'പൊലീസുകാരെ ജീവനോടെ കത്തിക്കുക' എന്നുള്ള ആക്രോശങ്ങൾ ജനക്കൂട്ടം നടത്തിയെന്നും കുറ്റപത്രം ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൂഹിൽ വിവിധ ഇടങ്ങളിലായി പൊലീസിനെ ലക്ഷ്യമിട്ട് ആക്രമണം നടന്നുവെന്നുമാണ് റിപ്പോർട്ട്.
സൈബർ സെൽ പൊലീസ് സ്റ്റേഷൻ ആക്രമണത്തെക്കുറിച്ച് കുറ്റപത്രത്തിൽ പറയുന്നത് ഇങ്ങനെ ''നൂറുകണക്കിനു വരുന്ന ജനക്കൂട്ടം സ്റ്റേഷൻ വളഞ്ഞു. കല്ലെറിഞ്ഞു. 'പൊലീസുകാരെ ജീവനോടെ ചുട്ടെരിക്കു'മെന്ന് ആക്രോശിച്ചു. പിന്നാലെ ബസ് ഉപയോഗിച്ച് പ്രധാന ഗേറ്റ് തകർത്ത് ജനക്കൂട്ടം അകത്തുകയറി. കെട്ടിടത്തിനു മുകളിൽകയറി അനധികൃത ആയുധങ്ങൾ ഉപയോഗിച്ച് പൊലീസുകാർക്കുനേരെ വെടിയുതിർത്തു. പൊലീസുകാർ ആദ്യം കണ്ണീർവാതകം പ്രയോഗിച്ചു. പിന്നീടാണ് സ്വയരക്ഷയ്ക്കായി 100 റൗണ്ട് വെടിവച്ചത്. പൊലീസ് സ്റ്റേഷൻ പരിസരത്തുണ്ടായിരുന്ന 15 വാഹനങ്ങൾ തീവച്ച് നശിപ്പിച്ചു. കൂടുതൽ സേനയെത്തിയശേഷമാണ് അവർ പിന്മാറിയത്. എന്നിട്ടും പൊലീസുകാരെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു.''
വിശ്വഹിന്ദു പരിഷത്തിന്റെ റാലിക്കിടെ നൂഹിലെ പൊലീസ് സ്റ്റേഷൻ ആക്രമിക്കാൻ 600-700 പ്രതിഷേധക്കാരെത്തിയെന്ന് മറ്റൊരു കുറ്റപത്രത്തിലും പറയുന്നു. മത സംബന്ധമായ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പൊലീസുകാർക്കുനേരെ ജനക്കൂട്ടം വെടിയുതിർത്തത്. പ്രതിഷേധക്കാരുടെ അക്രമങ്ങളിൽ രണ്ട് ഹോം ഗാർഡുമാർ കൊല്ലപ്പെട്ടു. ഇവരുടെ വാഹനവും അഗ്‌നിക്കിരയാക്കി. പള്ളിയിൽ നടന്ന അക്രമത്തിൽ ചൊവ്വാഴ്ച ഒരു പുരോഹിതനെ ജനക്കൂട്ടം കൊന്നു. പ്രതിഷേധക്കാരുടെ കൈവശം തോക്കുകൾ, ലാത്തികൾ, ബാറ്റണുകൾ തുടങ്ങിയ ഉണ്ടായിരുന്നുവെന്നും പൊലീസുകാരെയാണ് ലക്ഷ്യമിട്ടതെന്നും കുറ്റപത്രങ്ങളിൽ വ്യക്തമായി പറയുന്നുണ്ട്.
ഹരിയാനയിലെ നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, ഝാജർ ജില്ലകളിൽ 144 പ്രഖ്യാപിച്ചിരിക്കകയാണ്. 14 കമ്പനി പൊലീസ് സ്ഥലത്തുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് നൂഹ് ഡപ്യൂട്ടി കമ്മിഷണർ പ്രശാന്ത് പൻവർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും നിരീക്ഷണവിധേയമാക്കുന്നുണ്ട്.
അതേസമയം കലാപത്തിനിടെ 4000ഓളം പേരെ അമ്പലത്തിൽ തടഞ്ഞുവെച്ചതായുള്ള ആഭ്യന്തര മന്ത്രി അനിൽ വിജിന്റെ അവകാശവാദം തള്ളി അതേ അമ്പലത്തിലെ പൂജാരി രംഗത്തുവന്നു. സാവൻ മാസമായതിനാൽ ക്ഷേത്രത്തിൽ ഭക്തജനത്തിരക്കായിരുന്നെന്ന് നൽഹാർ മഹാദേവ് അമ്പലത്തിലെ പൂജാരിയായ ദീപക് ശർമ 'ദ വയറി'നോട് പറഞ്ഞു.
തിങ്കളാഴ്ച ശോഭയാത്രക്കിടെ സംഘർഷമുണ്ടായതിനാൽ ആളുകൾ ക്ഷേത്രത്തിനുള്ളിൽതന്നെ നിൽക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി. 'ഭക്തരെ എങ്ങനെ ബന്ദികളാക്കാനാകും അവർ ദൈവത്തിന്റെ അഭയത്തിലായിരുന്നു. പക്ഷേ, പുറത്തെ സാഹചര്യം നല്ലതല്ലെന്ന് മനസ്സിലാക്കി ക്ഷേത്രത്തിനുള്ളിൽതന്നെ ചെലവഴിക്കുകയായിരുന്നു'- ദീപക് ശർമ പറഞ്ഞു. ഭക്തരെ അമ്പലത്തിനുള്ളിൽ ബന്ദിയാക്കിയെന്ന ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തിങ്കളാഴ്ചത്തെ കലാപം ആളിക്കത്തിക്കാനിടയാക്കിയതായി ആരോപണമുയർന്നിരുന്നു.
അതിനിടെ, തങ്ങൾക്ക് എല്ലാവരെയും സംരക്ഷിക്കാൻ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ ഇന്നലെ പറഞ്ഞിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വർഗീയ സംഘർഷത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ഹോംഗാർഡുകൾ ഉൾപ്പെടെ ആറു പേരാണ് സംഘർഷത്തിൽ കൊല്ലപ്പെട്ടത്. നിരവധി വാഹനങ്ങളും കടകളും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അക്രമി സംഘങ്ങൾ കത്തിച്ചു.
116 പേരെ അറസ്റ്റ് ചെയ്യുകയും 190 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമത്തിൽ ആളുകൾക്കുണ്ടായ നഷ്ടം കലാപകാരികളിൽനിന്ന് ഈടാക്കുമെന്നും അദ്ദേഹം അറിയിച്ചു. സമാധാനവും സൗഹൃദവും സൂക്ഷിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ച മുഖ്യമന്ത്രി, ഇക്കാര്യം പൊലീസിനോ സൈന്യത്തിനോ ഗ്യാരണ്ടി നൽകാനാവില്ലെന്നും പറഞ്ഞു. കൊല്ലപ്പെട്ട ഹോംഗാർഡുമാരുടെ കുടുംബത്തിന് 57 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു.




