- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പട്ടാഴിമുക്കിലേത് മനപ്പൂർവ്വം ഉണ്ടാക്കിയ അപകടം
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് സ്ഥിരീകരിച്ച് മോട്ടർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിന്റെ റിപ്പോർട്ട്. കാർ അമിത വേഗത്തിലായിരുന്നു എന്നും പരിശോധനയിൽ കണ്ടെത്തി. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടി. ഇതോടെ കാറിനുള്ളിൽ സംഘർഷമുണ്ടായി എന്ന സംശയവും സജീവമാകും. സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഹാഷിമിന്റേയും അനുജയുടേയും യാത്രയാണ് ഈ സംശയം ബലപ്പെടുത്തുന്നത്.
അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിലാണ് ഇടിച്ചു കയറ്റിയത്. ബ്രേക്ക് ഉപയോഗിച്ചിരുന്നില്ല. അന്വേഷണ റിപ്പോർട്ട് ആർടിഒ എൻഫോഴ്‌സ്‌മെന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് കൈമാറും. കെപി റോഡിൽ ഏഴംകുളം പട്ടാഴിമുക്കിൽ വ്യാഴാഴ്ച രാത്രിയിലുണ്ടായ അപകടത്തിലാണ് തുമ്പമൺ നോർത്ത് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക നൂറനാട് മറ്റപ്പള്ളി സുശീന്ദ്രം വീട്ടിൽ അനുജ രവീന്ദ്രൻ(37), സ്വകാര്യ ബസ് ഡ്രൈവർ ചാരുംമൂട് ഹാഷിം വില്ലയിൽ ഹാഷിം(31) എന്നിവർ മരിച്ചത്. അപകടം മനഃപൂർവം സൃഷ്ടിച്ചതാണോയെന്ന സംശയം മാറുകയാണ്. ഇതിനൊപ്പമാണ് കാറിനുള്ളിൽ കൈയാങ്കളി നടന്നുവെന്ന മൊഴിയും നിർണ്ണായകമാകുന്നത്.
അനുജ ഉൾപ്പെടെ അദ്ധ്യാപകർ സ്‌കൂളിൽനിന്നു തിരുവനന്തപുരത്തേക്കു വിനോദയാത്രയ്ക്കു പോയി മടങ്ങുമ്പോഴായിരുന്നു സംഭവം. നാടകീയ സംഭവങ്ങളാണ് അന്ന് രാത്രി ഉണ്ടായത്. വ്യാഴാഴ്ച രാത്രി 10.15നു മിനി ബസ് കുളക്കടയിൽ എത്തിയപ്പോൾ ഹാഷിം കാർ ബസിനു മുന്നിൽ കയറ്റിനിർത്തി. അനുജയെ വിളിച്ചെങ്കിലും ആദ്യം അവർ ഇറങ്ങിയില്ല. അവർ ഇരുന്ന സീറ്റിന്റെ ഭാഗത്തേക്കു വന്നപ്പോൾ സഹോദരൻ വിഷ്ണു ആണെന്നു പറഞ്ഞാണ് അനുജ ഹാഷിമിനൊപ്പം പോയതെന്ന് സഹഅദ്ധ്യാപകർ പൊലീസിനു മൊഴി നൽകി. ഇതിൽ അദ്ധ്യാപകർക്ക് സംശയം ഉണ്ടായി. വീട്ടുകാരെ അറിയിച്ച ശേഷം പൊലീസിൽ പരാതിയും നൽകി. ഇതിനിടെയാണ് അപകട വാർത്ത പുറത്തെത്തിയത്.
അമിത വേഗത്തിൽ തെറ്റായ ദിശയിലൂടെ പോയ കാർ അടൂരിൽനിന്നു പത്തനാപുരം ഭാഗത്തേക്കു പോയ ലോറിയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ഹാഷിം പ്രൊഫഷണൽ ഡ്രൈവറാണ്. സ്വകാര്യ ബസ് ഡ്രൈവർക്ക് ഒരിക്കലും ഇത്തരത്തിൽ അബദ്ധം ഉണ്ടാകില്ല. ഉറങ്ങി പോകാനുള്ള സാധ്യതയും കുറവാണ്. അതുകൊണ്ട് തന്നെ കാർ മനപ്പൂർവ്വം ലോറിയിൽ ഇടിച്ചുവെന്ന സംശയം പൊലീസിന് ആദ്യം മുതലേ ഉണ്ടായിരുന്നു. ഇതിനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണവും സ്ഥിരീകരണം നൽകുന്നത്. അപകടത്തിലായ കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. തെറ്റായ ദിശയിൽ നിന്നുമാണ് കാർ ഇടിച്ചു കയറിയതെന്നാണ് ഇതോടെ വ്യക്തമാകുന്നത്.
പട്ടാഴിമുക്കിലെ അപകട മരണത്തിന്റെ ദുരൂഹത നീക്കാനൊരുങ്ങി പൊലീസും രംഗത്തുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾക്കായി അനുജയുടെയും ഹാഷിമിന്റെയും ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കും. ഫോൺ പരിശോധന പൂർത്തിയായാൽ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്നാണ് പൊലീസ് നി?ഗമനം. കോട്ടയം മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം രാസപരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകൾ മരിച്ച രണ്ടുപേരുടെയും മൃതദേഹങ്ങളിൽ നിന്നും ശേഖരിച്ചിരുന്നു. ഇരുവരുടെയും ഫോണുകൾക്ക് ലോക്കുള്ളതിനാൽ ഫോറൻസിക് ലാബിലേക്ക് അയച്ചാകും പരിശോധന നടത്തുക. വാട്‌സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെ വീണ്ടെടുക്കാനാണ് പൊലീസിന്റെ ശ്രമം.
വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജയെ നിർബന്ധിച്ച് ഹാഷിം വാഹനത്തിൽ നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു. ആത്മഹത്യ ചെയ്യാമെന്ന് ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണോ എന്നത് അടക്കമുള്ള സംശയം നിലനിൽക്കുന്നുണ്ട്. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ബന്ധുക്കളും പറയുന്നത്. ശാസ്ത്രീയ പരിശോധനയിലൂടെ സംശയങ്ങളുടെ ചുരുളഴിയിക്കാമെന്ന വിശ്വാസത്തിലാണ് പൊലീസ്.
വാഹനത്തിൽ വെച്ച് അനുജയെ ഹാഷിം മർദ്ദിച്ചതായും സംശയമുണ്ട്. അപകടത്തിന്റെ ദൃക്സാക്ഷികളാണ് ഇത് സംബന്ധിച്ച മൊഴി നൽകിയത്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട രീതിയിലായിരുന്നുവെന്നും ഡോർ പലതവണ തുറക്കുന്നത് ശ്രദ്ധയിൽപെട്ടുവെന്നും ഇവർ പറഞ്ഞിരുന്നു. മദ്യപസംഘമാണെന്ന നിഗമനത്തിൽ ഇവർ കൂടുതൽ ശ്രദ്ധിച്ചില്ല.