ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ച കേസിൽ കുട്ടിയുടെ അച്ഛനെതിരെ കുറ്റപത്രം. ഇയാൾ എഴുതി തയാറാക്കിയ മുദ്യാവാക്യം കുട്ടിയെ പഠിപ്പിക്കുകയായിരുന്നെന്നു കുറ്റപത്രത്തിൽ പറയുന്നു. നാലുമാസം നീണ്ട അന്വേഷണത്തിലൊടുവിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. കുട്ടിയുടെ അച്ഛൻ അടക്കം 34 പേരാണ് കേസിലെ പ്രതികൾ. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസാണ് കേസിലെ ഒന്നാം പ്രതി.

മെയ് 21ന് ആലപ്പുഴയിൽ നടന്ന റാലിക്കിടെയാണ് കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചത്. കുട്ടിയെ തോളിലിരുത്തി മുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് കേസെടുത്തത്. 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നായിരുന്നു'' പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങൾ. ഹിന്ദു മതസ്ഥർ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യൻ മതവിശ്വാസികൾ ഉപയോഗിക്കുന്നത്. ആലപ്പുഴ നഗരത്തിൽ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലർ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങൾ.

സംഘടന നൽകിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തിൽ വിളിച്ചതായിരിക്കാമെന്നും ആയിരുന്നു ജില്ലാ പ്രസിഡന്റ് വണ്ടാനം നവാസിന്റെ അന്നത്തെ പ്രതികരണം. കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങൾക്കെതിരെയല്ലെന്നും ആർഎസ്എസ്സിനെതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് അന്ന് പോപ്പുലർ ഫ്രണ്ട് വിശദീകരിച്ചത്. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. സമ്മേളനത്തിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ എഴുതി നൽകിയിരുന്നുവെന്നും അതല്ല കുട്ടി വിളിച്ചതെന്നുമായിരുന്നു സംഘടനയുടെ വിശദീകരണം.

സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു. ദേശീയ ബാലാവകാശ കമ്മീഷനും പ്രശ്‌നത്തിൽ ഇടപെട്ടിരുന്നു.