- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്തിൽ ബാലാജിയുടെ 25കോടിയുടെ ബെനാമി സ്വത്ത് കണ്ടെത്തിയെന്ന് ഇ ഡി; ഇടപാട് നടത്തിയത് അടുത്ത സഹായികൾ, പണം ഭാര്യയുടെ അക്കൗണ്ടിലുമെത്തി; ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്തതിനെക്കാൾ വലിയ സംഖ്യയുടെ നിക്ഷേപം; സെന്തിൽ ബാലാജി പണം തട്ടിയതെങ്ങനെയെന്ന് വിശദീകരിച്ച് റിമാൻഡ് റിപ്പോർട്ട്; കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ തള്ളി കോടതി
ചെന്നൈ: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ തമിഴ്‌നാട് വൈദ്യുതി, എക്‌സൈസ് മന്ത്രി സെന്തിൽ ബാലാജിക്കെതിരായുള്ള ഇ ഡിയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സെന്തിൽ ബാലാജി മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് സംസ്ഥാന ഗതാഗത സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർമാരുമായി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അഴിമതി നടത്തിയത് എങ്ങനെയെന്നും ഇഡി വിശദീകരിക്കുന്നു.
'ഗതാഗത വകുപ്പിൽ ഡ്രൈവർ, കണ്ടക്ടർ, ജൂനിയർ ട്രേഡ്സ്മാൻ, ജൂനിയർ അസിസ്റ്റന്റ്, ജൂനിയർ എഞ്ചിനീയർ തുടങ്ങിയ തസ്‌കകളിൽ നിയമനം നൽകുന്നതിന് സെന്തിൽ ബാലാജി അനധികൃതമായി പണം കൈപ്പറ്റി. മന്ത്രിയുടെ അടുത്ത സഹായികളായ ബി ഷൺമുഖം, എം കാർത്തികേയൻ എന്നിവരാണ് ഇടപാട് നടത്തിയത്. ഈ തസ്തികകളിൽ നിയമനത്തിനായി പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ മാർക്ക് തിരുത്തി. പണം നൽകിയിട്ടും കൂടുതൽ പേർക്കും നിയമന ഉത്തരവ് ലഭിച്ചില്ല.ബാലാജിയുടെ പി എയ്ക്കാണ് പണം നൽകിയതെന്ന് ഉദ്യോഗാർത്ഥികളുടെ പ്രസ്താവനയിലുണ്ട്.
സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും ബാലാജിയുടെ ഭാര്യ മേഖലയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപം നടത്തിയതായി ബാങ്ക് സ്റ്റേറ്റ്മെന്റുകൾ തെളിയിക്കുന്നു.'- ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സെന്തിൽ ബാലാജിയുടെ ബിനാമി ഇടപാട് കണ്ടെത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വാദിച്ചിരുന്നു. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട മൂന്നു ഹർജികളിൽ വധം കേൾക്കുകയായിരുന്നു കോടതി.
25 കോടി രൂപയുടെ ബിനാമി ഇടപാട് കണ്ടെത്തിയതായി ഇഡി കോടതിയെ അറിയിച്ചു. അനുരാധ എന്ന സ്ത്രീ ബാങ്ക് ലോൺ എടുത്ത് 3.75 ഏക്കർ ഭൂമി 40 കോടി രൂപയ്ക്ക് വാങ്ങി. ഈ സ്ഥലം പിന്നീട് 10.88 ലക്ഷം രൂപയ്ക്ക് സെന്തിൽ ബാലാജിയുടെ ബന്ധു ലക്ഷ്മിക്ക് വിറ്റു. ബാങ്ക് ലോൺ അടച്ചു തീർത്തത് ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ട് മുന്‌പെന്നും കണ്ടെത്തൽ. ഇതിനായുള്ള പണം സെന്തിൽ ബാലാജി അനധികൃതമായി സമ്പാദിച്ചതെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.
ഇൻകം ടാക്‌സ് റിട്ടേൺസ് ഫയൽ ചെയ്തതിനെക്കാൾ വലിയ സംഖ്യ നിക്ഷേപമുണ്ട് എന്ന നിരീക്ഷണനും കോടതിയെ ഇഡി അറിയിച്ചു. ബാങ്ക് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചതിൽ സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടിയും ഭാര്യ മേഖലയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും കണ്ടെത്തി. ഇത് ഇൻകം ടാക്‌സിന് നൽകിയ വിവരങ്ങളെക്കാൾ വലിയ തുകയാണ്. 2022-ൽ അദ്ദേഹത്തിന് പലതവണ സമൻസ് അയച്ചു. എന്നാൽ ഹാജരായില്ല. തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് അറസ്റ്റ് ചെയ്തത് എന്ന് ഇഡി കോടതിയിൽ വ്യക്തമാക്കി.
അതേസമയം സെന്തിൽ ബാലാജിയെ കസ്റ്റഡിയിൽ വേണമെന്ന ഇഡിയുടെ അപേക്ഷ കോടതി തള്ളി. ചെന്നൈ സെഷൻസ് കോടതി പ്രിൻസിപ്പൽ ജഡ്ജ് അല്ലിയാണ് അപേക്ഷ തള്ളിയത്. റിമാൻഡ് ചെയ്ത സാഹചര്യത്തിൽ കസ്റ്റഡി അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് ആരോഗ്യ മന്ത്രി സെന്തിൽ ബാലാജിയെ ഇന്നലെ റിമാൻഡ് ചെയ്തിരുന്നു. ജൂൺ 28 വരെയാണ് റിമാൻഡ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് ഇന്നലെ ഇ ഡി മന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സെന്തിൽ ബാലാജിയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയാണ് സെന്തിൽ ബാലാജിയെ ചെന്നൈ സെഷൻസ് കോടതി ജഡ്ജ് അല്ലി റിമാൻഡ് ചെയ്തത്. തുടർന്നാണ്, സെന്തിൽ ബാലാജിക്ക് ജാമ്യം അനുവദിക്കണമെന്ന് ഹർജി ഡിഎംകെ സമർപ്പിച്ചത്. മന്ത്രിയുടെ ബൈപ്പാസ് ശസ്ത്രക്രിയക്കായി കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. എന്നാൽ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ട് വിശ്വസനീയമല്ലെന്നും, സ്വതന്ത്ര മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നുമാണ് ഇഡിയുടെ വാദം.




