ന്യൂഡല്‍ഹി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി പ്രത്യേക അന്വേഷണസംഘത്തിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. കുറ്റകൃത്യം സംബന്ധിച്ച അറിവ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥന്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് സുപ്രീംകോടതി നിരീക്ഷണം.

ഹേമ കമ്മിറ്റിക്ക് ലഭിച്ച മൊഴികളെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേത് ആണ് സുപ്രധാനമായ ഉത്തരവ്. പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

മൊഴി നല്‍കിയവരില്‍ പരാതി ഇല്ലാത്തവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഹൈക്കോടതി അത്തരം പരാതികളില്‍ നിയമപരമായ തീരുമാനം എടുക്കും എന്നും സുപ്രീം കോടതി പറഞ്ഞു. സമ്മര്‍ദ്ദത്തിലാക്കി മൊഴി നല്‍കാന്‍ ആരെങ്കിലും പ്രേരിപ്പിക്കുന്നുവെന്ന പരാതി ഉണ്ടെങ്കില്‍ അവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാം എന്നും സുപ്രീം കോടതി വ്യക്തമാക്കി. നിര്‍മാതാവ് സജിമോന്‍ പാറയിലും, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ സിനിമ മേഖലയിലെ ഒരു യുവതിയും ആണ് ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത് .

താന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണം റദ്ദാക്കാന്‍ ഉത്തരവ് ഇടണമെന്ന് ആവശ്യപ്പെട്ട് നടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എല്ലാ കേസുകളിലും അന്വേഷണം തുടരാന്‍ പ്രത്യേക സംഘത്തിനെ അനുവദിക്കണമെന്നാണ് സര്‍ക്കാരും, സംസ്ഥാന വനിത കമ്മീഷനും, ഡബ്ല്യുസിസിയും , സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് ഫലത്തില്‍ അംഗീകരിക്കപ്പെടുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി നടത്തുന്നത് നിര്‍ണ്ണായക ഇടപെടലാണ്. കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാല്‍ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാന്‍ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പൊലീസിന്റെ അന്വേഷണ അധികാരങ്ങള്‍ തടയുന്നതിനുള്ള നിര്‍ദ്ദേശം നല്‍കാനാകില്ലെന്നും വ്യക്തമാക്കി. അന്വേഷണം നടത്തുന്നതിനെ ചോദ്യംചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയിലും ഒരു നടിയും അണിയറ പ്രവര്‍ത്തകയും നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ കോടതി, ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ക്കും എസ്ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവര്‍ക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

പരാതി ഇല്ലാത്തവരുടെ മൊഴിയില്‍ കേസെടുക്കുന്നത് എന്തിനാണെന്ന് കേസ് പരിഗണിക്കവേ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഹേമ കമ്മിറ്റി മുമ്പാകെ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. അന്വേഷണം റദ്ദാക്കണമെന്ന ആവശ്യത്തെ സംസ്ഥാന സര്‍ക്കാരും വനിതാകമീഷനും ശക്തമായി എതിര്‍ത്തു. സജിമോന് പിന്നില്‍ സിനിമ മേഖലയിലെ പ്രബലരാണെന്ന് വിമന്‍ ഇന്‍ സിനിമാ കലക്റ്റീവ് ആരോപിച്ചു.