കോഴിക്കോട്: മായനാട് നിന്നു കാണാതായ ശേഷം തമിഴ്‌നാട്ടിലെ ചേരമ്പാടി വനത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി മുഖ്യപ്രതി നൗഷാദ് എത്തുമ്പോള്‍ ഉയരുന്നത് നിരവധി സംശയങ്ങള്‍. സൗദിയില്‍ നിന്ന് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നൗഷാദിന്റെ വെളിപ്പെടുത്തല്‍. രണ്ടുമാസത്തെ വിസ്റ്റിങ് വീസയിലാണ് ഗള്‍ഫിലെത്തിയതെന്നും പൊലീസിനു മുന്നില്‍ ഹാജരാകുമെന്നും നൗഷാദ് വിഡിയോയില്‍ പറയുന്നു. മൃതദേഹം റീ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെടുന്നുണ്ട്. ഒരാള്‍ ആത്മഹത്യ ചെയ്തുവെന്ന് മനസ്സിലാക്കിയാല്‍ നിയമ പ്രകാരം പോലീസിനെ അറിയിക്കണം. അത് നൗഷാദ് ചെയ്തില്ലെന്ന് സമ്മതിക്കുകയാണ്. അതിന് അപ്പുറം ഗുരുതര സംശയങ്ങളും ഉയര്‍ത്തുന്നുണ്ട് നൗഷാദിന്റെ വെളിപ്പെടുത്തല്‍.

ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൊലപാതകത്തിന് തെളിവായി മാറുന്നുണ്ട്. മരണത്തിനു മുന്‍പ് മര്‍ദനമേറ്റ അടയാളങ്ങളും മൃതദേഹത്തില്‍ ഉണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്്. ബത്തേരിക്കടുത്ത് ആളൊഴിഞ്ഞ വീട്ടില്‍ താമസിപ്പിച്ചതിനിടെ ഹേമചന്ദ്രന് ക്രൂരമായ മര്‍ദനമേറ്റെന്നാണ് പൊലീസ് നിഗമനം. ഹേമചന്ദ്രന്റെ രണ്ടു മൊബൈല്‍ ഫോണുകള്‍ ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മൈസൂരു ലളിത സാന്ദ്രപുരിയില്‍ റോഡില്‍ നിന്ന് കാടുകള്‍ക്കുള്ളില്‍ പാറയുടെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന ഈ ഫോണുകള്‍ പൊലീസ് പിടിയിലായ പ്രതി അജേഷാണ് പൊലീസിനു കൈമാറിയത്. രണ്ടു ഫോണുകളും സിം ഊരിമാറ്റിയ ശേഷമായിരുന്നു ഇവിടെ ഒളിപ്പിച്ചത്. ഹേമചന്ദ്രന്‍ 14 സിം ഉപയോഗിച്ചതായി കണ്ടെത്തിയെങ്കിലും രണ്ടു സിം മാത്രമാണ് പൊലീസിന് ഇതുവരെ കണ്ടെത്താനായത്. അതിനിടെയാണ് നൗഷാദിന്റെ വെളിപ്പെടുത്തല്‍ വരുന്നത്. താന്‍ ഗള്‍ഫില്‍ വന്നത് പോലീസിന് അറിയാമെന്നും പറയുന്നു.

''തനിക്കും സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പലയിടങ്ങളില്‍നിന്നു പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. എഗ്രിമെന്റ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പൊലീസിന്റെ കൈവശമുണ്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ നോക്കുമ്പോള്‍ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഹേമചന്ദ്രന്‍ മനഃപൂര്‍വം ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഹേമചന്ദ്രന്‍ താമസിച്ചത്. ആവശ്യമെങ്കില്‍ അയാള്‍ക്ക് പോകാമായിരുന്നു. വീട്ടില്‍ ആക്കിയപ്പോഴും പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടത്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തതാണ്. അല്ലാതെ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നു പറയുന്നതെല്ലാം തെറ്റാണ്. ചെയ്ത തെറ്റിന് ജയിലില്‍ കിടക്കാന്‍ തയാറാണ്. എന്നാല്‍ ചെയ്യാത്ത തെറ്റിന് ജയില്‍ കിടക്കാന്‍ തയാറല്ല'' നൗഷാദ് വിഡിയോയില്‍ പറയുന്നു. താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സൗദിയില്‍ എത്തിയതാണെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു.

മെഡിക്കല്‍ കോളജിന് സമീപം മായനാട്ടുനിന്ന് 2024 മാര്‍ച്ച് 20 നാണ് ബത്തേരി പുറാല വിനോദ് ഭവനില്‍ ഹേമചന്ദ്രനെ (54) കാണാതായത്. തമിഴ്‌നാട് ചേരമ്പാടിയില്‍ വനത്തിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 28 നാണ് മൃതദേഹം കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. നീരുറവ ഉള്ള സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരുന്നതെന്നതിനാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലായിരുന്നു. നാലടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കിട്ടിയത്. സംഭവത്തില്‍ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാര്‍ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ് (അപ്പു 27) എന്നിവരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

എസിപി എ.ഉമേഷിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജ് ഇന്‍സ്‌പെക്ടര്‍ പി.കെ.ജിജീഷിനാണ് കേസിന്റെ അന്വേഷണ ചുമതല. ഒന്നാം പ്രതി നൗഷാദ് വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങള്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. രണ്ടും മൂന്നും പ്രതികളായ സുല്‍ത്താന്‍ബത്തേരി സ്വദേശികളായ ജ്യോതിഷ് കുമാര്‍, ബി എസ് അജേഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. നൗഷാദിന് വേണ്ടിയുള്ള ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. 2024 മാര്‍ച്ച് 20-നാണ് പ്രേമചന്ദ്രനെ കാണാതാകുന്നത്. കാണാതാകുന്ന സമയത്ത് ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മായനാട് നടപ്പാലത്ത് എന്ന സ്ഥലത്ത് വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ വഴിത്തിരിവായത് മകളുടെ ഫോണ്‍ കോള്‍ ആണ്. പിതാവിന്റെ ശബ്ദത്തില്‍ സംശയം തോന്നിയതോടെ മകള്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിവരമറിയിക്കുകയായിരുന്നു.

കെണി ഒരുക്കിയത് ജോലി വാഗ്ദാനം: പോലീസ് വിശദീകരണം ഇങ്ങനെ

ഹേമചന്ദ്രനെ തട്ടികൊണ്ടുപോകുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തത് നൗഷാദായിരുന്നു. ഹേമചന്ദ്രന്‍, നൗഷാദിന് അഞ്ച് ലക്ഷത്തോളം നല്‍കാനുണ്ടായിരുന്നു. പണം നല്‍കാത്തതിനാലും വിളിച്ചാല്‍ ഫോണെടുക്കാത്തതിനാലും ഹേമചന്ദ്രനെ കുടുക്കാന്‍ നൗഷാദ് പദ്ധതിയിട്ടു. ഇതിനായി വീട്ടിലേക്ക് ജോലിക്ക് ആളെ വേണമെന്ന് നൗഷാദ് പത്രത്തില്‍ പരസ്യം നല്‍കി. പരസ്യം കണ്ട് കണ്ണൂരിലെ ഒരു യുവതി വിളിക്കുകയും യുവതിയോട് ഒരാളെ വിളിച്ചുവരുത്തുന്നതിനായി കൂടെ നില്‍ക്കണമെന്ന് നൗഷാദ് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് യുവതി ഹേമചന്ദ്രനുമായി സൗഹൃദമുണ്ടാക്കി. കാണാന്‍ വരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് യുവതിയെ കാണാനായി പുറപ്പെട്ട ഹേമചന്ദ്രനെ നൗഷാദും സുഹൃത്തുക്കളും മെഡി.കോളജ് പരിസരത്ത് നിന്ന് തട്ടിക്കൊണ്ട് പോകുകയായിരുന്നു. യുവതിയ്ക്ക് ഇതിനായി പ്രതിഫലവും നൗഷാദ് നല്‍കിയിരുന്നു. ഗുണ്ടല്‍പെട്ടിലെ ഒരു സ്ത്രീക്കും തട്ടികൊണ്ടു പോയത് അറിയാമായിരുന്നെന്നും കേസില്‍ കൂടുതല്‍ പേര്‍ പ്രതികള്‍ക്ക് സഹായം ചെയ്തിട്ടുണ്ടെന്നും കോഴിക്കോട് സിറ്റി ഡി.സി.പി അരുണ്‍ കെ. പവിത്രന്‍ അറിയിച്ചു.

ഹേമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂര്‍, ഗൂഡല്ലൂര്‍ മേഖലകളിലെ ഈ രണ്ട് സ്ത്രീകളിലേക്ക് നീളുന്നു. ഈ സ്ത്രീകള്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇവരും പ്രതികളാണ്. ഇവര്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചതായും സൂചന. കണ്ണൂരില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഫോണ്‍ വിളിയെ തുടര്‍ന്നാണ് ഹേമചന്ദ്രന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഹേമചന്ദ്രന്റെ സഹോദരന്‍ ഷിബിത്തിന്റെ വെളിപ്പെടുത്തല്‍ പ്രകാരം, ഗുണ്ടല്‍പേട്ടിലെ സൗമ്യ എന്ന സ്ത്രീക്ക് കൊലപാതകത്തില്‍ പങ്കുണ്ട്. ഹേമചന്ദ്രന്റെ സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സൗമ്യ കാരണമായെന്നും, ഇവര്‍ക്കെതിരെ കുടുംബം ഗുണ്ടല്‍പേട്ട് പൊലീസ് സ്റ്റേഷനില്‍ നേരത്തെ പരാതി നല്‍കിയിരുന്നുവെന്നും ഷിബിത്ത് പറഞ്ഞു.

ഒന്നര വര്‍ഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ ഹേമചന്ദ്രനെ വയനാട് ബത്തേരിയിലെ ഒരു വീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് മര്‍ദിച്ച ശേഷമാണ് കൊലപ്പെടുത്തിയത്. നൗഷാദിന് വില്‍പ്പനയ്ക്കായി ഏല്‍പ്പിച്ച വീട്ടില്‍ രണ്ട് ദിവസം ക്രൂരമായി മര്‍ദിച്ച ശേഷം, മൃതദേഹം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലെ ചേരമ്പാടിക്കടുത്തുള്ള കാപ്പിക്കുടുക്ക എന്ന വനമേഖലയിലെ ചതുപ്പില്‍ കുഴിച്ചുമൂടി. കേസില്‍ അറസ്റ്റിലായ സുല്‍ത്താന്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്‌കുമാര്‍, ബി.എസ്. അജേഷ് എന്നിവരെ മൃതദേഹം കുഴിച്ചുമൂടാന്‍ നൗഷാദ് വിളിച്ചുവരുത്തി. കൊലപാതകത്തിന് ശേഷം, അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ ഇവര്‍ വിവിധ സ്ഥലങ്ങള്‍ പരിശോധിച്ച ശേഷം കാപ്പിക്കുടുക്ക തിരഞ്ഞെടുത്തു. ആനകള്‍ പതിവായി ഇറങ്ങുന്ന അപകടമേഖലയാണിത്. അന്വേഷണസംഘം മൃതദേഹം വീണ്ടെടുക്കാന്‍ എത്തിയപ്പോള്‍ വനംവകുപ്പ് പടക്കം പൊട്ടിച്ച് ആനകളെ തുരത്തിയാണ് പ്രവര്‍ത്തനം നടത്തിയത്.