- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈറിച്ച് കേസ് റദ്ദാക്കണമെന്ന് കമ്പനി ഉടമകൾ
തൃശൂർ: ഹൈറിച്ച് തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികളായ കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്. ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു. ബാങ്ക് നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളുമാണ് മരവിപ്പിച്ചത്.
ഹൈറിച്ച് സ്മാർട്ട്ടെക് പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് ഓൺലൈൻ ഷോപ്പെ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനി പ്രമോട്ടർമാർ, അനുബന്ധ കമ്പനികൾ എന്നിവയുടെ നിക്ഷേപങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മരവിപ്പിച്ചത്. ജനുവരി 23 നും, 24 നും ഹൈറിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ തൃശൂരിലെ കമ്പനി ഓഫീസുകളിലും, രണ്ട് കമ്പനി ഡയറക്ടർമാരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അതുകൂടാതെ, ഹൈറിച്ചിന്റെ സോഫ്റ്റ് വെയറും, റെക്കോഡുകളും പരിപാലിക്കുന്ന ജിപ്ര ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനെ തുടർന്നാണ് ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചത്.
അതിനിടെ, 1693 കോടിരൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ ഒളിവിലുള്ള ഹൈറിച്ച് കമ്പനി ഉടമകൾക്കായി ഇഡി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യയും സിഇഒയുമായ ശ്രീന എന്നിവർക്കെതിരെയാണ് ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്. 19 കേസുകൾ പ്രതികൾക്കെതിരെ ഉണ്ടെങ്കിലും 10 കേസുകളും പണം നൽകി പ്രതികൾ ഒത്തുതീർപ്പാക്കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച തൃശൂർ പുതുക്കാടുള്ള വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതിന് പിറകെയാണ് ഹൈറിച്ച് ഉടമകൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഒളിവിൽ പോയത്. റെയ്ഡിൽ കണ്ടെത്തിയ 212 കോടി രൂപയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചതിന് പിന്നാലെയാണ് ലുക്ക് ഔട്ട് നോട്ടീസ് കൂടി ഇറക്കിയത്. കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് നിലവിൽ കേസിലെ പ്രതികൾ.
വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷൻ അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്. പ്രതികൾ രാജ്യം വിട്ട് പോയിട്ടില്ലെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്. കമ്പനിയിലും വീട്ടിലും രണ്ട് ദിവസം നീണ്ട പരിശോധനയിൽ 1115 കോടിരൂപ പ്രതികളുടെ അക്കൗണ്ടിൽ എത്തിയെന്നതിന് രേഖകൾ ഇഡി ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. ക്രിപ്റ്റോ അറൻസി, ഹൈറിച്ച് കോയിൻ എന്നിവയിലൂടെ വൻ തുക ലാഭം വാഗ്ദാനം ചെയ്താണ് പ്രധാന തട്ടിപ്പ്, പ്രതികൾക്കെതിരെ നിലവിൽ 19 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മൂന്ന് കേസുകളിൽ 5 വർഷം വീതം തടവിന് നേരത്തെ കോടതി ശിക്ഷിച്ചിരുന്നു. 10 കേസുകൾ പണം നൽകി ഒത്തുതീർപ്പാക്കുകയും ചെയ്തിട്ടുണ്ട്.
മറ്റ് കേസുകളിൽ കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. പ്രതികൾ നൽകിയ മുൻകൂർ ജാമ്യ ഹർജി നിലവിൽ എറണാകുളം സെഷൻസ് കോടതിയുടെ പരിഗണിനയിലാണ്. കേരളത്തിൽ നടന്ന എറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്നും പ്രതികൾക്ക് ജാമ്യം നൽകരുതെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ചയായിരിക്കും കോടതി പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് തന്നെ ഇരുവരെയും പിടികൂടാനുള്ള ഊർജിത ശ്രമത്തിലാണ് ഇഡി.
.
എന്താണ് ഹൈറിച്ച്?
കേവലം എണ്ണൂറ് രൂപയിൽ ബിസിനസ് ആരംഭിക്കാമെന്നാണ് ഹൈറിച്ച് വാഗ്ദാനം. മുടക്കുന്ന എണ്ണൂറ് രൂപയ്ക്ക് ആവശ്യമുള്ള സാധനങ്ങൾ ലഭിക്കും. പിന്നീട് രണ്ടുപേരെ ചേർക്കാം. ചങ്ങല വലുതാവുന്നതിനുസരിച്ച് വരുമാനവും ലഭിച്ചു തുടങ്ങും. ഇതിനൊപ്പം ഹൈറിച്ച് സൂപ്പർ മാർക്കറ്റിൽ നിന്ന് ചങ്ങലയിൽ താഴെയുള്ളവർ സാധനങ്ങൾ വാങ്ങുമ്പോൾ മുകളിലുള്ളയാൾക്ക് കമ്മിഷൻ ലഭിക്കും.
റോയൽറ്റി ക്യാഷ് റിവാർഡ്, ടൂർ പാക്കേജ്, ബൈക്ക്, കാർ ഫണ്ട്, വില്ല ഫണ്ട് തുടങ്ങിയ നിരവധി ഓഫറുകൾ നൽകിയാണ് കമ്പനി ആളുകളെ ആകർഷിച്ചത്. നിലവിൽ 600 ഓളം സൂപ്പർ മാർക്കറ്റുകളും 1.57 കോടിയോളം ഉപഭോക്താക്കളും തങ്ങൾക്കുണ്ടെന്നാണ് കമ്പനി സിഇഒ ശ്രീന അവകാശപ്പെടുന്നത്. ആക്ഷൻ ഒടിടി എന്ന പ്ലാറ്റ്ഫോം വിലയ്ക്കെടുത്താണ് ഹൈറിച്ച് ഒടിടി എന്ന പേരിൽ കമ്പനി ഒടിടി പ്ലാറ്റ് ഫോം ആരംഭിച്ചത്.
നിരവധി ചിത്രങ്ങൾ ഇതിലൂടെ റിലീസ് ചെയ്തിട്ടുണ്ട്. സിനിമാ നിർമ്മാണവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഹൈറിച്ചിന്റെ ചങ്ങലക്കണ്ണികൾ പടർന്നിട്ടുണ്ട്.
സ്വത്തുക്കൾ ജപ്തി ചെയ്തു
ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ ജപ്തി ചെയ്ത് കളക്ടർ ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ബഡ്സ് ആക്റ്റിന് വിരുദ്ധമായി അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും, നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം നൽകാതെ വഞ്ചനാക്കുറ്റം ചെയ്തതിന്റെയും അടിസ്ഥാനത്തിലാണ് ജപ്തി.
നിക്ഷേപ തട്ടിപ്പിന് എതിരായ പരാതികളിൽ സെഷൻസ് കോടതിയുടെ നിർദ്ദേശപ്രകാരം ചേർപ്പ് പൊലീസെടുത്ത കേസിലാണ് നടപടി. മാനേജിങ് ഡയറക്ടർമാരായ കോലാട്ട് പ്രതാപൻ, ഭാര്യ കാട്ടൂക്കാരൻ ശ്രീധരൻ ശ്രീന എന്നിവരും മറ്റുജീവനക്കാരും, നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ച് മണിചെയിൻ മാതൃകയിലും നിക്ഷേപം സ്വീകരിക്കുന്നതിന് എതിരെ ആയിരുന്നു പരാതി.
ജിഎസ്ടി വെട്ടിപ്പും
126 കോടിയുടെ നികുതിവെട്ടിപ്പാണ് ഹൈറിച്ച് നടത്തിയതെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാന ജി.എസ്.ടി. പിടികൂടുന്ന ഏറ്റവും വലിയ നികുതിവെട്ടിപ്പാണിത്. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴിയാണ് ഈ വമ്പൻ നികുതിവെട്ടിപ്പ് നടത്തിയത്. ഒ.ടി.ടി. പ്ലാറ്റ്ഫോം ഉൾപ്പെടെ വിവിധ മേഖലകളിൽ ഈ സ്ഥാപനവും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഈ സ്ഥാപനം മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. ഇതിനെ മറയ്ക്കാൻ ഡിജിറ്റൽ സ്പേസ്-ഉത്പന്ന വിൽപ്പനകൾ നടത്തിയിരുന്നു.
ഇതിലെ ഉത്പന്നവിൽപ്പനകൾക്ക് ജി.എസ്.ടി. അടച്ചില്ലെന്നതാണ് കുറ്റം. ഒരാൾ രണ്ടോ മൂന്നോ പേരെ ഇതിലേക്ക് ചേർക്കുമ്പോൾ ആദ്യത്തെ ആൾക്ക് പണം തിരിച്ചുകിട്ടുന്ന മണിചെയിൻ രീതിയിലായിരുന്നു പിടിക്കപ്പെടുന്നത്. സംസ്ഥാന ജി.എസ്.ടി.യുടെ കാസർകോട് ഇന്റലിജൻസ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. സ്ഥാപനത്തിന്റെ ഓൺലൈൻ പരസ്യങ്ങളിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്.