- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐക്ക് വിട്ട് സർക്കാർ
കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ട് സംസ്ഥാനസർക്കാർ ഉത്തരവിറക്കി. ചേർപ്പ് പൊലീസ് അന്വേഷിക്കുന്ന കേസാണ് അതീവരഹസ്യമായി സിബിഐക്ക് വിട്ടത്. കൊച്ചി കേന്ദ്രീകരിച്ച് നടന്ന 'മാസ്റ്റേഴ്സ് ഫിൻസെർവ്' സാമ്പത്തിക തട്ടിപ്പ് കേസും സംസ്ഥാന സർക്കാർ സി ബി എൈ ക്ക് വിട്ടിട്ടുണ്ട്.
ഹൈറിച്ച് കേസ് സിബിഐക്ക് വിട്ടുള്ള വിജ്ഞാപനം കഴിഞ്ഞമാസം തന്നെ സർക്കാർ പുറത്തിറക്കിയിരുന്നു. ഏപ്രിൽ അഞ്ചിന് കേസുമായി ബന്ധപ്പെട്ട പെർഫോമ റിപ്പോർട്ട് അടിയന്തരമായി കൈമാറാനും ഉത്തരവുണ്ടായി. ഇക്കണോമിക് ഒഫൻസ് വിങ്ങിലെ ഡിവൈ.എസ്‌പി. മുഖാന്തരം പെർഫോമ റിപ്പോർട്ട് അടിയന്തരമായി ഡൽഹിയിൽ എത്തിക്കണമെന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം.
ബഡ്‌സ് നിയമപ്രകാരം ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കേസ് സിബിഐയ്ക്ക് വിട്ടിരിക്കുന്നത്.ഡിജിപിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്.
750 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് ആഭ്യന്തര വകുപ്പിന്റെ കണ്ടെത്തൽ. ഇത് സിബിഐ അന്വേഷിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി സർക്കാരിനോട് നിർദ്ദേശിക്കുകായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. മൾട്ടിലെവൽ മാർക്കറ്റിങ് സ്‌കീമിലേക്കുള്ള മെമ്പർഷിപ്പ് ഇനത്തിൽ കെ.ഡി. പ്രതാപനും ഭാര്യയും ചേർന്ന് 1157 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. എച്ച് ആർ കോയിൻ എന്ന പേരിൽ ഒരു കോയിൻ പുറത്തിറക്കി ഇതിലൂടെ നിക്ഷേപകരിൽ നിന്ന് 1138 കോടി രൂപ സമാഹരിച്ചെന്നും എൻഫോഴ്സ്‌മെന്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
സമീപകാലത്ത് നടന്ന ഏറ്റവും വലിയ കള്ളപ്പണ ഇടപാടാണ് ഹൈറിച്ച് എന്നാണ് ഇഡി വിശേഷിപ്പിച്ചത്. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 19 കേസുകളുണ്ടെന്നും മുൻകൂർ ജാമ്യപേക്ഷയെ എതിർത്ത് ഇ.ഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.അഞ്ചു കമ്പനികൾ വഴിയാണ് 1157 കോടി രൂപ തട്ടിയെടുത്തത്. ക്രിപ്റ്റോ ഇടപാടുകൾ വഴി കോടികളുടെ കള്ളപ്പണ ഇടപാടാണ് ദമ്പതികൾ നടത്തിയത്. അഞ്ചു കമ്പനികളുടെ പേരിൽ 50 ബാങ്ക് അക്കൗണ്ടുകളിലായി 212 കോടി രൂപയാണ് ഉണ്ടായിരുന്നത്. ഇത് ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്. സമാഹരിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സംശയമുണ്ട്. പ്രതാപനും ഭാര്യ ശ്രീനയും ഹൈറിച്ച് കൂപ്പൺ വഴിയും നിക്ഷേപകരുമായി ഇടപാടുകൾ നടത്തിയിരുന്നു.
ഹൈറിച്ച് കേസിൽ ഇ.ഡി. റെയ്ഡിനെത്തുന്ന വിവരങ്ങളടക്കം പ്രതികൾക്ക് ചോർന്നുകിട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സി ബി ഐ ക്ക് വിടാനുള്ള നടപടിക്രമങ്ങൾ അതീവരഹസ്യമായി കൈകാര്യംചെയ്തതെന്നാണ് സൂചന.
കാക്കനാട് ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന 'മാസ്റ്റേഴ്സ് ഫിൻസെർവ്' എന്ന സ്ഥാപനത്തിന്റെ മറവിലാണ് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടന്നത്. ഓഹരി വിപണിയിൽ പണം മുടക്കിയാൽ വൻ ലാഭം വാഗ്ദാനം ചെയ്ത് 2018 ജൂൺ 25 മുതൽ 2022 ജൂലായ് ഏഴുവരെയുള്ള സമയത്തായിരുന്നു തട്ടിപ്പ്. കേസിനെ തുടർന്ന് സ്ഥാപന ഉടമകളായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവർ ദുബായിലേക്ക് കടന്നിരുന്നു. ഇരുവരെയും പിന്നീട് ഡൽഹിയിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേരള പൊലീസ് രജിസ്റ്റർ ചെയ്ത വിവിധ എഫ്.ഐ.ആറുകളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. പ്രതികളുടെ 30 കോടി രൂപയുടെ സ്വത്ത് ഇ.ഡി. സംഘം കണ്ടുകെട്ടുകയുംചെയ്തു.