തൃശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികൾക്ക് വൻ തിരിച്ചടി. താത്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തി ചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ നടപടി തേഡ് അഡീഷണൽ സെഷൻസ് കോടതി അംഗീകരിച്ചതോടെ ഇനി പരാതിക്കാർ കൂടും. ഹൈറിച്ചിന്റെയും ഹൈറിച്ച് ഉടമകളുടേയും സ്വത്തുക്കൾ കലക്ടറുടെ കൈവശത്തിലാകുമ്പോൾ പറ്റിക്കപ്പെട്ടവർക്ക് പരാതി കൊടുക്കേണ്ട സ്ഥിതി വരും. ഏകദേശം ഇരുന്നൂറ് കോടി രൂപയുടെ സ്വത്തുക്കളാണ് സർക്കാർ ഏറ്റെടുക്കുക. കേസ് സിബിഐ അന്വേഷണത്തിന് സംസ്ഥാന സർക്കാർ വിട്ടിട്ടുണ്ട്.

കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്. എന്നാൽ കോടതി ഇത് മണിച്ചെയിൻ തട്ടിപ്പാണെന്ന് സ്ഥിരീകരിച്ചതോടെ സിബിഐക്ക് മുന്നിൽ കൂടുതൽ പരാതിക്കാർ വരാനാണ് സാധ്യത. അല്ലാത്ത പക്ഷം നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാത്ത സാഹചര്യം വരും. നിക്ഷേപകർക്ക് പണം മടക്കി നൽകാൻ വേണ്ടി കൂടിയാണ് സ്വത്ത് സർക്കാർ ഏറ്റെടുക്കുന്നത്.

ജില്ലാ കളക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്സ് ആക്ട് അനുസരിച്ച് പ്രതികളുടെ സ്വത്ത് കണ്ട് കെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്. കേരളത്തിൽ ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്. ഇഡിയും ക്രൈം ബ്രാഞ്ചുമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ സാമ്പത്തിക അന്വേഷണ വിഭാഗമാണ് കേസുകൾ അന്വേഷിക്കുന്നത്. ഉടൻ കേസ് സിബിഐ ഏറ്റെടുക്കും. ആകെ 750 കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക നിഗമനം.

സ്വത്ത് കണ്ടുകെട്ടിയ നടപടി കോടതി സ്ഥിരപ്പെടുത്തിയതോടെ പാളിയത് കൂടുതൽ പരാതി ഉയരുന്നത് ഒഴിവാക്കാനുള്ള ഉടമകളുടെ നീക്കം. ബഡ്‌സ് ആക്ട് പ്രകാരം കലക്ടർ സ്വത്ത് മരവിപ്പിച്ച നടപടി അസാധുവാക്കുമെന്നാണ് നിക്ഷേപകരോട് ഹൈറിച്ച് ഉടമകൾ പറഞ്ഞിരുന്നത്. ഇതിനാൽ പലരും പരാതിയുമായി എത്താൻ മടിച്ചു. ഇനി കൂടുതൽ പരാതി എത്തും. 67 ബാങ്ക് അക്കൗണ്ടുകളും 11 വാഹനങ്ങളും ഭൂസ്വത്തുക്കളും ഇതിലുൾപ്പെടുന്നു. കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പാണെന്ന് പൊലീസ് നേരത്തേ കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

മണിചെയിനിലൂടെ 1630 കോടിയുടെ തട്ടിപ്പ് നടത്തിയതായും വ്യക്തമാക്കിയിരുന്നു. ഓൺലൈൻ വ്യാപാരത്തിന്റെ പേരിൽ മണിചെയിൻ നടത്തി നിയമപരമല്ലാതെ നിക്ഷേപം സ്വീകരിച്ചതായും ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിലാണ് മണിചെയിൻ തട്ടിപ്പ് നടന്നതെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു. പൊലീസ് ശിപാർശയെ തുടർന്നാണ് അന്വേഷണം സംസ്ഥാന സർക്കാർ സിബിഐക്ക് കൈമാറിയത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിന്റെ സഹോദര സ്ഥാപനമായ അനശ്വര ട്രേഡേഴ്‌സിന്റെ ഗ്രോസറി വ്യാപാരത്തിലേക്ക് എന്ന പേരിലാണ് ആദ്യം നിക്ഷേപം സ്വീകരിച്ചത്.

പിന്നീട് ക്രിപ്‌റ്റോ കറൻസി, ഒ.ടി.ടി തുടങ്ങി വ്യത്യസ്ത മാർഗങ്ങളിലൂടെ പണം ശേഖരിക്കുകയായിരുന്നു. ഉപഭോക്താക്കളുടേതായി 1,63,000 ഐ.ഡികളാണ് ഹൈറിച്ചിനുള്ളത്. ഇതിൽനിന്നാണ് 1630 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടാകാമെന്ന വിലയിരുത്തലിലേക്ക് പൊലീസ് എത്തിയത്. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കമ്പനിയുടെ സ്വത്തുക്കൾ താൽക്കാലികമായി മരവിപ്പിക്കാൻ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും ബഡ്‌സ് ആക്ട് കോമ്പിറ്റന്റ് അഥോറിറ്റിയുമായ സഞ്ജയ് കൗൾ തൃശൂർ ജില്ല കലക്ടർക്ക് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്നായിരുന്നു കലക്ടർ വി.ആർ. കൃഷ്ണതേജയുടെ നടപടി.