- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹൈറിച്ച് തട്ടിച്ചത് 3141 കോടി രൂപയുടെ നിക്ഷേപം: മുഖ്യമന്ത്രി
തൃശൂർ: ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ 3141 കോടി രൂപ ഇതുവരെ നിക്ഷേപമായി സ്വീകരിച്ചെന്ന് കണ്ടെത്തിയതായി സംസ്ഥാന സർക്കാർ. നിയമസഭയിൽ എറണാകുളം എംഎൽഎ ടി ജെ വിനോദിന്റെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതികൾ പൊതുജനങ്ങളിൽ നിന്നായി 3141,33,91,800 രൂപയുടെ നിക്ഷേപം സ്വീകരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഹൈറിച്ച് കമ്പനിയുടെ മാനേജിങ് ഡയറക്ടർ കെ ഡി പ്രതാപനും, ഭാര്യയും കമ്പനി സിഇഒയുമായ ശ്രീനയ്ക്കുമായി ഇഡി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂർ ചേർപ്പ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സർക്കുലേഷൻ സ്കീമിൽ നിയമ പ്രകാരമുള്ള ലംഘനങ്ങൾ കണ്ടെത്തുകയും കേസ് രജിസ്റ്റർ ചെയ്ത് സ്ഥാപനത്തിന്റെ സ്വത്തുക്കൾ കണ്ട് കെട്ടുകയും ചെയ്തിട്ടുണ്ട്. കേസിൽ അന്തർ സംസ്ഥാന പണമിടപാട് നടന്നതായി കണ്ടെത്താൻ കഴിഞ്ഞുവെന്നും എന്നാൽ അന്താരാഷ്ട്ര ഇടപാടുകൾക്ക് തെളിവുകൾ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
കൂടാതെ കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് പ്രതികൾ നടത്തിയിരിക്കുന്നതെന്നും അന്വേഷണത്തിൽ 1,157 കോടി രൂപ നിക്ഷേപകരിൽ നിന്ന് സ്വീകരിച്ചതായി സ്ഥിരീകരിച്ചുവെന്നും ഇഡി അധികൃതർ അറിയിച്ചു. പ്രതാപനെതിരെ സംസ്ഥാനത്ത് ഉടനീളം 19 കേസുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളതായി ഇഡി പിഎംഎൽഎ കോടതിക്ക് മുൻപായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
2011 ൽ തൃശ്ശൂരിലെ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇതിൽ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തത്. ഹൈറിച്ച് എന്ന സ്ഥാപനം തുടങ്ങുന്നതിനു മുൻപ് പ്രതാപൻ തൃശ്ശൂരിൽ ഗ്രീൻകോ സെക്യൂരിറ്റീസ് എന്ന പേരിൽ മറ്റൊരു മണി ചെയിൻ സ്ഥാപനം നടത്തിയിരുന്നുവെന്നും ഇതിന്മേൽ 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നുവെന്നും ചേർപ്പ് പൊലീസ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.
ഈ കേസുകളിൽ ജയിലിലായ പ്രതാപൻ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷമാണ് ഹൈറിച്ച് ആരംഭിക്കുന്നത്. നിലവിൽ ഹൈറിച്ചിനെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മറ്റ് സ്റ്റേഷനുകളിലും നിരവധി പരാതികൾ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതായും പൊലീസ് പറഞ്ഞു. ഓൺലൈൻ ഷോപ്പി വഴിയും, എച്ച്ആർ ഒടിടി, എച്ച്ആർ കോയിൻ എന്നിവയുമായി ബന്ധപ്പെട്ട് 1693 കോടിയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസിന്റെ ആദ്യ കണ്ടെത്തൽ.
ഹൈറിച്ച് ആരംഭിച്ച ശേഷം 700 രൂപയ്ക്കോ അല്ലെങ്കിൽ 10,000 രൂപയ്ക്കോ വാങ്ങാൻ കഴിയുന്ന ഡിജിറ്റൽ കൂപ്പണുകൾ പ്രതികൾ പുറത്തിറക്കി. കൂടുതൽ ആളുകളെ ഈ മണി ചെയിനിലേക്ക് ചേർക്കുന്നവർക്ക് കമ്മീഷൻ ലഭിച്ചിരുന്നു. കമ്പനിയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോമായ എച്ച്ആർ ഒടിടി വഴിയും പ്രതികൾ നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചു.
പത്ത് ലക്ഷത്തിലധികം പേർ ഒടിടി പ്ലാറ്റ്ഫോം സബ്സ്ക്രൈബ് ചെയ്തതായി കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും 10,000 പേർ മാത്രമാണ് ഇതിലെ ഉള്ളടക്കങ്ങൾ കണ്ടത്. ക്രിപ്റ്റോ കറൻസികൾ വഴിയും കമ്പനി നിക്ഷേപങ്ങൾ സ്വീകരിച്ചിരുന്നു. നിക്ഷേപങ്ങൾ നൽകുന്നവർക്ക് എച്ച്ആർ കോയിൻ എന്ന പേരിൽ ഒരു ടോക്കണും നൽകി. കമ്പനിയുടെ എക്സ്ചേഞ്ചുകൾ വഴി ഈ ടോക്കണുകൾ ഉപയോഗിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നു.
അതിനിടെ ഹൈറിച്ച് തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികളായ കമ്പനി ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസിലെ പ്രതികളായ പ്രതാപനും ശ്രീനയുമാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി നടത്തിയത് ഓൺലൈൻ പലചരക്ക് വ്യാപാരമാണെന്ന് ഇവർ ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. മുൻകൂർ പണം വാങ്ങിയത് നിക്ഷേപമല്ലെന്നാണ് ഇവർ പറയുന്നത്. ബഡ്സ് ആക്ട് പ്രകാരമുള്ള കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
തൃശൂരിലെ ഹൈ റിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ 212.45 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചിരുന്നു. ബാങ്ക് നിക്ഷേപങ്ങളും, സ്ഥിര നിക്ഷേപങ്ങളുമാണ് മരവിപ്പിച്ചത്. ഹൈറിച്ച് സ്മാർട്ട്ടെക് പ്രൈവറ്റ് ലിമിറ്റഡ്, ഹൈറിച്ച് ഓൺലൈൻ ഷോപ്പെ പ്രൈവറ്റ് ലിമിറ്റഡ്, കമ്പനി പ്രമോട്ടർമാർ, അനുബന്ധ കമ്പനികൾ എന്നിവയുടെ നിക്ഷേപങ്ങളാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം മരവിപ്പിച്ചത്. ജനുവരി 23 നും, 24 നും ഹൈറിച്ച് ഓൺലൈൻ ഗ്രൂപ്പിന്റെ തൃശൂരിലെ കമ്പനി ഓഫീസുകളിലും, രണ്ട് കമ്പനി ഡയറക്ടർമാരുടെ വീടുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. അതുകൂടാതെ, ഹൈറിച്ചിന്റെ സോഫ്റ്റ് വെയറും, റെക്കോഡുകളും പരിപാലിക്കുന്ന ജിപ്ര ബിസിനസ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ കൊച്ചിയിലെ ഓഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഈ റെയ്ഡിനെ തുടർന്നാണ് ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചത്.