കൊച്ചി: ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് തട്ടിപ്പിൽ ഹൈറിച്ച് ഉടമകൾക്കെതിരെ എൻഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് നടപടികൾ കടുപ്പിച്ചു. ഇതേതുടർന്ന് കമ്പനിയുടമകളുടെ 260 കോടിയുടെ സ്വത്തുക്കൾ ഇ.ഡി മരവിപ്പിച്ചു. അന്വേഷണ ഭാഗമായി ഇ.ഡി കഴിഞ്ഞ ദിവസം കേരളം, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളിലെ 14 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കമ്പനിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലും പ്രമോട്ടേഴ്‌സ്, കുടുംബാംഗങ്ങൾ എന്നിവരുടെ അക്കൗണ്ടുകളിലും ഉണ്ടായിരുന്ന 32 കോടിയും മരവിപ്പിച്ച സംഖ്യയിൽ ഉൾപ്പെടുന്നുണ്ട്. ഇതോടൊപ്പം 70 ലക്ഷം രൂപയുടെ കറൻസികൾ, നാല് കാറുകൾ, പ്രമോട്ടർമാരുടെയും കമ്പനിനടത്തിപ്പുകാരുടെയും 15 കോടിയുടെ വസ്തുവകകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.

മൾട്ടിലെവൽ മാർക്കറ്റിങിൽ അംഗത്വ ഫീസ് ഇനത്തിൽ മാത്രം 1157 കോടി തട്ടിയെന്നും ഇതിൽ 250 കോടി പ്രമോട്ടർമാരായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ കൈക്കലാക്കിയെന്നുമാണ് അന്വേഷണ സംഘം ആരോപിക്കുന്നത്. കൂടാതെ ഇവർ ക്രിപ്‌റ്റോ കറൻസി ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തെ തുടർന്ന് ആദ്യഘട്ടത്തിൽ 212 കോടി രൂപ മരവിപ്പിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് 48 കോടി രൂപ കൂടി മരവിപ്പിച്ചത്.

വാട്‌സാപ്പ് ഗ്രൂപ്പുകൾ വഴി തുണിത്തരങ്ങളും പലചരക്കും കച്ചവടം നടത്തിയാണ് ഹൈറിച്ച് ഗ്രൂപ്പുകാരുടെ തുടക്കം.പിന്നീട് പലചരക്ക് മുതൽ ഫാഷൻ വരെ ആളുകളിലേക്ക് എത്തിക്കുന്ന ഒരു ഇ കോമേഴ്സ് വെബ്സൈറ്റിലേക്ക് മാറുകയായിരുന്നു.കെ ഡി പ്രതാപൻ സ്ഥാപകനായും ഭാര്യ ശ്രീനാ പ്രതാപൻ സഹസ്ഥാപകയും ആയ കമ്പനി. പ്രതാപൻ ആദ്യം ജോലി ചെയ്തിരുന്ന കമ്പനി, ചില നിയമ കുരുക്കുകളിൽപെട്ട് തകർന്നതോടെയാണ് ഹൈറിച്ച് എന്ന കമ്പനിയുടെ ആശയം ഉദിക്കുന്നത്.

ഇടനിലക്കാരില്ലാതെ ഫാക്ടറികളിൽ നിന്നുള്ള പ്രൊഡക്ടുകൾ വാങ്ങി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്നും ഏറ്റവും വിലക്കുറവിൽ ആളുകൾക്ക് സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നുമായിരുന്നു കമ്പനിയുടെ വാദം. പതിയെ കമ്പനി വളരാൻ തുടങ്ങി . 2019 ൽ ആരംഭിച്ച കമ്പനി 2022 എത്തി നില്കുമ്പോഴേക്കും ഒരു സാധാരണ ഇ കോമേഴ്സ് വെബ്സൈറ്റിന് അപ്പുറം മൾട്ടി ലെവൽ മാര്‌കെറ്റിങ്ങിലേക്ക് വളർന്നു.

സൂപ്പർ മാർക്കറ്റുകൾ,ഫാം സിറ്റി, ക്രിപ്റ്റോ കറൻസി,എച്ച്.ആർ ഒ.ടി.ടി, എച്ച്.ആർ സ്യൂട്ടിങ്, എച്ച്.ആർ. മാട്രിമോണി, സ്മാർട്ട്ടെക്ക് ഐ.ടി കമ്പനി, എച്ച്.ആർ പ്രൊഡക്ഷൻസ് എന്നിങ്ങനെ ധാരാളം മേഖലകളിൽ അവർ പ്രസിദ്ധികേട്ടു.അങ്ങനെ ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും അവർക്ക് ഉണ്ട് .വെറും 3 വര്ഷം കൊണ്ട് ഒരു കമ്പനിക്ക് എത്താൻ കഴിയാവുന്ന ഉയർച്ചയുടെ ഉച്ചിയിൽ എത്തി നിൽക്കുന്ന സമയത്താണ് ഉയർച്ചക്ക് പിന്നിൽ ആരും കേൾക്കാത്ത പല സത്യങ്ങളും പുറത്ത് വരാൻ തുടങ്ങിയത്.

കേരളം കണ്ടതിൽ വച്ചുള്ള ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് ഇത്. ഏകദേശം 1,63,000 ആളുകളിൽ നിന്ന് പതിനായിരം രൂപ വച്ച് വാങ്ങി 1500 കോടിയേലേറെ രൂപയുടെ പണം തട്ടിപ്പാണ് നടന്നത്. ഓൺലൈൻ ബിസിനെസ്സ് എന്ന പേരിൽ കൂടുതൽ ആളുകളെ ചേർത്താൽ വലിയ തുകകൾ നൽകാമെന്ന്പ റഞ്ഞുള്ള മോഹനവാഗ്ദ്ധാനങ്ങൾ നൽകി മണിചെയിൻ തട്ടിപ്പ്, കുഴൽ പണം തട്ടിപ്പ് , ക്രിപ്‌റ്റോറൻസി തട്ടിപ്പ്, നിയന്ത്രണത്തിലുള്ള എച്ച്.ആർ. ഒ.ടി.ടി. വഴി സിനിമ കാണുന്നവരുടെ എണ്ണം പെരുപ്പിച്ചു കാണിച്ചുവെന്നും കണ്ടെത്തിയതതായി അന്വേഷണസംഘം.

126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയത് പുറത്ത് വന്നതോടെ പ്രതാപനെ ജി എസ് ടി വിഭാഗം അറസ്റ്റ് ചെയ്തിരുന്നു.എന്നാൽ ജാമ്യത്തിൽ ഇറങ്ങുകയുണ്ടായി.