- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീനിയും ഭർത്താവും ഒളിവിലും സുരക്ഷിതർ; കേന്ദ്ര ഏജൻസികൾ രണ്ടും കൽപ്പിച്ച്
ന്യൂഡൽഹി: ഹൈ റിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും ഒളിവിൽ തന്നെ. ഇവരെ കണ്ടെത്താൻ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ക്രിപ്റ്റോ കറൻസി, ഒടിടി പ്ലാറ്റ്ഫോം എന്നിവയുടെ മറവിൽ ഹൈ റിച്ച് എംഡി വി.ഡി പ്രതാപനും ഭാര്യയും സിഇഒയുമായ ശ്രീനയും തട്ടിയത് അഞ്ഞൂറ് കോടിയിലേറെ രൂപയെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. ഇവർ ഒളിവിൽ തുടരുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയിലാണെന്നും ഇഡി വിലയിരുത്തുന്നു.
ഇ.ഡി. കേസിൽ അറസ്റ്റിലേക്ക് നീങ്ങിയേക്കുമെന്ന സാഹചര്യത്തിൽ ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപനും ഭാര്യ ശ്രീന പ്രതാപനും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നാണ് ഇ.ഡി. അധികൃതർ പറയുന്നത്. ഇവർക്കെതിരേ മുൻപും സമാന കേസുള്ള വിവരം കോടതിയെ അറിയിക്കും. ഓൺലൈൻ ഷോപ്പിങ് ഉൾപ്പെടെയുള്ള ബിസിനസുകളുടെ മറവിൽ 'ഹൈറിച്ച്' കമ്പനി 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് ഇഡി ഇടപെട്ടത്.
തട്ടിച്ച ശതകോടികളിൽ വലിയൊരു പങ്ക് വിദേശത്തേക്കു കടത്തിയ ഹൈറിച്ച് ഉടമകൾ, കാനഡയിൽ രൂപീകരിച്ച കമ്പനി കേന്ദ്രീകരിച്ചും ഇഡി അന്വേഷണം ആരംഭിച്ചു. ഇടപാടുകൾക്ക് ഇടനിലക്കാരായ പത്തിലേറെ പൊലീസുകാരും ഉന്നത രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയിൽ ഉൾപ്പെടും. ഇവരുടെ കേന്ദ്രങ്ങളിലും കേന്ദ്ര ഏജൻസികൾ പരിശോധന നടത്തുന്നുണ്ട്. ഹൈ റിച്ച് ഉടമകളെ കണ്ടെത്താൻ പൊലീസ് മതിയായ സഹായം നൽകുന്നില്ലെന്ന വിലയിരുത്തലും കേന്ദ്ര ഏജൻസിക്കുണ്ട്. ഈ സാഹചര്യത്തിൽ എൻഐഎ അടക്കമുള്ളവരുടെ സഹായം തേടും. വിദേശത്തേക്ക് കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകും.
ഓൺലൈൻ മാർക്കറ്റിങ്, മണിചെയിൻ ഇടപാടുകൾക്കു പുറമെ ഹൈ റിച്ച് ഉടമകൾ കോടികൾ തട്ടിയെടുത്ത വഴികളിലൂടെയാണ് ഇഡി അന്വേഷണം തുടരുന്നത്. കഴിഞ്ഞ വർഷമാണ് ഹൈറിച്ച് ഗ്രൂപ്പിന്റെ എച്ച്ആർ ഒടിടി തുടങ്ങിയത്. സ്വർണകള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ ഭീഷണിപ്പെടുത്തിയെന്ന് പരാതി നൽകിയ വിജേഷ് പിള്ളയുടെ ആക്ഷൻ ഒടിടിയാണ് ഹൈറിച്ച് ഉടമകൾ വാങ്ങിയത്. പുത്തൻപടങ്ങളടക്കം റിലീസ് ചെയ്ത് സബ്സ്ക്രൈബേഴ്സിനെ ആകർഷിക്കുകയായിരുന്നു ലക്ഷ്യം. ആയിരകണക്കിന് ആളുകളിൽ നിന്ന് അഞ്ച് ലക്ഷം വീതം നിക്ഷേപം വാങ്ങിയായിരുന്നു തുടക്കം.
ഇതിനു പിന്നാലെയാണ് എച്ച്ആർ ക്രിപ്റ്റോയുമായുള്ള രംഗപ്രവേശം. ഒരു എച്ച്ആർ ക്രിപ്റ്റോയുടെ മൂല്യം രണ്ട് ഡോളറാണ്. 160 ഇന്ത്യൻ രൂപ. ബേസിക്, പ്രീമിയം എന്നിങ്ങനെ തരംതിരിച്ച് ആയിരകണക്കിനു പേരിൽ നിന്നും സമാഹരിച്ചത് കോടികളാണ്. കാനഡയിൽ കമ്പനി രൂപീകരിച്ചത് ഹവാല ഇടപാടുകൾക്കാണെന്നും വിലയിരുത്തലുണ്ട്. 126 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പിന്റെ പേരിലും കമ്പനി കുടുങ്ങിയിരുന്നു. ജിഎസ്ടി വെട്ടിപ്പു മാത്രമെന്ന വാദമുയർത്തി പ്രതാപനും ശ്രീനയും പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും 1.63 ലക്ഷം നിക്ഷേപകരിൽ നിന്നായി 1630 കോടി തട്ടിയെന്ന പൊലീസ് റിപ്പോർട്ട് പുറത്തുവന്നതാണു നിർണായകമായത്.
എഴുപതോളം കടലാസ് കമ്പനികൾ നടത്തിയെന്നും ഇതിൽ 14 കമ്പനികൾ തൃശൂരിലാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. ഹൈറിച്ച്' ഓൺലൈൻ ഷോപ്പി ഉടമകളുടെ 203 കോടി രൂപയുടെ സ്വത്ത് മരവിപ്പിച്ചിട്ടുണ്ട്. 'ഹൈറിച്ച്' ഓൺലൈൻ ഷോപ്പിയുടെ മറവിൽ നടന്ന തട്ടിപ്പിൽ ഇ.ഡി.യും അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് നടപടി. ഹൈറിച്ച് കമ്പനി നടത്തിയത് വൻ തട്ടിപ്പാണെന്നാണ് ഇ.ഡി.യുടെ കണ്ടെത്തൽ. കമ്പനി സമാഹരിച്ച പണത്തിൽ 482 കോടി രൂപ മാത്രം ശേഖരിച്ചത് ക്രിപ്റ്റോകറൻസി വഴിയാണെന്നാണ് ഇ.ഡി. പറയുന്നത്.
ഹൈറിച്ചിന്റെ ഹെഡ് ഓഫീസ്, ഉടമകളുടെ രണ്ടുവീടുകൾ, തൃശ്ശൂരും എറണാകുളം ഇടപ്പള്ളിയിലുമുള്ള ശാഖകൾ എന്നിവിടങ്ങളിലാണ് കഴിഞ്ഞദിവസം ഇ.ഡി. റെയ്ഡ് നടത്തിയത്. പലചരക്ക് ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കായി ഹൈറിച്ച് ഓൺലൈൻ പ്ലാറ്റ് ഫോമിലൂടെ മൾട്ടിലെവൽ മാർക്കറ്റിങ് രീതിയിലാണ് ഇടപാടുകാരെ സൃഷ്ടിച്ചത്. ഇന്ത്യയിലാകെ 680 ഷോപ്പുകളും കേരളത്തിൽ 78 ശാഖകളും ഉണ്ട്. ഏതാണ്ട് 1.63 ലക്ഷം ഇടപാടുകാരുടെ ഐ.ഡി.കൾ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടാൻ ഒരു ഇടപാടുകാരന്റെ പേരിൽത്തന്നെ അമ്പതോളം ഐ.ഡി.കൾ സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. അങ്ങനെ കള്ളപ്പണം വെളുപ്പിച്ചുവെന്നാണ് സംശയം.