- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രതാപനേയും ശ്രീനയേയും സംരക്ഷിക്കുന്നവരും കുടുങ്ങും
കൊച്ചി: ഹൈറിച്ച് മണി ചെയിൻ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച് കമ്പനി ഉടമകളായ കെ.ഡി.പ്രതാപൻ, ഭാര്യ ശ്രീന എന്നിവർ സ്ഥിരം സാമ്പത്തിക കുറ്റവാളികളാണെന്ന നിലപാടുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.) എത്തുന്നത് തട്ടിപ്പിന്റെ ആഴം തിരിച്ചറിഞ്ഞ്. മുൻകൂർജാമ്യ ഹർജിയിലായിരുന്നു ഇഡി കോടതിയിൽ നിലപാട് അറിയിച്ചത്. സമാനസ്വഭാവമുള്ള 19 കേസുകളിൽ ഇവർ പ്രതികളാണെന്ന വിവരമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇതിൽ 3 കേസുകളിൽ വിചാരണ പൂർത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ കേസിൽ വാദം പറയാൻ പ്രതിഭാഗം കൂടുതൽ സാവകാശം തേടി. കേസ് കോടതി വെള്ളിയാഴ്ചത്തേക്കു മാറ്റി.
മണിചെയിൻ തട്ടിപ്പിനു പുറമേ 127 കോടി രൂപയുടെ നികുതി വെട്ടിച്ചതിനു ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോം, ക്രിപ്റ്റോ കറൻസി തുടങ്ങിയ ബിസിനസുകളിലും പണം മുടക്കി കോടികളുടെ ലാഭം നേടാമെന്നു വ്യാമോഹിപ്പിച്ചും പ്രതികൾ 1,157 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചിട്ടുണ്ടെന്നാണ് നിഗമനം. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഇതെന്നും കോടതിയിൽ ബോധിപ്പിച്ചു. ഈ സാഹചര്യത്തിൽ പ്രതികൾക്കു മുൻകൂർ ജാമ്യം ലഭിക്കുന്നത് അന്വേഷണം അട്ടിമറിക്കാൻ വഴിയൊരുക്കും. തെളിവുകൾ നശിപ്പിക്കാനും തട്ടിയെടുത്ത പണം ഒളിപ്പിക്കാനും പ്രതികൾക്കു സഹായകരമാകും.
അന്വേഷണത്തിൽ കണ്ടെത്തിയ 212 കോടി രൂപ മാത്രമാണ് ഇ.ഡി.ക്കു മരവിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കിയുള്ള തുക കണ്ടെത്തി കണ്ടുകെട്ടാനുള്ള നടപടി ആരംഭിക്കണം. ഇതിനായി പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു തെളിവെടുക്കണം. തട്ടിയെടുത്ത കോടിക്കണക്കിനു രൂപ ഹവാല വഴി വിദേശത്തേക്കു പ്രതികൾ കടത്തിയിട്ടുണ്ട്. ഇതിൽ 100 കോടി രൂപയുടെ പ്രാഥമിക വിവരം മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുള്ളത്. നിലവിൽ പ്രതികൾ ഒളിവിലാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്. ഇങ്ങനെ സഹായം കൊടുക്കുന്നവരെ കണ്ടെത്താനും ഇഡി അന്വേഷണം നടത്തുന്നുണ്ട്. ഇവരെ അറസ്റ്റു ചെയ്യാൻ എൻഐഎ അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ സഹായം ഇഡി തേടിയേക്കും.
തൃശൂർ ആസ്ഥാനമായ 'ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ്' 1630 കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ചേർപ്പ് പൊലീസ് നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ 100 കോടി രൂപയുടെ ഹവാല കടത്തുമായി ബന്ധപ്പെട്ടാണ് ഇഡി ഈ കേസ് അന്വേഷിക്കുന്നത്. ഓൺലൈൻ വഴി പലചരക്ക് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കമ്പനി ഓൺലൈൻ മണിചെയിൻ അടക്കം ആരംഭിക്കുകയും ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ജനങ്ങളിൽനിന്ന് നിക്ഷേപം വാങ്ങി തട്ടിപ്പു നടത്തിയെന്നാണ് ആരോപണം. ഇതിൽ രാഷ്ട്രീയക്കാരിൽ ചിലർക്കും പങ്കു കിട്ടി. ഇവരിലേക്കും അന്വേഷണം നീളും.
126 കോടി രൂപ വെട്ടിച്ചുവെന്ന് സംസ്ഥാന ജിഎസ്ടി വിഭാഗം കണ്ടെത്തുകയും ഉടമയായ കെ.ഡി. പ്രതാപൻ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ഇക്കാര്യങ്ങൾ കോടതിയിൽ സമർപ്പിച്ച 12 പേജ് വരുന്ന എതിർ സത്യവാങ്മൂലത്തിൽ ഇഡി ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഹൈറിച്ച് തട്ടിപ്പ് കേസിൽ പ്രതികൾ ആളുകളിൽ നിന്ന് സ്വീകരിച്ചത് 3141 കോടിയുടെ നിക്ഷേപമെന്ന് സംസ്ഥാന സർക്കാരും വെളിപ്പെടുത്തി. അന്തർ സംസ്ഥാന പണമിടപാട് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും എന്നാൽ അന്താരാഷ്ട്ര പണമിടപാട് നടന്നതിന് തെളിവുകൾ ഇതുവരെയുള്ള അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും നിയമസഭയിൽ ടി ജെ വിനോദ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
ഇത് ആദ്യമായാണ് ഹൈറിച്ച് ഉടമകൾ ആളുകൾ നിന്നും സ്വീകരിച്ച നിക്ഷേപത്തിന്റെ കണക്ക് പുറത്തുവരുന്നത്. അന്തർ സംസ്ഥാനങ്ങളിൽ നിന്നും നിക്ഷേപകരുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ നിക്ഷേപകരായിട്ടുണ്ടോ എന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും സർക്കാർ അറിയിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ 1600 കോടിയുടെ തട്ടിപ്പ് നടന്നുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ തട്ടിപ്പിന് അതിലും വലിയ വ്യാപ്തി ഉണ്ടെന്നാണ് ഇ ഡി യുടെ വിലയിരുത്തൽ.