തൃശൂർ: സാമ്പത്തിക തട്ടിപ്പ് കേസിൽ താൽക്കാലികമായി പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി സ്ഥിരപ്പെടുത്തണമെന്ന കലക്ടറുടെ ഉത്തരവ് തേർഡ് അഡീഷനൽ സെഷൻ കോടതി അംഗീകരിച്ചു. ഇതോടെ ഹൈറിച്ചിന്റെയും ഉടമസ്ഥരുടെയും സ്വത്തുക്കൾ കലക്ടറുടെ കൈവശമാകും.

ഏകദേശം 200 കോടി രൂപയുടെ സ്വത്താണ് സർക്കാർ ഏറ്റെടുക്കുക. തട്ടിപ്പ് കേസിൽ കൂടുതൽ പരാതിക്കാർ ഉണ്ടാകുന്നത് തടയാനാണ് ഹൈറിച്ച് തട്ടിപ്പുകാർ തുടക്കം മുതൽ ശ്രമിച്ചത്. എന്നാൽ, കോടതി ഇത് മണിചെയിൻ തട്ടിപ്പാണെന്നു സ്ഥിരീകരിച്ചതോടെ സിബിഐക്കു മുന്നിൽ കൂടുതൽ പരാതിക്കാർ വരും. കലക്ടറുടെ സമയബന്ധിതമായ ഇടപെടലാണ് ബഡ്സ് ആക്ട് അനുസരിച്ച് പ്രതികളുടെ സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയത്. പബ്ലിക് പ്രോസിക്യൂട്ടറും കേസ് നടത്തുന്നതിൽ വിജയിച്ചു.

കേരളത്തിൽ ബഡ്സ് ആക്ട് അനുസരിച്ച് സ്വത്ത് കണ്ടുകെട്ടിയ നടപടി സ്ഥിരപ്പെടുത്തിയ ആദ്യ കേസാണിത്. കേസുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ ഏപ്രിൽ 25ന് തന്നെ പൂർത്തിയായിരുന്നു. കേസ് മണിചെയിൻ തട്ടിപ്പല്ലെന്നും സാമ്പത്തിക തട്ടിപ്പുകളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താനാവില്ലെന്നുമായിരുന്നു ഹൈറിച്ചിന്റെ വാദം. എന്നാൽ കള്ളപ്പണ നിരോധന നിയമമടക്കമുപയോഗിച്ച് കേസെടുത്ത സാഹചര്യം പരിഗണിച്ചും സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചുമാണ് കേസിൽ ഇപ്പോൾ കോടതി വിധിയുണ്ടായിരിക്കുന്നത്.

അതിനിടെ ഹൈറിച്ച് തട്ടിപ്പിൽ ഇ ഡി അന്വേഷണവും മുന്നോട്ടു പോകുന്നുണ്ട്. തൃശൂരിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ ചാർട്ടേഡ് അക്കൗണ്ടന്റ് തൃശൂർ സ്വദേശി പ്രശാന്ത് പി. നായരുടെ ബാങ്ക് അക്കൗണ്ടിലേക്ക് സ്ഥാപന അക്കൗണ്ടിൽനിന്ന് 11.91 കോടി രൂപ കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

ഹൈറിച്ചിനെതിരായ ഇ.ഡി അന്വേഷണത്തിന്റെ ഭാഗമായി തന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് ചോദ്യംചെയ്ത് പ്രശാന്ത് നായർ നൽകിയ ഹരജിയിലാണ് ഇ.ഡിയുടെ വിശദീകരണം. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചത് പിൻവലിക്കണമെന്നും അന്വേഷണം തടയണമെന്നുമാണ് പ്രശാന്തിന്റെ ഹരജിയിലെ ആവശ്യം.

അതേസമയം ഓൺലൈൻ മൾട്ടിലെവൽ മാർക്കറ്റിങ് ബിസിനസ്സുകളുടെ മറവിൽ 1,157 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഹൈറിച്ച് ഉടമകൾ ഇടപാടുകാരുടെ പണം വൻതോതിൽ ക്രിപ്‌റ്റോ കറൻസിയിലേക്ക് മാറ്റിയെന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ഹൈറിച്ച് ഗ്രൂപ്പിന് 'എച്ച്.ആർ.സി. ക്രിപ്‌റ്റോ' എന്ന പേരിൽ ക്രിപ്‌റ്റോ കറൻസി ബിസിനസ് ഉണ്ടായിരുന്നു. ഹൈറിച്ച് സ്മാർടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ക്രിപ്‌റ്റോ കറൻസി ഇടപാടുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ക്രിപ്‌റ്റോകറൻസിയിലൂടെ വൻതോതിൽ ലാഭമുണ്ടാക്കാമെന്ന് പ്രലോഭിപ്പിച്ച് ഇടപാടുകരിൽനിന്നും ഇവർ നിക്ഷേപം സ്വീകരിച്ചിരുന്നു. ഏതാണ്ട് 20 കോടി രൂപയോളം ഇത്തരത്തിൽ ഹൈറിച്ചിലേക്ക് നിക്ഷേപമായി എത്തിയിട്ടുണ്ട്.

ഹൈറിച്ചിന്റെ ക്രിപ്‌റ്റോ കറൻസി സംബന്ധിച്ച വിവരങ്ങളെല്ലാം വലിയ താമസമില്ലാതെ പുറത്തുവരുമെന്നാണ് ഇ.ഡി. അന്വേഷണസംഘം വ്യക്തമാക്കുന്നത്. ക്രിപ്‌റ്റോ കറൻസി ഇടപാടുകളുണ്ടെന്നതിന് ശക്തമായ തെളിവ് കിട്ടിയാൽ കള്ളപ്പണം വെളുപ്പിക്കലിന് പുറമേ വിദേശ നാണ്യവിനിമയ ചട്ടം (ഫെമ) കൂടി ഈ കേസിൽ ഉൾപ്പെടുത്തിയേക്കും.