പത്തനംതിട്ട: ശബരിമലയിൽ ബിഎസ്എൻഎൽ കേബിളുകൾ നശിപ്പിക്കുകയും മോഷ്ടിക്കുകയും ചെയ്ത സംഭവം കേവലം മോഷണത്തിനപ്പുറം ആശങ്കാജനകമായ സുരക്ഷാ വീഴ്ചയെന്ന് ഹിന്ദു ഐക്യവേദി. കേബിളുകൾക്കൊപ്പം 2 ജി, 3 ജി കാരിയറുകളും നശിപ്പിക്കുകയും ഇവയിലെ കാർഡുകൾ പുറത്തെടുത്ത് കത്തിക്കുകയും ചെയ്തത് ഇവിടെ നിന്നുള്ള വിവരങ്ങൾ പുറം ലോകത്തെത്തുന്നതിനെ തടയുന്നതിനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കുന്നതായും ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ ഹരിദാസ് പറഞ്ഞു.

അതീവ സുരക്ഷാ മേഖലയായ ശബരിമലയിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് വളരെ ഉയരത്തിൽ നിൽക്കുന്ന ടവറുകളിൽ കയറി കേബിളുകൾ അഴിച്ച് താഴെയിറക്കുകയും. ഇവ കത്തിച്ച് ചെമ്പ് വേർപെടുത്തി കൊണ്ടുപോവുകയും ചെയ്തിട്ടും വനപാലകരും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ഉൾപ്പടെ ഉള്ളവർ അറിഞ്ഞില്ല. ശബരിമലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ട്രാക്ടറുകളും മറ്റും നിരന്തരം കടന്ന് പോകുന്ന ശരംകുത്തിക്കും മരക്കൂട്ടത്തിനുമിടയിലെ കേബിളുകൾ മോഷ്ടിക്കപ്പെട്ടത് ദുരുഹത ഉയർത്തുന്നു.

ശബരിമല വനമേഖലയോട് ചേർന്ന കോന്നി പാടം ഭാഗത്തും വടശേരിക്കര ബംഗ്ലാംകടവ് പാലത്തിനടിയിലും നിന്ന് ഉഗ്രസ്ഫോടന ശേഷിയുള്ള ജലാറ്റിൻ സ്റ്റിക്കുകൾ പിടിച്ചെടുത്ത സംഭവങ്ങളിൽ ഒരു അന്വേഷണവും നടന്നിട്ടില്ല എന്നും ഹരിദാസ് പറഞ്ഞു. സംഭവത്തിന് ശേഷം മോഷ്ടാക്കൾ പൊന്നമ്പലമേടിന് സമീപമുള്ള വനപാതയിൽ കൂടി സംസ്ഥാന അതിർത്തി കടന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തിന് പിന്നിൽ ആസുത്രിതമായ ഗൂഢാലോചന നടന്നതായി സംശയിക്കുത്തതായും ആഭ്യന്തര വകുപ്പിന്റെയും പൊലീസിന്റെയും വീഴ്‌ച്ചയായെ ഈ സംഭവത്തെ കാണാൻ സാധിക്കു എന്നും ഹിന്ദു ഐക്യവേദി നേതാക്കൾ ആരോപിച്ചു.