കൊച്ചി: ഹൈറിച്ച് ഓൺലൈൻ ഷോപ്പി തട്ടിപ്പുകേസിൽ ഒളിവിൽപോയ ഉടമകൾക്ക് വേണ്ടി ഉത്തരേന്ത്യയിലേക്കും അന്വേഷണം. ഹൈറിച്ച് ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ ഇവർ നേപ്പാളിലൂടെ വിദേശത്തേക്ക് മുങ്ങാൻ സാധ്യത അന്വേഷണ ഏജൻസികൾ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യയിലും നിരീക്ഷണം ശക്തമാക്കുന്നത്. ഇവരുടെ 55 ബാങ്ക് അക്കൗണ്ടുകളിലായുണ്ടായിരുന്ന 212 കോടി രൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു. എന്നാൽ ഇവർ ബിനാമി അക്കൗണ്ടിലേക്ക് പണം മാറ്റിയിട്ടുണ്ടാകുമെന്നും ഇഡി കണക്കു കൂട്ടുന്നു.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ സോഫറ്റ് വയർ കൈകാര്യം ചെയ്തിരുന്നതു കൊച്ചിയിലെ ജിപ്ര ബിസിനസ് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണെന്നു കണ്ടെത്തി. സോഫ്റ്റ് വെയറിൽ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ എണ്ണം പെരുപ്പിച്ചുകാട്ടിയെന്നായിരുന്നു അന്വേഷണത്തിൽ വ്യക്തമായത്. ഈ സ്ഥാപനത്തിലും ഇ.ഡി. അന്വേഷണസംഘം റെയ്ഡ് നടത്തിയിരുന്നു. കേസിന്റെ അന്വേഷണത്തിൽ ഏകദേശം 3,141,33,91,800 രൂപയാണ് നിക്ഷേപമായി സ്വീകരിച്ചതായി കണ്ടെത്തിയത്. കേസ് സിബിഐക്ക് കൈമാറുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. കാനഡയിലും പ്രതികൾക്ക് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും പ്രതികൾക്കായി നിരീക്ഷണം ശക്തമാണ്.

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി നാളെ പരിഗണിക്കും. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കേസിലെ വാദം കോടതി നാളത്തേക്ക് മാറ്റിവച്ചത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പുതന്നെ ഇരുവരെയും പിടികൂടാനുള്ള ശ്രമത്തിലാണ് ഇ.ഡി. മുൻകൂർ ജാമ്യം നൽകരുതെന്നും 2300 കോടി രൂപയുടെ തട്ടിപ്പാണ് പ്രതികൾ നടത്തിയതെന്നും ഇ.ഡി. കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. പ്രതികൾക്കെതിരേ വിവിധ ജില്ലകളിൽ പൊലീസ് രജിസ്റ്റർ ചെയ്ത 19 കേസുകളുടെ വിശദാംശങ്ങളും ഇ.ഡി. കോടതിയിൽ ഹാജരാക്കിയിരുന്നു.

ക്രിപ്‌റ്റോ കറൻസിയിൽ നിക്ഷേപിക്കുന്നതിനായി 810 കോടി രൂപ വിദേശത്തെത്തിച്ചതടക്കം ഗുരുതര സ്വഭാവമുള്ള സാമ്പത്തിക കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. നേരത്തെ കമ്പനി ഉടമകളുടെ 210 കോടിയുടെ സ്വത്തുക്കൾ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇ.ഡി. ഹൈറിച്ച് സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയത്. റെയ്ഡ് വിവരമറിഞ്ഞ് ഇവർ രക്ഷപ്പെടുകയായിരുന്നു. ഇവരുടെ 55 അക്കൗണ്ടുകളിലായുണ്ടായിരുന്ന 212.45 കോടിരൂപയുടെ നിക്ഷേപം അന്വേഷണസംഘം മരവിപ്പിച്ചിരുന്നു. എന്നാൽ വിദേശത്ത് ഇവർക്ക് വലിയ സമ്പത്തുണ്ടെന്നാണ് ഇഡിയുടെ കണക്കുകൂട്ടൽ. ഈ സാഹചര്യത്തിലാണ് വിമാനത്താവളത്തിലും അതിർത്തിയിലും എല്ലാം പരിശോധനയും നിരീക്ഷണവും ശക്തമാക്കുന്നത്.

കേരളം കണ്ടതിൽവെച്ച് ഏറ്റവുംവലിയ സാമ്പത്തികതട്ടിപ്പുകളിലൊന്നാണ് ഹൈറിച്ച് തട്ടിപ്പെന്ന് ഇ.ഡി. കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അംഗത്വ ഫീസ് ഇനത്തിൽമാത്രം പ്രതികൾ 1157 കോടി രൂപ തട്ടിയതായാണ് കണ്ടെത്തൽ. ഒട്ടേറെ പൊലീസ് സ്റ്റേഷനുകളിൽ ഹൈറിച്ചിനെതിരേ പരാതിയുണ്ടെങ്കിലും തുടർനടപടികളുണ്ടായിട്ടില്ല. മൾട്ടിലെവൽ മാർക്കറ്റിങ്ങിനുപുറമേ ഒ.ടി.ടി. പ്ലാറ്റ് ഫോം, ക്രിപ്റ്റോ കറൻസി ഇടപാടിനായി എച്ച്.ആർ.സി. ക്രിപ്റ്റോ, പൊള്ളാച്ചിയിൽ അനശ്വര ട്രേഡേഴ്സ്, നിധി ലിമിറ്റഡ്, തൃശ്ശൂർ കോടലിയിൽ ഫാം സിറ്റി എന്നീ സ്ഥാപനങ്ങളും ഇവർക്കുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഈ സ്ഥാപനങ്ങൾ ഉപയോഗിച്ചതായാണ് ഇ.ഡി. സംശയിക്കുന്നത്.

ഹൈറിച്ച് സ്മാർടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ അന്താരാഷ്ട്ര തലത്തിൽ ക്രിപ്റ്റോ കറൻസി ബിസിനസിലേക്ക് എന്നതിലേക്ക് ഇടപാടുകാരിൽനിന്ന് 20 കോടി രൂപ ശേഖരിച്ചു. പക്ഷേ, ഒരുതരത്തിലുമുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകളും കമ്പനി നടത്തിയിരുന്നില്ല. വലിയ ലാഭവും പലിശയും കിട്ടുമെന്ന പേരിൽ ഇടപാടുകാരെ കബളിപ്പിക്കുകയായിരുന്നു.