- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈറിച്ച് തട്ടിപ്പ് കേസ് എറ്റെടുക്കില്ല; ഹൈക്കോടതിയെ ധരിപ്പിച്ച് സിബിഐ; വിശദീകരണം കേസിലെ പ്രതികള്‍ നല്കിയ ഹര്‍ജിയില്‍
കൊച്ചി: ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഏറ്റെടുക്കില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍. മറ്റ് കേസുകളുടെ അമിതജോലി ഭാരം മൂലമാണ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്നാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും സിബിഐ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
കേസ് സിബിഐക്ക് വിട്ടശേഷവും സംസ്ഥാന പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നുവെന്ന് ആരോപിച്ച് ഹൈറിച്ച് ഡയറക്ടര്‍മാരായ പ്രതാപന്, ശ്രീന പ്രതാപന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിബിഐയുടെ വിശദീകരണം. സിബിഐയോട് കേസെടുക്കാന്‍ അഭ്യര്‍ഥിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും ഉത്തരവുണ്ടായിട്ടില്ല. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സിബിഐ അഭിഭാഷകന് കോടതിയില്‍ പറഞ്ഞു.
ഏപ്രില്‍ അഞ്ചിനാണ് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത്. ഇതിന്മേല് കേന്ദ്രസര്‍ക്കാര്‍ സിബിഐയുടെ റിപ്പോര്‍ട്ട് തേടി. നിലവില്‍ ശേഷിക്കപ്പുറം കേസുകള്‍ അന്വേഷിക്കുന്നുണ്ടെന്നും ആള്‍ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും മൂലം കേസെടുക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാറിന് നല്കിയ റിപ്പോര്‍ട്ടില്‍ സി.ബി.ഐ ബോധിപ്പിച്ചത്. കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടെങ്കിലും അവര്‍ ഏറ്റെടുക്കുന്നതുവരെ പൊലീസിന് അന്വേഷിക്കാമെന്ന് കോടതി നേരത്തേ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അതിനിടെ, ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി കെ ഡി പ്രതാപന് കൂരുക്കു മുറുക്കി കൂടുതല്‍ പരാതികള്‍ എത്തി. കേരളത്തില്‍ മാത്രമല്ല, മറ്റിടങ്ങളിലും പ്രതാപനും സംഘവും തട്ടിപ്പു നടത്തിയെന്നാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടി എത്തിയതോടെ ഇഡി അന്വേഷണം വിപുലപ്പെടുത്തുകയാണ്. കെ.ഡി. പ്രതാപന് കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് പ്രതിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതെന്ന് നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയത്. തൃശൂരിലെ കൂടാതെ ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപന് നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളിലാണ് ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി കെ.ഡി പ്രതാപന് അറസ്റ്റിലാകുന്നത്.
പ്രതാപനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപന് നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.
എച്ച് ആര് ഇന്നവേഷന്‍ എന്ന പേരില്‍ 24 ദിവസം കൊണ്ട് ഝാര്‍ഖണ്ഡില്‍ നിന്ന് ഇയാള്‍ 68 ലക്ഷം രൂപയാണ് തട്ടിച്ചത്. ഈ വര്‍ഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകള്‍ ആവര്‍ത്തിച്ചത്. ഝാര്‍ഖണ്ഡില്‍ നിക്ഷേപകരുടെ പേരില്‍ തന്നെ മറ്റൊരു കമ്പനി രജിസ്റ്റര്‍ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പ്രതാപനെ ഇഡി കഴിഞ്ഞയാഴ്ച ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
ഹൈറിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .പ്രതിയുടെ 243 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് കെട്ടിയിട്ടുണ്ട്.