- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സിപിഎം നേതാവിനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയ കാര്‍ ഓടിച്ചിരുന്നത് ഡോക്ടര്‍; മണിക്കൂറുകള്‍ക്ക് ശേഷം പരിക്കേറ്റയാള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടര്‍! താന്‍ കാറിപ്പിച്ച വ്യക്തിയാണെന്ന് അറിഞ്ഞിട്ടും അറിയില്ലെന്ന് നടിച്ചു; കണ്ണൂരിലെ അസ്ഥിരോഗ വിദഗ്ധനെതിരെ കേസെടുത്തു പോലീസ്
കണ്ണൂരിലെ അസ്ഥിരോഗ വിദഗ്ധനെതിരെ കേസെടുത്തു പോലീസ്

കണ്ണൂര്‍: മട്ടന്നൂരില്‍ കാല്‍നടയാത്രക്കാരനായ സിപിഎം നേതാവിനെ ഇടിച്ചിട്ട ശേഷം ഡോക്ടര്‍ കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ പൊലിസ് അപകടമുണ്ടാക്കിയ ഡോക്ടറെ കൈയ്യോടെ പൊക്കി കേസെടുത്തു. മണിക്കൂറുകള്‍ക്ക് ശേഷം പരിക്കേറ്റയാള്‍ക്ക് ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അതേ ഡോക്ടര്‍ തന്നെ യാതൊരു കുറ്റബോധത്തിന്റെ കണിക പോലുമില്ലാതെ പങ്കെടുത്തിരുന്നു.
ശസ്ത്രക്രിയ നടത്തിയ സംഘത്തിലും അപകടത്തിന് കാരണക്കാരനായ ഡോക്ടര്‍ ഉള്‍പ്പെട്ടുവെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. മട്ടന്നൂര്‍ നഗരസഭയിലെ പൊറോറമുക്കിലാണ് ദിവസങ്ങള്‍ക്ക് മുന്‍പ് അപകടം നടന്നത്. സംഭവത്തില്‍ പയ്യാമ്പലം ബീച്ച് റോഡ് സ്വദേശിയും പ്രമുഖ അസ്ഥിരോഗ വിദഗ്ധനുമായ ഡോ. സുഹൈല്‍ ബഷീറിനെതിരെയാണ് മട്ടന്നൂര്‍ പോലീസ് കേസെടുത്തത്.
സി.പി.എം. മട്ടന്നൂര്‍ മരുതായി നാലാങ്കരി ലോക്കല്‍ കമ്മിറ്റിയംഗം കെ. സുരേന്ദ്രനാണ് (68) ഡോക്ടറുടെ അമിതവേഗതയിലെത്തിയ കാറിടിച്ച് അപകടത്തില്‍പ്പെട്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇദ്ദേഹം.
അപകടത്തിന് പിന്നാലെ രക്തത്തില്‍ കുളിച്ച സുരേന്ദ്രനെ തിരിഞ്ഞു നോക്കാതെ ഡോക്ടര്‍ അമിത വേഗതയില്‍കാറോടിച്ച് പോകുകയായിരുന്നു. സുരേന്ദ്രന്റെ ഇടതു കാലിന്റെ എല്ല് പൊട്ടുകയും നെറ്റിയില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു സുരേന്ദ്രനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അപകടമുണ്ടാക്കിയ വാഹനം കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. കറുത്ത നിറത്തിലുള്ള കാറാണ് ഇടിച്ചതെന്ന് പോലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തി. ഇതിന്റെ മുന്‍വശത്തെ ഒരു ഹെഡ്‌ലൈറ്റ് തകര്‍ന്നിരുന്നു. ഇതിന്റെ ചില്ലുകള്‍ റോഡില്‍ വീണു കിടന്നിട്ടുണ്ട്. ഇതിനിടെ സുരേന്ദ്രനെ പ്രവേശിപിച്ച കണ്ണൂരിലെ സ്വകാര്യ ആശുപത്രി പരിസരത്ത് ഹെഡ്‌ലൈറ്റ് പൊട്ടിയ നിലയില്‍ കണ്ട ഒരു കറുത്ത കാര്‍ സുരേന്ദ്രന്റെ ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പയ്യാമ്പലം സ്വദേശി ഡോ. സുഹൈല്‍ ബഷീറിന്റെ കെ.എല്‍. 13 എ.ടി. 6780 എന്ന കാറാണ് ഇതെന്ന് പോലീസ് സ്ഥിരീകരിച്ചു.
പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച സുരേന്ദ്രനെ അടിയന്തിര ശസ്ത്രക്രിയ നടത്തിയ സംഘത്തില്‍ ഇതേ ഡോക്ടറും ഉണ്ടായിരുന്നു. താന്‍ ഇടിച്ചു തെറിപ്പിച്ച വ്യക്തിയാണ് തന്റെ മുന്നില്‍ ചികിത്സയ്ക്കായി കിടക്കുന്നതെന്നറിഞ്ഞിട്ടും അത് വെളിപ്പെടുത്താനോ കുറ്റസമ്മതം നടത്താനോ ഇദ്ദേഹം തയ്യാറായില്ല. പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണെന്നും ഭയം കാരണമാണ് നിര്‍ത്താതെ പോയതെന്നും ഡോക്ടര്‍ ഏറ്റവും ഒടുവില്‍മൊഴി നല്‍കിയത്.
അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിത പ്രകാരവും, പരിക്കേറ്റയാള്‍ക്ക് അടിയന്തര ചികിത്സ നല്‍കാതെ മുങ്ങിയതിന് മോട്ടോര്‍ വാഹന നിയമപ്രകാരവും ഡോക്ടര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ശസ്ത്രക്രിയ സംഘത്തില്‍ ഡോക്ടര്‍ പങ്കെടുത്തതിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് മട്ടന്നൂര്‍ ഇന്‍സ്‌പെക്ടര്‍ ബിനു ആന്റണി അറിയിച്ചു. വൈദ്യ ശാസ്ത്ര രംഗത്തെ ധാര്‍മ്മികതയെ പൂര്‍ണ്ണമായും ചോദ്യം ചെയ്യുന്ന ഈ സംഭവം വലിയ ജനകീയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ട സുരേന്ദ്രന്‍ വീട്ടില്‍ വിശ്രമത്തിലാണ്. മരണത്തില്‍ നിന്നും തലനാരിഴയ്ക്കാണഇയാള്‍ രക്ഷപെട്ടത്. അപകടകരമായ ഡ്രൈവിങ്ങിന് ഭാരതീയ ന്യായസംഹിതയനുസരിച്ചും വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നയാള്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാത്തതിനും അപകടവിവരം പൊലീസില്‍ അറിയിക്കാതിരുന്നതിനും മോട്ടോര്‍ വാഹന നിയമപ്രകാരവുമാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കണ്ണൂരിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ഏറെ കാലമായി ജോലി ചെയ്തു വരികയാണ് അപകടമുണ്ടാക്കിയ ഡോക്ടര്‍.


