കൂത്താട്ടുകുളം: മഞ്ചേരി സ്വദേശിയായ യൂട്യൂബറെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഹണി ട്രാപ്പിൽ കുടുക്കിയത് വൻ മാഫിയ. കൂടുതൽ പേരെ പറ്റിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തിൽ പിടിയിലായവരുടെ ബാങ്ക് ഇടപാടുകൾ പൊലീസ് പരിശോധിച്ചു തുടങ്ങി. പണമിടപാടുകളിലൂടെ കൂടുതൽ ഇടപാടുകൾ നടന്നോ എന്ന് മനസ്സിലാക്കാനാണ് ഇത്.

കൊല്ലം ചടയമംഗലം വലിയകുഴി നൗഫൽ മൻസലിൽ അൽ അമീൻ (23), ഇടുക്കി വട്ടപ്പാറ പുതുശ്ശേരിപ്പടിക്കൽ അഭിലാഷ് (28), ശാന്തൻപാറ ചെരുവിൽ പുത്തൻ വീട്ടിൽ ആതിര (28), അടിമാലി കാട്ടാഞ്ചേരി വീട്ടിൽ അക്ഷയ (21) എന്നിവരാണ് കൂത്താട്ടുകുളം പൊലീസിന്റെ പിടിയിലായത് . നാലുപേരെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അൽ അമീൻ, അഭിലാഷ് എന്നിവരെ മൂവാറ്റുപുഴയിലെയും ആതിരയെയും അക്ഷയയെയും കാക്കാനാട്ടെയും ജയിലുകളിലേക്ക് മാറ്റി.

കൗൺസലിങ്ങ് ആവശ്യത്തിനെന്ന് പറഞ്ഞ് കൂത്താട്ടുകുളത്തെത്തിച്ച യൂട്യൂബറിൽ നിന്നും ഗൂഗിൾ പേ വഴിയാണ് സംഘം പണം വാങ്ങിയത്. അതുകൊണ്ട് തന്നെ അക്കൗണ്ട് പരിശോധനയിലൂടെ മറ്റാരുടെയെങ്കിലും പക്കൽ നിന്നും ഇവർ പണം കൈക്കലാക്കിയോ എന്നത് തെളിയും. അവരുടെ മൊഴി എടുത്താൽ 'ഹണി ട്രാപ്പ്' നേരത്തേയും നടന്നോ എന്നും വ്യക്തമാകും. യൂട്യൂബറെ കുടുക്കിയ രീതിയും വാഹനത്തിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങിയതുമെല്ലാം തട്ടിപ്പുകാരുടെ മുൻ പരിചയത്തന് തെളിവാണ്. മറ്റ് പലരേയും സംഘം കുടുക്കിയിട്ടുണ്ടെന്നും നാണക്കേട് കാരണം പരാതി നൽകാത്തതാണെന്നുമാണ് വിലയിരുത്തൽ.

കൂത്താട്ടുകുളത്തെ ഹോട്ടൽ മുറികളും ലോഡ്ജുകളും പൊലീസ് നിരീക്ഷണത്തിലാണ്. അനധികൃതമായി പ്രവർത്തിക്കുന്ന ലോഡ്ജുകളിലാണ് നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്നവരുടെ താവളം. ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവിടങ്ങളിൽ നിരീക്ഷണമുണ്ട്. കൂത്താട്ടുകുളത്ത് ഹണി ട്രാപ്പ് സംഘം താമസിച്ചിരുന്ന ലോഡ്ജിന്റെ നടത്തിപ്പുകാരെയും പൊലീസ് ചോദ്യം ചെയ്തു.

യൂട്യൂബിൽ നിന്നു ലഭിച്ച ഫോൺ നമ്പർ വഴി സംഘാംഗമായ അക്ഷയ ഇയാളുമായി സൗഹൃദത്തിലായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സഹോദരന് കൗൺസലിങ് നൽകണമെന്ന് പറഞ്ഞാണ് അക്ഷയ ഇയാളെ കൂത്താട്ടുകുളത്തെ ലോഡ്ജിലേക്ക് വിളിപ്പിച്ചത്. ലോഡ്ജിൽ വെച്ച് അക്ഷയ നൽകിയ പാനീയം കുടിച്ച് മയങ്ങിപ്പോയെന്നും മയക്കം വിട്ടെഴുന്നേറ്റപ്പോൾ മറ്റൊരു പെൺകുട്ടിയെ ആണ് കണ്ടതെന്നും യൂട്ഊബർ നൽകിയ പരാതിയിൽ പറയുന്നു.

പിന്നീട് മുറിക്ക് പുറത്തു നിന്നിരുന്ന സംഘാംഗങ്ങളായ അൽ അമീൻ, അഭിലാഷ്, അക്ഷയ എന്നിവർ മുറിയിലെത്തി. യുവതികളെ യൂട്യൂബറിനൊപ്പം ചേർത്തുനിർത്തി ഫോട്ടോയും വീഡിയോയും എടുത്തു. ഇത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കാതിരിക്കാൻ അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. തന്റെ പക്കലുണ്ടായ 11,000 രൂപ ഫോൺ വഴി അക്ഷയയുടെ അക്കൗണ്ടിലേക്ക് കൈമാറി. കാർ അക്ഷയയുടെ പേരിൽ എഴുതി വാങ്ങുകയും ചെയ്തു. തുടർന്ന് യൂട്യൂബറെ കൂത്താട്ടുകുളം ബസ് സ്റ്റാൻഡിൽ ഇറക്കിവിട്ടു.

യൂട്ഊബർ കൂത്താട്ടുകുളം പൊലീസിൽ പരാതി നൽകി. ഡിവൈ.എസ്‌പി. ടി.ബി. വിജയന്റെ നിർദ്ദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷന്റെ ചുമതല വഹിക്കുന്ന പിറവം സബ് ഇൻസ്പെക്ടർ എം.എ. ആനന്ദിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം മൂന്നുപേരെ കരിങ്ങാച്ചിറ ഭാഗത്തു നിന്നും ആതിരയെ ഇടപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്. യൂട്യൂബറിൽ നിന്നും തട്ടിയെടുത്ത കാറിൽ കറങ്ങുകയായിരുന്നു ഇവർ.

അഭിലാഷ് വാടകക്കെടുത്ത കൂത്താട്ടുകുളത്തെ മുറിയിലാണ് സംഭവം നടന്നത്. വാഹനത്തിന്റെ രജിസ്ടേഷൻ നമ്പർ, മൊബൈൽ ഫോൺ എന്നിവ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇടുക്കി സ്വദേശിയായ അഭിലാഷ് കഴിഞ്ഞ ഒരു മാസമായി കൂത്താട്ടുകുളത്തെ ലോഡ്ജിലാണ് താമസം. പാറമട തൊഴിലാളി എന്ന പേരിലാണ് മുറിയെടുത്തത്. അഭിലാഷ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ അമീർ അലിയുമായി സൗഹൃദത്തിലായിരുന്നുവെന്നും അമീർ അലി ആതിരയ്ക്കൊപ്പം പലവട്ടം കൂത്താട്ടുകുളത്തെ വാടകമുറിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കൂട്ടുകാരനും സഹോദരിയുമാണെന്നാണ് ഓഡിറ്റോറിയത്തിലെ സുരക്ഷാ ജീവനക്കാരനെ അറിയിച്ചിരുന്നത്. അക്ഷയ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പാ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു.