കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന രണ്ടാം പ്രതി പിടിയിൽ. ഇടുക്കി രാജാക്കാട് സ്വദേശി കൃഷ്ണജിത്തിനെ (27) ആണ് വെെക്കം പോലീസ് അറസ്റ്റുചെയ്തത്. വൈദികനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷത്തോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. മൂന്ന് പ്രതികളുള്ള കേസിൽ ഒന്നാംപ്രതിയായ യുവതിയും മൂന്നാംപ്രതിയും നേരത്തേ അറസ്റ്റിലായിരുന്നു.

2023 ഏപ്രിലില്‍ നേഹ ഫാത്തിമ വൈദികനെ ബന്ധപ്പെട്ടത്. വൈദികന്‍ പ്രിന്‍സിപ്പലായി ജോലിചെയ്യുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ഒഴിവുണ്ടോയെന്ന് അന്വേഷിച്ച് യുവതി ഫോണിലൂടെ ബന്ധപ്പെടുന്നത്. ശേഷം അടുപ്പം സ്ഥാപിച്ചു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും യുവതി അയച്ച് നല്‍കി. തുടര്‍ന്ന് വൈദികനെ വീഡിയോകോള്‍ ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു.

2023 ഏപ്രില്‍ മുതല്‍ പലതവണകളായി വൈദികനില്‍നിന്ന് പണം തട്ടുകയായിരുന്നു. വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വൈദികന്‍ പൊലീസില്‍ പരാതി നല്‍കിയത്. ​ഗൂ​ഗിൾ പേ വഴിയും എസ്‌ഐബി മിറര്‍ ആപ്പ് വഴിയുമാണ് പ്രതികൾ പണം തട്ടിയെടുത്തത് കേസിൽ ഒന്നും മൂന്നും പ്രതികളായ നേഹ ഫാത്തിമ (25), സാരഥി (29) എന്നിവരെ നേരത്തെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു.

നിർണായക നീക്കങ്ങളിലൂടെയാണ് പ്രതികളെ വൈക്കം പോലീസ് അന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്റെ നിര്‍ദേശപ്രകാരം വൈദികന്‍ പ്രതികളോട് പണം വാങ്ങാന്‍ വൈക്കത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. വൈക്കത്തെത്തിയ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ യുവതിയുടെ അമ്മയുടെ വീട് കണ്ണൂരിലാണ്. ഈ മലയാളിബന്ധം ഉപയോഗിച്ചാണ് യുവതി ജോലിക്കായി വൈദികനെ വിളിച്ചത്. കാമുകന്‍ സാരഥി തമിഴ്നാട് സ്വദേശിയാണ്.