കൊച്ചി: സംസ്ഥാനത്ത് പണം കവരാൻ ലക്ഷ്യമിട്ടുള്ള ഹണിട്രാപ് സംഭവങ്ങൾ ഏറുകയാണ്. വാർത്തകൾ ഏറെ വരുന്നുണ്ടെങ്കിലും, പലരും ട്രാപ്പിലേക്ക് ചാടി കൊടുക്കുകയാണ്. കൊച്ചിയിലാണ് വീണ്ടും 'ഹണി ട്രാപ് ' നടത്തി പണം കവർച്ച നടത്തിയത്. കേസിൽ രണ്ട് പ്രതികളെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി.

ഇടുക്കി അടിമാലി സ്വദേശിയായ ചെറുപ്പക്കാരനെ ഇൻസ്റ്റഗ്രാം വഴി യുവതി പരിചയപ്പെട്ടതോടെയാണ് തുടക്കം. സ്ഥിരമായി ചാറ്റിങ് നടത്തി യുവാവിനെ യുവതി വശത്താക്കി. എറണാകുളം പള്ളിമുക്കിൽ വച്ച് കാണാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിയപ്പോൾ യുവാവ് ഒന്നും സംശയിച്ചതുമില്ല. നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം, യുവതിയുടെ കൂടെയുണ്ടായിരുന്ന നാല് പ്രതികൾ വന്ന് യുവാവിനെ മർദ്ദിച്ച് അവശനാക്കി. തുടർന്ന് പണവും എ.റ്റി.എം കാർഡും കവർച്ച ചെയ്യുകയായിരുന്നു.

സംഭവം ഇങ്ങനെ:

രണ്ടാഴ്ച മുൻപാണ് പരാതിക്കാരനായ യുവാവിന്റെ പേരിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ 1-ാം പ്രതിയായ യുവതി ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. ഇരുവരും തമ്മിൽ അടുപ്പം ഏറിയതോടെ സെക്‌സ് ചാറ്റിലേക്ക് കാര്യങ്ങൾ നീങ്ങി. തുടർന്നാണ് ഒരുദിവസം പരാതിക്കാരനെ പള്ളിമുക്ക് ഭാഗത്തേക്ക് വിളിച്ചു വരുത്തിയത്. 2 മുതൽ 4 കൂടിയ പ്രതികൾ ചേർന്ന് പരാതിക്കാരനെ കൈ കൊണ്ടും ഹെൽമറ്റ് കൊണ്ടും മർദ്ദിച്ചു. യുവാവിന്റെ പേരിലുള്ള യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ യുടെ എടിഎം കാർഡും പിൻ നമ്പറും ഭീഷണിപ്പെടുത്തി ബലമായി പിടിച്ച് വാങ്ങിയ ശേഷം സമീപത്തുള്ള ബാങ്ക് ഓഫ് ബറോഡയുടെ എടിഎമ്മിൽ നിന്ന് 4,500/-രൂപ പിൻലിച്ചെടുത്തു.

എടിഎഎം കാർഡ് കൈവശപ്പെടുത്തിയ സംഘം മെയ് 19 നും പണം കവർന്നു. 2-ാം പ്രതി മൊബൈൽ നമ്പറിൽ നിന്നും വിളിച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തി 2,000/-രൂപ യുപിഐ ഇടപാട് വഴി വാങ്ങിയെടുത്തു. അതിനുശേഷം അന്നേ ദിവസം വൈകീട്ട് 2-ാം പ്രതിയുടെ ഫോണിൽ നിന്നും പരാതിക്കാരനെ വിളിച്ച് എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി ആവലാതിക്കാരന്റെ 15,000/-രൂപ വില വരുന്ന മൊബൈൽ ഫോണും ബലമായി വാങ്ങിയെടുത്തു.

മെയ് 22 ന് വീണ്ടും എറണാകുളം പത്മ ജംഗ്ഷനിൽ വിളിച്ച് വരുത്തി ചാറ്റുകൾ പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കി. മെയ് 23 നും 25,000/ രൂപ നൽകണമെന്ന് പറഞ്ഞ് ഭീഷണി ആവർത്തിച്ചതോടെയാണ് യുവാവ് എറണാകുളം ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി കേസ് രജിസ്റ്റർ ചെയ്തത്.

 അന്വേഷണം നടത്തിവരവെ രണ്ടാം പ്രതിയുടെ മൊബൈൽ നമ്പറിന്റെ ലൊക്കേഷൻ എടുത്ത് പരിശോധിച്ചതിൽ എറണാകുളം പത്മ ജംഗ്ഷൻ പരിസരത്ത് നിന്നും 1-ആം പ്രതിയായ കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റിൽ തെക്കേപുരയ്ക്കൽ വീട്ടിൽ ഷാനു ഭാര്യ 20 വയസ്സുള്ള ശരണ്യയും സുഹൃത്തും 2 ആം പ്രതിയായ മലപ്പുറം വാഴക്കാട് ചെറുവായൂർ എടവന്നപ്പാറയിൽ എടശ്ശേരിപറമ്പിൽ വീട്ടിൽ വിജയൻ മകൻ 22 വയസ്സുള്ള അർജുനേയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇവർ കുറ്റസമ്മതം നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ ശ്രീ എസ്. ശശിധരൻ ഐപിഎസിന്റെ നിർദ്ദേശാനുസരണം എറണാകുളം ടൗൺ സൗത്ത് പൊലീസ്സ്‌റ്റേഷൻ ഇൻസ്‌പെക്ടർ എം. എസ്. ഫൈസലിന്റെ നേതൃത്വത്തിൽ എസ്‌ഐമാരായ അജേഷ് ജെ,കെ. വി ഉണ്ണിക്കൃഷ്ണൻ, എ.എസ് ഐ റ്റി.കെ സുധി, സി. ശരത്ത്, എസ്.സി.പി.ഒ മാരായ ഒ.ഇ അഷറഫ് ശ്രീഹരീഷ്, സലീഷ് വാസു, സിനീഷ് ,സുമേഷ്, ബീന എസ്. എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.