- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്‌ബുക്കിലൂടെ ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പാട്ടിലാക്കിയത് ദേവു; നേരിൽ കാണാൻ പാലക്കാട്ടേക്ക് ക്ഷണിച്ചു; ഊഷ്മളമായ ക്ഷണം സ്വീകരിച്ചെത്തിയ വ്യവസായിയെ കാത്തിരുന്നു ദേവുവും സംഘവും; പണവും സ്വർണവും എടിഎം കാർഡുകളും തട്ടിയെടുത്തു; പാലക്കാട്ടെ ഹണിട്രാപ്പിൽ അറസ്റ്റിലായത് ഭാര്യയും ഭർത്താവുമുൾപ്പെടെ ആറു പേർ
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹണിട്രാപ്പ് നടത്തിയ ആറ് പേർ പാലക്കാട് പിടിയിൽ. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയിൽ നിന്ന് പണവും ആഭരണങ്ങളും, എടിഎം കാർഡുകളും തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊല്ലം സ്വദേശിനി ദേവുവിനെ മുന്നിൽ നിർത്തിയാണ് ആറംഗ സംഘം തേൻകെണി ഒരുക്കിയത്. ഇവരുടെ ഭർത്താവ് കണ്ണൂർ സ്വദേശി ഗോകുൽ ദ്വീപാണ് യുവതിയെ ഹണിട്രാപ്പിന് പ്രേരിപ്പിച്ചതെന്നാണ് സൂചനകൾ.
കോട്ടയം പാല സ്വദേശി ശരത്, ഇരിങ്ങാലകുട സ്വദേശികളായ ജിഷ്ണു, അജിത്ത്, വിനയ് എന്നിവരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായ ദേവു സമർത്ഥമായാണ് വ്യവസായിയെ കെണിയിൽ കുരുക്കിയത്. പ്രതികളിൽ ഒരാളായ ദേവു വ്യവസായിയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും നേരിൽ കാണാൻ പാലക്കാട്ടേക്ക് എത്താൻ ആവശ്യപ്പെടുകയുമായിരുന്നു. ദേവുവിനെ കാണാനുള്ള ആകാംക്ഷയിൽ പാലക്കാട്ടെത്തിയ വ്യവസായിയെ കാത്തിരുന്നത് മറ്റൊരു അനുഭവമായിരുന്നു.
പാലക്കാട്ടേക്കെത്തിയ ഇദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന പണവും സ്വർണവും എടിഎം കാർഡുകളും ദേവും സംഘവും ചേർന്ന് തട്ടിയെടുത്തു. തുടർന്ന് ഇദ്ദേഹത്തെ മറ്റൊരിടത്തേക്ക് മാറ്റാൻ സംഘം ശ്രമിക്കുന്നതിനിടയിൽ വാഹനത്തിൽ നിന്ന് പുറത്തേക്കോടി പാലക്കാട് സൗത്ത് പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. അങ്ങനെ പൊലീസിന് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തെ ഇപ്പോൾ പിടികൂടാനായത്.
തേൻ കെണി എന്ന് കൃത്യമായി പറയാവുന്ന തരത്തിലുള്ള തട്ടിപ്പാണ് സംഘം നടത്തി വന്നിരുന്നത്. മറ്റേതെങ്കിലും ആളുകളിൽ നിന്നും സംഘം മുൻപ് പണം തട്ടിയിരുന്നോയെന്നും പാലക്കാട് സൗത്ത് പൊലീസ് പരിശോധിക്കുകയാണ്. പ്രതി ദേവുവിന് ഇൻസ്റ്റഗ്രാമിൽ അറുപതിനായിരത്തിനുമുകളിൽ ഫോളേവേഴ്സുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പൊലീസ് പരിശോധിച്ചു വരികയാണ്.
മറുനാടന് മലയാളി ബ്യൂറോ