കോന്നി: യുവതി ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ സംഭവത്തിൽ ഭർതൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റിൽ. ഐരവൺ കുമ്മണ്ണൂർ പള്ളിപ്പടിഞ്ഞാറ്റേതിൽ ജമാലുദ്ദീന്റെ ഭാര്യ മൻസൂറത്തി(58)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24 ന് വൈകിട്ട് ആറിനാണ് ഇവരുടെ മകൻ ജഹാമിന്റെ ഭാര്യ ഷംന സലിമിനെ (29) കിടപ്പു മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ചികിത്സയിൽ കഴിയുന്നതിനിടെ 26 ന് രാവിലെ 9.30 ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് ഷംന മരണപ്പെട്ടു. യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. അടൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് കോന്നി തഹസീൽദാർ ആണ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയത്.

ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം, വിരലടയാള വിദഗ്ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ് നടപടികൾ. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫോറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടന്നു. ആത്മഹത്യ ആണെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടിരുന്നു. അന്വേഷണസംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ ഷംനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെയാണ് ഭർതൃവീട്ടിൽ യുവതി മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞത്.

ഭർത്താവിന്റെ മാതാവ് മൻസൂറത്ത് നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെ ആത്മഹത്യാതീരുമാനത്തിൽ എത്തുകയായിരുന്നുവെന്നും കുറിപ്പിലുള്ളതായി പൊലീസ് കണ്ടെത്തി. ഇതിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഭർത്താവിന്റെ ഭാഗത്തുനിന്നും പീഡനമുണ്ടായിട്ടുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.