കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവുചാടിയ ഹർഷാദിന്റെ ഒളിവുജീവിതം സിനിമാക്കഥയെ വെല്ലുന്നതെന്ന് പൊലിസ് അന്വേഷണറിപ്പോർട്ട്. ബംഗ്ളൂരിലും മറ്റിടങ്ങളിലും ഒളിവിൽ താമസിച്ചിരുന്ന ഇയാളെ ഇതിനായി സഹായിച്ചത് ബംഗ്ളൂര് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മയക്കുമരുന്ന് റാക്കറ്റാണെന്നാണ് പൊലിസിന് ഇയാൾ നൽകിയ മൊഴി.

നേപ്പാളിലും ഒളിവിൽ ഇയാൾ താമസിച്ചതായും മൊഴി നൽകിയിട്ടുണ്ട്. മധുരയിലെ ഒരു സബ്കലക്ടറുടെ ഫ്ളാറ്റ് വാടകയ്ക്കെടുത്ത് ആഡംബര ജീവിതമാണ് ഏറ്റവും ഒടുവിൽ ഇയാൾ നയിച്ചിരുന്നത്. മധുര കാരക്കുടിയിലെ കല്ലൽ എന്ന സ്ഥലത്താണ് കാമുകിയായ മധുര കാരക്കൊടി സ്വദേശിനിയായ അപ്സരയുമൊന്നിച്ചു താമസിച്ചിരുന്നു. ഹർഷാദ് ഇവരെ ബന്ധപ്പെടാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പൊലിസ് ഇവരുടെ ഫോൺകോളുകൾ നിരീക്ഷിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതിയെ പിടികൂടാൻ സഹായകരമായത്. മയക്കുമരുന്ന് കടത്തിന് പുറമേ വധശ്രമം, കവർച്ചതുടങ്ങി പതിനേഴുകേസുകളിൽ പ്രതിയാണ് ഹർഷാദ്. കണ്ണൂർ ജില്ലയിലെ വിവിധ പൊലിസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

അറസ്റ്റിലായ ഹർഷാദിനെ വെള്ളിയാഴ്‌ച്ച രാവിലെ കണ്ണൂർ ടൗൺ പൊലിസ് സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തതിനു ശേഷം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലിസ് ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് കണ്ണൂർ ടൗൺ സി. ഐ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം ചാല കൊയ്യാട് സ്വദേശി ഹർഷാദിനെ(34) കോടതിയിൽ ഹാജരാക്കിയത്.

ഹർഷാദിനെഒളിച്ചു താമസിക്കാൻ സൗകര്യമൊരുക്കിയ കാമുകി തമിഴ് നാട് കാരക്കുടി സ്വദേശിനി അപ്സര(24)യെയും കോടതിയിൽ ഹാജരാക്കിയതായി പൊലിസ് അറിയിച്ചു. കണ്ണൂർ എ.സി.പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കഴിഞ്ഞ ബുധനാഴ്‌ച്ച രാത്രി പത്തുമണിക്ക് പ്രതിയെ തമിഴ്‌നാട്ടിലെ കാരക്കുടിലെ കല്ലൽ എന്നസ്ഥലത്തു നിന്നും ഒളിവിൽ താമസിക്കവെ പിടികൂടിയത്. ഹർഷാദിനെ രക്ഷപ്പെടാൻ സഹായിച്ച മരുമകൻ റിസ്വാനെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളിൽ നിന്നാണ് ഹർഷാദ് തമിഴ്‌നാട്ടിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരം ലഭിച്ചത്.

ഇക്കഴിഞ്ഞ ജനുവരി 14ന് രാവിലെ ആറുമണിക്ക് കണ്ണൂർ സെൻട്രൽ ജയിലിലെ കാവൽക്കാരെ കബളിപ്പിച്ച് ഹർഷാദ് മരുമകനായ റിസ്വാനൊപ്പം റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ജയിൽ വളപ്പിലെ പത്രമെടുക്കാനെന്ന വ്യാജേനെ സംഭവദിവസം രാവിലെ പുറത്തിറങ്ങിയ ഇയാൾ പെട്ടെന്ന് ജയിൽ വളപ്പിന് പുറത്തേക്ക് ചാടി ദേശീയപാതയിൽ സ്റ്റാർട്ടാക്കി നിർത്തിയ ബൈക്കിൽ റിസ്വാനൊപ്പം രക്ഷപ്പെടുകയായിരുന്നു. മയക്കുമരുന്ന് കേസിൽ പത്തുവർഷം തടവിന് ശിക്ഷിക്കപ്പെട്ടായിരുന്നു ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിയത്.കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിൽ എം.ഡി. എകടത്തിയതിനാണ് ഇയാൾ അറസ്റ്റിലായത്.

ജയിലിനകത്തു സൗമ്യശീലം പ്രകടിപ്പിച്ചിരുന്ന പ്രതിയെ ജയിൽ ഉദ്യോഗസ്ഥരുടെ വിശ്വാസം നേടിയെടുത്തതിനാൽ വെൽഫെയർ ഓഫീസിൽ ഡ്യൂട്ടിക്കായി നിയോഗിക്കുകയായിരുന്നു. ബംഗ്ളൂരിൽ നിന്നും വാടകയ്ക്കെടുത്ത ബൈക്കിലെത്തിയ റിസ്വാനാണ് ജയിലിന് പുറത്തെത്തിയ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചത്. ആദ്യം ബംഗ്ളൂരിലെത്തിയ ഹർഷാദ് പിന്നീട് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും കടന്നിരുന്നു.

ഇതിനു ശേഷമാണ് തമിഴ്‌നാട് കാരക്കുടിയിലെ കാമുകിയായ അപ്സരയുടെ അടുത്തെത്തുന്നത്. അപ്സര താമസിച്ചിരുന്ന സ്ഥലത്തു നിന്നും പതിനഞ്ച് കിലോമീറ്റർ അകലെ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്കെടുത്താണ് ഇയാൾ ഒളിവു ജീവിതം നയിച്ചിരുന്നത്. ടാറ്റു ആർടിസ്റ്റായ അപ്സര തലശേരിയിലെ ഒരു സ്ഥാപനത്തിൽ ടാറ്റുപഠനത്തിന് എത്തിയപ്പോഴാണ് ഹർഷാദുമായി പരിചയത്തിലാവുന്നത്. തന്റെ സുഹൃത്തായ സ്ഥാപന ഉടമയെ കാണാൻ ഹർഷാദ് മിക്കവാറും ദിവസങ്ങളിൽ തലശേരിയിലെത്തിയിരുന്നു. ഇതാണ് അപ്സരയുമായുള്ള പ്രണയത്തിൽ കലാശിച്ചത്. തലശേരിയിൽ നിന്നും കോഴ്സുകഴിഞ്ഞു സ്വദേശത്തേക്ക് പോയ അപ്സരയെ കാണാൻ ഇയാൾ തമിഴ്‌നാട്ടിലേക്ക് പോയിരുന്നതായും പൊലിസ് പറഞ്ഞു.

എന്നാൽ അപ്സരയ്ക്കു മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടില്ല. പ്രതിയാണെന്നറിഞ്ഞിട്ടും ഒളിവിൽ താമസിക്കാൻ സഹായിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തതെന്ന് പൊലിസ് അറിയിച്ചു. മയക്കുമരുന്ന് കേസിൽ പത്തുവർഷം ശിക്ഷിക്കപ്പെട്ട ഹർഷാദിന് ശിക്ഷാകാലാവധി ഒരുവർഷം പിന്നിടും മുൻപെ ജയിലിൽ നിന്നും പുറത്തേക്ക് പോകാൻ സ്വാതന്ത്ര്യമുള്ള വെൽഫെയർ ഡ്യൂട്ടി നൽകിയത് കണ്ണൂർ ജയിൽ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണെന്നു വകുപ്പുതല അന്വേഷണത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ ഇതുവരെ ആഭ്യന്തര വകുപ്പ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

2022-ൽ കണ്ണവം പൊലിസ് സ്റ്റേഷൻ പരിധിയിൽ വാഹനപരിശോധനയക്കിടടെയാണ് ബംഗ്ളൂരിൽ നിന്നും കടത്തിക്കൊണ്ടുവന്ന എം.ഡി. എം, എയുമായി ഹർഷാദ് അറസ്റ്റിലാകുന്നത്. ഇയാൾക്ക് ചാല കോയ്യോട് ഭാര്യയുണ്ട്. എന്നാൽ അപ്സര വിവാഹമോചിതയാണെന്നാണ് പൊലിസ് നൽകുന്ന വിവരം. എസ്. ഐമാരായ സവ്യസാചി, അജയൻ, എ. എസ്. ഐമാരായ രഞ്ജിത്ത്, നാസർ, ഷൈജു, ഷിജി, റിനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.