കൊച്ചി: കുസാറ്റിൽ കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന ആഘോഷമായി നടന്ന ടെക് ഫെസ്റ്റാണ് ദുരന്തത്തിൽ കലാശിച്ചത്. അവിചാരിതമായി പെയ്ത മഴ നാല് വിദ്യാർത്ഥികളുട ജീവനെടുത്ത ദുരന്തമായി മാറുകയായിരുന്നു. മൂന്ന് ദിവസമായി നടന്ന പരിപാടികളിൽ വിവിധ മത്സരങ്ങളും പ്രൊഫഷണൽ ടോക്കുകളും മറ്റുമായിരുന്നു നടന്നത്. സ്‌കൂൾ ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർത്ഥികളാണ് പരിപാടി സംഘടിപ്പിച്ചത്.

ഈ പരിപാടിയുടെ അവസാന ദിവസമായ ഇന്നാണ് ഗാനമേള സംഘടിപ്പിച്ചത്. ധിക്ഷ്ണ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. ആഘോഷമാക്കുന്നതിന്റെ ഭാഗമായാണ് ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള സംഘടിപ്പിച്ചത്. ആഘോഷ പൂർവ്വം ആടിപ്പാടുക എന്നതായിരുന്നു ഗാനമേളയുടെ ലക്ഷ്യം. എന്നാൽ, യൂണിവേഴ്‌സിറ്റി കണ്ട ഏറ്റവും വലിയ ദുരന്തമായി മാറിയെന്ന ഞെട്ടലിലാണ് വിദ്്യാർഥികൾ.

അപകടത്തിൽ അമ്പതിലേറെ കുട്ടികൾക്കു പരുക്കേറ്റിരുന്നത്. രണ്ടു പെൺകുട്ടികളുടെ നില അതീവഗുരതരമാണെന്നാണു റിപ്പോർട്ട്. കുസാറ്റിലെ എല്ലാ ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും സ്‌കൂൾ ഓഫ് എൻജിനിയറങ്ങിലെ വിദ്യാർത്ഥികളും ഓഡിറ്റോറിയത്തിലുണ്ടായിരുന്നു. സമാപന ദിവസമായ ഇന്ന് ഗാനസന്ധ്യയിലേക്കുള്ള പ്രവേശനം ഡിപ്പാർട്ട്മെന്റിലെ കുട്ടികൾക്കു മാത്രമായി നിയന്ത്രിച്ചിരുന്നു. പരിപാടികൾ കാണാൻ കുസാറ്റ് കാമ്പസിലെ വിദ്യാർത്ഥികളും എത്തി.

എന്നാൽ ഓപ്പൺ ഓഡിറ്റോറിയത്തിലേക്കു കടക്കാനായി കൂടുതൽ പേർ ഗെയ്റ്റിനു പുറത്തു കാത്തുനിന്നിരുന്നു. മഴ ചാറിയതോടെ ഗേറ്റ് തള്ളിത്തുറന്ന് കുട്ടികൾ കൂട്ടമായി ഉള്ളിലേക്കു പ്രവേശിക്കാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. ഗേറ്റ് കടന്ന വിദ്യാർത്ഥികൾ തിരക്കിൽപെട്ട് താഴെയുള്ള പടകളിലേക്കു വീഴുകയായിരുന്നു. ഇവർ വീണതറിയാതെ പിന്നാലെ തള്ളിക്കയറിയവർ ഇവരെ ചവിട്ടിയതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

കുസാറ്റ് വൈസ് ചാൻസലർ പി.ജി.ശങ്കരന്റെ പ്രതികരണം

വളരെ ദൗർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് കുസാറ്റ് വൈസ് ചാൻസലർ പി.ജി.ശങ്കരൻ. ടെക്നിക്കൽ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ നടന്നതിനുശേഷം വിവിധ മത്സര ഇനങ്ങളും പ്രൊഫഷനൽ ടോക്കുകളും നടക്കുകയായിരുന്നു. ഗാനസന്ധ്യയെന്ന മ്യൂസിക്കൽ പ്രോഗ്രാം ഇന്ന് കുട്ടികൾ ക്രമീകരിച്ചിരുന്നു. ആ പരിപാടിയിൽ പങ്കെടുക്കുന്നതിനുവേണ്ടി സ്‌കൂൾ ഓഫ് എൻജിനിയറിങിലെയും മറ്റു ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കൂടാതെ സമീപത്തുള്ള കോളജിലെ കുട്ടികളും സമീപവാസികളും പരുപാടിക്ക് എത്തിയിരുന്നു. മഴചാറിയതോടുകൂടി, എല്ലാവരും അകത്തേക്ക് കയറാൻ ശ്രമിക്കുകയും, എൻട്രൻസിലെ സ്റ്റെപ്പിൽ കുട്ടികൾ മറിഞ്ഞുവീഴുകയും ചെയ്തെന്നാണു നിലവിൽ ലഭ്യമാകുന്ന വിവരമെന്ന് വൈസ് ചാൻസലർ പറഞ്ഞു.

ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി -ആരോഗ്യ മന്ത്രി

കളമശ്ശേരി കുസാറ്റ് കാമ്പസിൽ ദുരന്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകർ കളമശേരി മെഡിക്കൽ കോളേജിലും എറണാകുളം ജനറൽ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. കൂടുതൽ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രികൾക്കും സജ്ജമാകാൻ നിർദ്ദേശം നൽകി. മതിയായ കനിവ് 108 ആംബുലൻസുകൾ സജ്ജമാക്കാനും മന്ത്രി നിർദ്ദേശം നൽകി.

അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാർത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാൾ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേർ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ആരോഗ്യപ്രവർത്തകരുടെയും ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, സ്ഥലം എംഎൽഎ കൂടിയായ വ്യവസായ മന്ത്രി പി രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.