കണ്ണൂർ: കണ്ണൂരിൽ ആദിവാസി മേഖലയിലെ ദാരിദ്ര്യം മുതലെടുത്ത് അവയവ കച്ചവട മാഫിയയുടെ ചൂഷണം. തന്നെ അവയവ കച്ചവടത്തിന് നിർബന്ധിച്ചതായി നെടുംപൊയിൽ സ്വദേശിനിയായ യുവതി വെളിപ്പെടുത്തി.

ഇടനിലക്കാരനായ ബെന്നി എന്നയാളും, ഭർത്താവും ചേർന്നാണ് വൃക്ക കച്ചവടത്തിന് നിർബ്ബന്ധിച്ചത്. 9 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. ഭർത്താവിന് സുഖമില്ലെന്ന് പറഞ്ഞ് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ഏജന്റായ ബെന്നി വൃക്ക ദാനം ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു. യുവതിയുടെ ഭർത്താവിന്റെ വൃക്ക ബെന്നി ഇടനില നിന്ന് 2014 ൽ ദാനം ചെയ്തിരുന്നതായും യുവതി വെളിപ്പെടുത്തി.

ഭർത്താവും യുവതിയെ വൃക്ക ദാനം ചെയ്യാൻ നിർബന്ധിച്ചിരുന്നു. മദ്യപിച്ചെത്തി ഭീഷണിപ്പെടുത്തിയിരുന്നു. കിട്ടുന്ന തുകയിൽ നിന്ന് രണ്ട് ലക്ഷം രൂപ ഭർത്താവും ഒരു ലക്ഷം ബെന്നിയും ആവശ്യപ്പെട്ടുവെന്നും യുവതി പറഞ്ഞു. ഒരു വർഷത്തോളമായി അവയവദാനത്തിനു വേണ്ടിയുള്ള ടെസ്റ്റുകൾ നടത്തിച്ചിരുന്നു. പിന്മാറിയതോടെ ഇടനിലക്കാരൻ ഭീഷണിപ്പെടുത്തി. തന്നെ കുടുക്കാൻ നോക്കിയതോടെ പരിചയക്കാരനായ സിനോജ് എന്നയാളെ വിവരം അറിയിക്കുകയും ഇദ്ദേഹവും സുഹൃത്തുമെത്തി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

'കിഡ്നിയുടെ ഏജന്റാണ് ഭർത്താവിനെ വിളിക്കുന്നത്. ആൻസിയുടെ കിഡ്നി എടുക്കാം, 9 ലക്ഷം തരാമെന്നാണ് പറഞ്ഞത്. ഇതിനിടെ ടെസ്റ്റും കാര്യങ്ങളുമെല്ലാം നടക്കുന്നുണ്ടായിരുന്നു. ടെസ്റ്റിന്റെ സമയത്ത് തന്നെ ഇത് പുറത്ത് പറയാൻ പറ്റിയില്ല. ഭർത്താവിനെ പേടിച്ചാണ് ഒന്നും പറയാതിരുന്നത്' യുവതി പറഞ്ഞു.

നേരത്തെ പെരുന്തോടിയിൽ താമസിച്ചിരുന്ന ബെന്നി എന്ന ഇടനിലക്കാരൻ ഇപ്പോൾ വയനാട് കാട്ടിക്കുളത്താണ് താമസിക്കുന്നത്. ആദിവാസി മേഖലയിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് ബെന്നിയുടെ പ്രവർത്തനം. കണ്ണൂരിൽ നിന്ന് 48 ഓളം പേർ ഈ കെണിയിൽ വീണിട്ടുണ്ടെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.