തിരുവല്ല: പത്തനംതിട്ടയിലെ ഇലന്തൂരിൽ നരബലിക്ക് വിധേയരായ സ്ത്രീകളുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പ്രതി ഭഗവൽ സിങ്ങിന്റെ ഇലന്തൂർ മണപ്പുറത്തെ വീടിന്റെ പിന്നിൽ നിന്നാണ് ശരീരവശിഷ്ടങ്ങൾ കണ്ടെത്തിയത്. വീടിനോട് ചേർന്ന് മരങ്ങൾക്കിടയിലാണ് മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. മൃതദേഹങ്ങൾ കാണാതായ സ്ത്രീകളുടേതാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കണമെങ്കിൽ ഡി.എൻ.എ പരിശോധനാഫലം വരേണ്ടതുണ്ട്. 20 കഷ്ണങ്ങളാക്കി മുറിച്ച ശേഷമാണ് പത്മയുടെ മൃതദേഹം കുഴിച്ചത്.

വീടിന്റെ വലതുഭാഗത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ടതായാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. തുടർന്ന് ഇവിടെ കുഴിച്ചപ്പോഴാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തത്. മൃതദേഹത്തിന് മുകളിൽ ഉപ്പു വിതറിയിരുന്നു. ലഭിച്ചത് പത്മത്തിന്റെ ശരീരാവശിഷ്ടങ്ങളാണെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിനോട് ചേർന്നു തന്നെയാണ് റോസ്ലിയെയും കുഴിച്ചിട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുള്ളത്.

ആർഡിഒ അടക്കം നിരവധി പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സ്ഥലം കുഴിച്ച് പരിശോധന നടത്തുന്നത്. കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ആരുടേതാണെന്ന് കണ്ടെത്തുന്നതിനായി ഡിഎൻഎ പരിശോധന നടത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് സംഘം ഡിഎൻഎ പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിട്ടുണ്ട്.

പ്രതികൾ കുറ്റം സമ്മതിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. വിവരിക്കാൻ പോലും കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ കൊലപാതകങ്ങളാണ് പ്രതികൾ നടത്തിയത്. പെരുമ്പാവൂർ സ്വദേശിയായ ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബാണ് നരബലിയുടെ ആസൂത്രകനെന്നും പൊലീസ് സൂചിപ്പിച്ചു. ഫേസ്‌ബുക്കിൽ വ്യാജ പ്രൊഫൈൽ വഴിയാണ് റാഷിദ് എന്ന സിദ്ധനെന്ന പേരിൽ മുഹമ്മദ് ഷാഫി, ഇലന്തൂരിലെ ദമ്പതികളെ വലയിലാക്കുന്നത്. കേസിൽ മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് സ്ത്രീകളെയാണ് ഐശ്വര്യവും സാമ്പത്തിക അഭിവൃദ്ധിയും ലഭിക്കാനായി ബലി നൽകിയത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ലോട്ടറി കച്ചവടം നടത്തുന്ന പത്മം, കാലടി സ്വദേശിനി റോസ്ലിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സ്ത്രീകളെ കഴുത്തറുത്തുകൊലപ്പെടുത്തിയ ശേഷം കഷ്ണങ്ങളായി കുഴിച്ചിടുകയായിരുന്നു.

ഭഗവൽ സിങ്, ലൈല, ഷാഫി എന്നിവർ ചേർന്നാണ് നരബലി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. നിലവിൽ ഇവർ മൂവരും പൊലീസ് കസ്റ്റഡിയിലാണ്. പത്മയെയും റോസ്ലിനെയും കൊച്ചിയിൽനിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയിൽ എത്തിച്ച് തലയറുത്തുകൊലപ്പെടുത്തുകയായിരുന്നു.

ഇലന്തൂരിലെ തിരുമ്മുവൈദ്യനാണ് ഭഗവൽ സിങ്. പെരുമ്പാവൂർ സ്വദേശിയായ ഷാഫി എന്നയാളാണ് ഇവർക്കായി സ്ത്രീകളെ എത്തിച്ചുനൽകിയത്. ഇയാളാണ് സംഭവത്തിൽ ഏജന്റായി പ്രവർത്തിച്ചതെന്നും മൂന്നുപേരും ചേർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. തമിഴ്‌നാട് സ്വദേശിയായ പത്മത്തെ സെപ്റ്റംബർ 26നാണ് കാണാതാകുന്നത്.

തമിഴ്‌നാട് സ്വദേശിയായ ഇവർ ലോട്ടറി കച്ചവടം നടത്തുകയായിരുന്നു. പൊന്നുരുന്നി പഞ്ചവടി കോളനിയിലാണ് പത്മം താമസിച്ചിരുന്നത്. പത്മത്തെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണമാണ് ക്രൂര കൊലപാതകങ്ങൾ പുറത്തുവരാൻ കാരണമായത്. കൊല്ലപ്പെട്ട റോസ്ലിയുടെ മൃതദേഹവും ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ തന്നെയാണ് കുഴിച്ചിട്ടിരിക്കുന്നതെന്നാണ് വിവരം. കുഴിച്ചിട്ടതായി പ്രതികൾ പറഞ്ഞ സ്ഥലത്ത് പരിശോധന തുടരുകയാണെന്നാണ് റിപ്പോർട്ട്.