പത്തനംതിട്ട: ഭഗവൽ സിങ്ങും മുഹമ്മദ് ഷഫിയും നരബലി ലക്ഷ്യമിട്ട് കൂടുതൽ സ്ത്രീകളെ ഉന്നം വെച്ചിരുന്നതായാണ് വിവരം. ഇതിൽ ലോട്ടറി വിൽപ്പനക്കാരികളായ സ്ത്രീകൾ അടക്കമുള്ളവരാണ് തലനാരിഴക്ക് ജീവൻ രക്ഷപെട്ടവരുടെ കൂട്ടത്തിൽ. റോസ്ലിക്കും പത്മയ്ക്കും മുൻപ് രണ്ട് സ്ത്രീകളെയും കൊല്ലാൻ ശ്രമിച്ചുവെന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൂടുതൽ പേരെ വധിക്കാൻ ശ്രമിച്ചിരുന്നോ എന്ന അന്വേഷിക്കുന്നതിന്റെ ഭാഗമായി പൊലീസ് വിശദമായി പ്രതികളെ ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്. റോസ്ലിക്കും പത്മയ്ക്കും മുൻപു 2 പേരെ കൊല്ലാൻ ശ്രമിച്ചതായി പ്രതികൾ പൊലീസിനു മൊഴി നൽകുകായിരുന്നു. പത്തനംതിട്ടയിലെ ലോട്ടറി വിൽപ്പനക്കാരിയും പന്തളത്തെ മറ്റൊരു യുവതിയുമാണ് തലനാരിഴക്ക് ജീവൻ രക്ഷപെട്ടവരുടെ കൂട്ടത്തിലുള്ളത്.

ലോട്ടറി വിൽപനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശിയിൽനിന്ന് ലോട്ടറി മൊത്തമായി വാങ്ങിയാണ് ഒരു വർഷം മുൻപു ഷാഫി പരിചയം സ്ഥാപിച്ചത്. തിരുമ്മു കേന്ദ്രത്തിൽ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലിയുണ്ടെന്നു പറഞ്ഞ് ഇവരെ ഇലന്തൂരിലെത്തിച്ചു. ആദ്യ ദിവസം 1000 രൂപ നൽകി. രണ്ടാം ദിവസം ഉച്ചയ്ക്കു തിരുമ്മു കഴിഞ്ഞു നിൽക്കുമ്പോൾ ഇവരെ ലൈലയും ഭഗവൽസിങും വീട്ടിലേക്ക് ക്ഷണിച്ചു. അകത്തു കയറിയപ്പോൾ ഇരുവരും ചേർന്ന് ഇവരെ കട്ടിലിലേക്ക് തള്ളിയിട്ടശേഷം കൈ ബന്ധിക്കാൻ തുടങ്ങി.

ലൈലയും ഭഗവൽസിങും കാലുകൾ കെട്ടാൻ തിരിഞ്ഞ തക്കത്തിന് ഇവർ കയ്യിലെ കെട്ടഴിച്ച് കുതറിയോടുകയായിരുന്നു. ഇതിനിടെ ഷാഫി മുഖത്തടിച്ചപ്പോൾ ഇവർ താഴെ വീണെങ്കിലും പുറത്തുകടന്നു. റോഡിലെത്തിയപ്പോൾ ലൈല അനുനയിപ്പിച്ചു തിരികെ വിളിക്കാൻ ശ്രമിച്ചെങ്കിലും യുവതി റോഡിൽതന്നെ നിലയുറപ്പിച്ചു. പരിചയക്കാരനായ ഓട്ടോ ഡ്രൈവറെ വിളിച്ച് അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. വിദേശത്തുള്ള ഈ യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം പന്തളത്തെ സ്വകാര്യ ഏജൻസി വഴി ലൈല വീട്ടുജോലിക്കെത്തിച്ച യുവതിയാണ് രണ്ടാമത്തെയാൾ. ആ സമയത്താണു വീടിനു മുന്നിൽ മാലിന്യക്കുഴിയെടുക്കുന്നത്. തൊട്ടടുത്ത ദിവസം പ്രതികൾ ലൈംഗികച്ചുവയോടെ സംസാരിച്ചപ്പോൾ അവിടെ നിൽക്കുന്നതു പന്തിയല്ലെന്നു കണ്ട് അവരും രക്ഷപ്പെടുകയായിരുന്നു. ഈ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണു ഷാഫി റോസ്ലിയെയും പത്മയെയും കുടുക്കിയതെന്നാണു സൂചന.

ഷാഫി വ്യത്യസ്തമായ കഥകൾ പറഞ്ഞാണ് തന്റെ കൃത്യത്തിനായി വലവിരിച്ചതെന്നാണ് പൊലീസ് പറയുന്നത്. തിരുവല്ലയിലെ ഒരു വീട്ടിലെ പൂജാ ആവശ്യത്തിന് വരുന്നോയെന്നും 50,000 രൂപ നൽകാമെന്നും ഷാഫി കൊച്ചിയിലെ ചില ലോട്ടറി വിൽപനക്കാരികളോടു ചോദിച്ചിരുന്നു. റോസ്ലിയെ തിരുവല്ലയിൽ കൊണ്ടുപോയി രക്ഷപ്പെടുത്തി, ലക്ഷങ്ങളുടെ വീട് വാങ്ങിക്കൊടുത്തു അതുപോലെ നിങ്ങളെയും രക്ഷപ്പെടുത്താമെന്നായിരുന്നു വാഗ്ദാനമെന്ന്, കാലടിയിൽ താമസിച്ചിരുന്ന റോസ്ലിയെ ഏതാനും മാസം മുൻപുവരെ കണ്ട ഒരു ലോട്ടറി വിൽപനക്കാരി വ്യക്തമാക്കിയിരുന്നു.

തിരുവല്ല, പത്തനംതിട്ട, ചങ്ങനാശേരി എന്നീ സ്ഥലപ്പേരുകളാണ് സ്ഥിരം പറയുന്നത്. ഷാഫി കോയമ്പത്തൂരിൽ നിന്നു കഞ്ചാവ് കൊണ്ടുവന്നു വിൽപന നടത്തിയിരുന്നതായും യുവതി പറയുന്നു. മറ്റൊരു കാരണം പറഞ്ഞു മാസങ്ങൾക്കു മുൻപ് ഷാഫി സമീപിച്ചതു തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശിനിയെയാണ്. 'തിരുവല്ലയിൽ ഒരു അച്ഛനും അമ്മയുമുണ്ട്. അവരെപ്പോയി കണ്ട്, ആ വീട്ടിൽ കുറച്ച് ദോഷങ്ങളുണ്ടെന്നു പറഞ്ഞു 3 ലക്ഷം രൂപ സംഘടിപ്പിക്കാമെന്നാണു പറഞ്ഞത്. അതിൽ ഒന്നര ലക്ഷം രൂപയാണ് എനിക്കു തരാമെന്നു പറഞ്ഞത്. ആദ്യം ഞാൻ സമ്മതിച്ചു. പിറ്റേന്ന് എന്റെ മനസ്സു മാറി. വരുന്നില്ലെന്നും പറഞ്ഞു. പിന്നെ, എവിടെവച്ച് എന്നെ കണ്ടാലും ചീത്ത പറയുമായിരുന്നു. അതു കഴിഞ്ഞാണ് റോസ്ലിയെ കൊണ്ടുപോയത്' അവർ വെളിപ്പെടുത്തിയിരുന്നു.

സ്ത്രീകളെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന മനോവൈകല്യത്തിന് അടിമയായ ഷാഫി, അതിനു വേണ്ടി ആസൂത്രണം ചെയ്തതാണ് ഇരട്ട നരബലിയെന്ന് പൊലീസ്. നരബലിയുടെ മുഖ്യ സൂത്രധാരനായ മുഹമ്മദ് ഷാഫിക്കെതിരെ പീഡനമുൾപ്പെടെ 8 കേസുകൾ നേരത്തേ നിലവിലുണ്ടെന്നും പോലസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പുത്തൻകുരിശിൽ വയോധികയെ പീഡിപ്പിച്ച കേസിൽ ഷാഫി നേരത്തേ പ്രതിയാണ്. സമാനമായ രീതിയിൽ ഷാഫി കൂടുതൽ സ്ത്രീകളെ കൊലപ്പെടുത്തിയിട്ടുണ്ടാകാനുള്ള സാധ്യത പൊലീസ് പരിശോധിക്കുന്നുണ്ട്. പൂജ നടത്തിയതിനു ആദ്യം 3 ലക്ഷം രൂപയും പീന്നീട് കുറച്ചു പണം കൂടിയും ദമ്പതികൾ മുഹമ്മദ് ഷാഫിക്കു കൈമാറിയിട്ടുണ്ടെന്നാണ് വിവരം.