പത്തനംതിട്ട: ഇലന്തൂരിലെ നരബലി പുറത്തു വരുമ്പോൾ സമീപത്ത് നടന്ന തിരോധാനവും കൊലപാതകവും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഭഗവൽസിങ്ങിന്റെ കടകംപള്ളിൽ വീടുമായി ബന്ധിപ്പിക്കുന്ന തരത്തിൽ സംശയം നിറയുമ്പോൾ ബന്ധുക്കളും പറയുന്നു. ഈ കേസുകൾ പുനരന്വേഷിക്കുക തന്നെ വേണം. ഇടപ്പാറമലയിലെ ഊരാളിയായിരുന്ന അയ്യപ്പന്റെ തിരോധാനം, തൊട്ടടുത്ത കോളനിയിലെ താമസമാക്കാരിയായിരുന്ന സരോജനിയുടെ കൊലപാതകം എന്നിവയാണ് ദുരൂഹമായി തുടരുന്നത്.

കോഴഞ്ചേരി മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ കാരംവേലിയിലാണ് പുരാതനമായ ഇടപ്പാറമലയുള്ളത്. ഇവിടുത്തെ പൂജാരിമാരാണ് ഊരാളിമാർ. ജ്യോതിഷ വിധി പ്രകാരം ഊരാളി പടയണിക്കായി കേരളത്തിൽ ഉടനീളം ഇവർ സഞ്ചരിക്കും. യാത്ര കാൽനട തന്നെ. ഒരു പറ്റം അനുചരരും ഒപ്പമുണ്ടാകും. മേടമാസത്തിൽ കാവിലെ വിഷു ഉത്സവവും പടയണിയും ഇല്ലാത്തപ്പോഴാണ് യാത്ര. വരുമാനമായിരുന്നില്ല കർമ്മം അനുഷ്ഠിക്കുക എന്ന തത്വമുള്ളവരായിരുന്നു ഈ ഊരാളിമാർ. രാജകുടുംബത്തിലെ ആസ്ഥാന പടയണിക്കാർ, കായംകുളംകൊച്ചുണ്ണിയെ അനുനയിപ്പിച്ച് തങ്ങളുടെ ആലയത്തിൽ തളച്ചവതത്രേ ഇടപ്പാറ ഊരാളിമാർ. ഊരാളി പടയണിയിലൂടെ നാടിന്റെ ഐശ്വര്യം കാത്തവർ,പക്ഷെ പിന്മുറക്കാന്റെ തിരോധാനം ഇന്നും കുടുംബത്തിന് മാത്രമല്ല നാടിനും ഉൾക്കൊള്ളാൻ കഴിയുന്നില്ല.

കാൽ നൂറ്റാണ്ട് മുൻപ് കൃത്യമായി പറഞ്ഞാൽ 27 വർഷം മുൻപാണ് ഇടപ്പാറമല ഊരാളി അയ്യപ്പന് ഗുജറാത്തിലേക്ക് പടയണിക്ക് ക്ഷണം വരുന്നത്. ആദ്യം ഇത് സ്വീകരിച്ചില്ലെങ്കിലും പിന്നീട് ആരുടെ ഒക്കെയോ നിർബന്ധത്തിന് വഴങ്ങി അയ്യപ്പൻ ഊരാളി ഗുജറാത്തിലേക്ക് തിരിച്ചു. ആർക്കൊപ്പം എന്നത് ഇന്നും അജ്ഞാതം. ക്ഷണിച്ചവർ ആരെയോ ചുമതലപ്പെടുത്തി. ട്രെയിനിൽ അവിടേക്ക് കൊണ്ടുപോയി എന്നറിയാം. പിന്നീട് 27 വർഷം ആകുമ്പോഴും അയ്യപ്പൻ ഊരാളിയെ കുറിച്ച് വിവരമൊന്നുമില്ല. ഫോണിൽ ബന്ധപ്പെടാൻ കഴിയാത്ത കാലം.

ഗുജറാത്തിൽ എത്തി ഏഴ് ദിവസം നീണ്ടുനിന്ന പരിഹാര ക്രിയകൾ നടത്തിയെന്നും ഇതിന് ആദരവ് നൽകിയെന്നും ഒക്കെ പറയുന്നു. ഇതിനു ശേഷം ട്രെയിനിൽ നാട്ടിലേക്ക് കയറ്റി വിട്ടുവത്രേ. ഇതിനൊന്നും സ്ഥിതീകരണമില്ല. ക്ഷണിച്ച് കൊണ്ട് പോയവരെ കുറിച്ചും വ്യക്തതതയില്ല. മടങ്ങി വരാതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ആറന്മുള പൊലീസിൽ പരാതി നൽകി. അവർ ഗുജറാത്തിൽ പോയി മടങ്ങി. വിവരങ്ങൾ ഒന്നും ലഭിച്ചില്ല. ട്രെയിൻ കയറിയെന്നും ഇടക്ക് ഏതോ സ്റ്റേഷനിൽ ഇറങ്ങി പോയെന്നും പിന്നീട് കണ്ടില്ല എന്നുമൊക്കെയാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതിനൊന്നും വ്യക്തതയില്ല. അവ്യക്തത നിലനിൽക്കുകയും ചെയ്യുന്നു. സാധുക്കളായ കുടുംബത്തിന് അന്ന് പൊലീസിൽ പരാതി നല്കുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയുമായിരുന്നുമില്ല.

കാലങ്ങൾ നീളുമ്പോൾ ഇടപ്പാറ അയ്യപ്പൻ ഊരാളി ഓർമയിൽ അവശേഷിക്കുന്നു. ഇദ്ദേഹത്തിന്റെ തിരോധനത്തോടെ മലനടയിൽ കുടുംബത്തിന് ഉണ്ടായിരുന്ന അവകാശവും ഇല്ലാതെയായി. മലനടയുടെ ജന്മികൾ സ്ഥാനം ഒഴിയുകയും ജനകീയ സമിതി ഉണ്ടാകുകയും ചെയ്തു. നരബലി നടന്ന കടകംപള്ളിൽ നിന്നും വിളിപ്പാട് അകലെയാണ് ഇടപ്പാറ ഊരാളി കുടുംബം. ഇവിടെ നിന്നാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. ആചാരങ്ങളിൽ താത്പര്യം ഉണ്ടായിരുന്ന ഭഗവൽസിങ് ഇടപ്പാറമലയിൽ പതിവായി എത്തിയിരുന്നതായും മർമ്മവും കളരിയും ഇവിടുത്തെ പൂജാരീതികളും അയ്യപ്പൻ ഊരാളിയിൽ നിന്നും പഠിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇപ്പോഴത്തെ സംഭവങ്ങൾ ചേർത്ത് വായിക്കുമ്പോൾ ബന്ധുക്കൾ നിരവധി സംശയങ്ങൾ ഉയർത്തുന്നു. ആര് വഴിയാണ് അയ്യപ്പൻ ഊരാളി പോയതന്നും ആർക്കും പറയാൻ കഴിയുന്നുമില്ല.

2014 സെപ്റ്റംബർ 14 നാണ് മല്ലപ്പുഴശേരി പഞ്ചായത്തിലെ നെല്ലിക്കാല കോളനിയിലെ താമസക്കാരി ആയിരുന്ന സരോജനിയുടെ മൃതദേഹം കുളനട-ഇലവുംതിട്ട റോഡിലെ പൈവഴിക്ക് സമീപം കാണപ്പെട്ടത്. ദേഹമാസകലം വെട്ടേറ്റ് രക്തം വാർന്നാണ് മൃതദേഹം കിടന്നത്. പൊലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.സരോജിനി കാരംവേലിയിലുള്ള ഹോമിയോ ഡോക്ടറുടെ വീട്ടിൽ ജോലിക്കാരി ആയിരുന്നു. ദിവസവും രാവിലെ വന്ന് വൈകുന്നേരം മടങ്ങിപ്പോകും. കാരംവേലിയിൽ നിന്നും നെല്ലിക്കാല എത്തി ചെറിയ നടപ്പാത വഴിയാണ് വീട്ടിലേക്ക് പോയിരുന്നത്.പതിവ് പോലെ അന്നും ഇവർ നെല്ലിക്കാല കടക്കുന്നത് കണ്ടവരുണ്ട്.

എന്നാൽ രാത്രി ആയിട്ടും ഇവർ വീട്ടിൽ എത്തിയില്ല. ഇതിനടുത്തു് അന്നൊരു വിവാഹവും നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പോയതാകാം എന്ന് ബന്ധുക്കൾ കരുതി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറന്മുള-കുളനട റോഡിൽ പൈവഴിക്കും ഉള്ളന്നൂരിനും മദ്ധ്യേ ഒരു മൃതദേഹം ഇത് വഴി വാഹനത്തിൽ പോയവർ കണ്ടെത്തി.പൊലീസ് എത്തി കൂടുതൽ തെളിവെടുപ്പിലാണ് ഇത് സരോജിനി ആണെന്ന് വ്യക്തമായത്. പിന്നീട് അടൂർ ഡിവൈ.എസ്‌പി നസീമിന്റെ നേത്യത്വത്തിൽ അന്വേഷണം നടന്നു.

ഭർത്താവിനെയും കുടുംബക്കാരെയും മുഴുവൻ ദിവസങ്ങളോളം ചോദ്യം ചെയ്തു. സരോജനിക്ക് ജോലി കൊടുത്ത ഡോക്ടറെയും ചോദ്യം ചെയ്യലിലൂടെ പീഡിപ്പിക്കുക ആയിരുന്നു. സരോജിനിയെ കാണാതായ ദിവസം സമീപത്ത് വിവാഹ ചടങ്ങിന് എത്തിയവരെയും വെറുതെ വിട്ടില്ല. പൊലീസ് നിരന്തരമായി അന്വേഷിച്ചെങ്കിലും പ്രതിയെ പിടിക്കാൻ കഴിഞ്ഞില്ല. മകനും ഭർത്താവും എല്ലാം പൊലീസിന്റെ പരിധിയിൽ തന്നെ നിലനിന്നു. ഗുണ്ടകൾ അന്ന് ഇവിടങ്ങളിൽ കറങ്ങുന്നതായി പരാതികൾ ഉയർന്നിരുന്നു. സന്ധ്യ കഴിഞ്ഞാൽ ആരും പുറത്തിറങ്ങാത്ത സ്ഥിതി ഏറെ നാൾ തുടർന്നു. അന്ന് ഈ മൃതദേഹം കണ്ടെത്തുമ്പോൾ 48 മുറിവുകൾ ഉണ്ടായിരുന്നു. ഒരു കൈ അറ്റ നിലയിൽ ശരീരത്തു നിന്നും രക്തം പൂർണ്ണമായും ഒഴുകി പോയ സ്ഥിതിയിലുമായിരുന്നു .സരോജിനിയുടെ വീട്ടിൽ നിന്നും ഒരു പാടം കടന്നാൽ ഇപ്പോൾ നരബലി നടന്ന കടകം പള്ളിൽ എത്താം.

ഈ വഴിയിൽ സന്ധ്യ ആയാൽ പിന്നെ അന്നും ഇന്നും ആളനക്കം കുറവുമാണ്.ഇപ്പോഴത്തെ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സരോജിനിയുടെ മരണം കൂടി ഉൾപ്പെടുത്തണമെന്നാണ് ബന്ധുക്കൾ ആവശ്യപ്പെടുന്നത്. അന്ന് നാട്ടിൽ പല അഭ്യൂഹങ്ങളും പ്രചരിച്ചു. അർധരാത്രിക്ക് ശേഷം ഒരു ടിപ്പറിൽ ആരോ കൊണ്ടിട്ടതാണ് മൃതദേഹം എന്ന നിഗമനത്തിലെത്തി. കുറിയാനിപ്പള്ളിയിലേക്ക് വരുന്ന റോഡിന്റെ വയൽക്കരയുള്ള കുളത്തിൽ കൊണ്ടിടാൻ കൊണ്ടുവന്ന മൃതദേഹം ബൈക്ക് യാത്രികരെ കണ്ട് ധൃതിപ്പെട്ട് റോഡരികിൽ തള്ളിയതാണെന്ന വിവരവും പുറത്തു വന്നു. ലൈംഗിക പീഡനം ഉണ്ടായി എന്ന് ഇൻക്വസ്റ്റ് വേളയിൽ തന്നെ പൊലീസ് സംശയിച്ചിരുന്നു.

നഗ്നദേഹം പരിശോധിച്ച ശേഷം അന്നത്തെ പന്തളം പൊലീസ് ഇൻസ്പെക്ടർ റെജി ഏബ്രഹാം ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പങ്ക് വച്ചിരുന്നു. അന്ന് പൊലീസ് പ്രകടിപ്പിച്ച തരത്തിലുള്ള സമാനതകളാണ് ഇപ്പോൾ നടന്ന നരബലി കൊലപാതകങ്ങളിലും കാണുന്നത്.കുറിയാനിപ്പള്ളി റോഡിലെ വയലരികിലുള്ള കുളത്തിൽ ആൾക്കാർ വലിയ തോതിൽ ഇറച്ചി മാലിന്യങ്ങൾ തള്ളൂമായിരുന്നു. അറവ് ശാലകളിൽ നിന്ന് കൊണ്ടിടുന്ന മൃഗാവശിഷ്ടങ്ങളിൽ നിന്നും കോഴി വേസ്റ്റിൽ നിന്നും ദുർഗന്ധം വമിക്കുമായിരുന്നു. ഈ നാറ്റമാണ് ഉണ്ടാവുക എന്ന ചിന്തയിൽ ഈ കുളത്തിൽ മൃതദേഹം താഴ്‌ത്തിയാൽ പിടിക്കപ്പെടില്ലാ എന്ന കണ്ടെത്തലും കൊലയാളികൾക്ക് ഉണ്ടായിരുന്നുവെന്നും അന്ന് സംശയം ഉയർന്നിരുന്നു.