തിരുവല്ല: കുറ്റപ്പുഴയിൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള വാടകവീട്ടിൽ വച്ച് തന്നെ ആഭിചാര ക്രിയകൾക്ക് വിധേയയാക്കാൻ ശ്രമിച്ചുവെന്ന കുടക് സ്വദേശിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. ഒരു യു ട്യൂബ് ചാനലാണ് 10 ദിവസം മുൻപ് വീഡിയോ പുറത്തു വിട്ടത്. വിഡിയോയിൽ ഇരയായ യുവതി പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഇവരുടെ വെളിപ്പെടുത്തലിൽ പറയുന്ന മന്ത്രവാദത്തിന് ആളെ എത്തിച്ചുവെന്ന് പറയുന്ന യുവതിയെയും സംഭവം നടന്നുവെന്ന് പറയുന്ന വീടും തിരിച്ചറിഞ്ഞു.

യുവതിയുടെ വെളിപ്പെടുത്തലിൽ പറയുന്ന ആൾ തൃക്കൊടിത്താനം തൃക്കൊടിത്താനം കോട്ടമുറി കല്ലുങ്കൽ അമ്പിളി സുന്ദരൻ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൃത്യം നടന്നിരിക്കുന്നത് കുറ്റപ്പുഴ റെയിൽവേ സ്റ്റേഷന് നാലുവേലിൽ ജെ കോട്ടേജിൽ തോമസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഈ വീട് മൂന്നു മാസത്തേക്ക് മഞ്ഞാടി സ്വദേശി സഞ്ചു എന്ന ഇടനിലക്കാരൻ മുഖേനെ അമ്പിളിക്ക് വാടകയ്ക്ക് നൽകിയെന്നാണ് മാത്യു പറയുന്നത്.

സാധാരണ വാടകയ്ക്ക് കൊടുക്കുമ്പോൾ ബ്രോക്കർ ഫീസ് ഇടനിലക്കാരൻ കൈപ്പറ്റാറുണ്ട്. ഇവിടെ ഇയാൾ ബ്രോക്കർ ഫീസ് വാങ്ങിയിട്ടില്ല. മൂന്നു മാസത്തേക്ക് എന്ന് പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തിരുന്നത്. തന്റെ വീടു പണി നടക്കുകയാണെന്നും മൂന്നു മാസത്തേക്ക് താമസിക്കുന്നതിനാണെന്നുമായിരുന്നു ഇവർ പറഞ്ഞിരുന്നത്. കുടക് സ്വദേശിനിയുടെ വീഡിയോ പുറത്തു വന്നതോടെ വീട് ഒഴിയുകയാണ് എന്ന് അമ്പിളി വീട്ടുടമസ്ഥനെ അറിയിച്ചിരുന്നു.

രക്ഷപ്പെട്ടത് നരബലി ശ്രമത്തിനിടെയെന്ന് രക്ഷപ്പെട്ട യുവതി

നരബലി ശ്രമത്തിനിടെയാണ് താൻ രക്ഷപ്പെട്ടത് എന്നാണ് കൊച്ചിയിൽ താമസിക്കുന്ന കുടക് സ്വദേശിയായ യുവതി അവകാശപ്പെടുന്നത്. ഭർത്താവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കാം എന്ന് പറഞ്ഞാണ് അമ്പിളി സുന്ദരൻ കൂട്ടിക്കൊണ്ടു വന്നത്. ഡിസംബർ എട്ടിന് ബസ് സ്റ്റാൻഡിൽ നിന്ന് സ്‌കൂട്ടിയിലാണ് തന്നെ കുറ്റപ്പുഴതിൽ എത്തിച്ചത്. അമ്പിളി പൂജാരി എന്ന് പരിചയപ്പെടുത്തിയ ആൾ ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് എത്തി. രാത്രിയായതോടെ ശരീരത്തിൽ മാല ചാർത്തിയും മറ്റും പൂജ ആരംഭിച്ച ശേഷം വലിയ വാളെടുത്ത് തന്നെ കൊലപ്പെടുത്താൻ പോവുകയാണെന്ന് അമ്പിളിയും മന്ത്രവാദിയും പറഞ്ഞതായും യുവതി പറഞ്ഞു

ഇതേസമയം അമ്പിളിയുടെ പരിചയക്കാരൻ പുറത്തുവന്ന് ബെല്ലടിച്ചതോടെയാണ് ഇവരുടെ നരബലിശ്രമം പരാജയപ്പെട്ടത്. വീടിനു പുറത്തേക്ക് ഓടി വന്ന താൻ പുറത്തുവന്ന ആളോട് സഹായം അഭ്യർത്ഥിച്ചു. ഇയാൾ രാവിലെ വരെ തനിക്ക് കൂട്ടുനിന്നു.പുലർച്ചെ താൻ കൊച്ചിയിലേക്ക് മടങ്ങിപ്പോയി.തന്റെ കൈയിൽ നിന്ന് പൂജയ്ക്കായി 21000 രൂപ ഇവർ വാങ്ങിയതായും യുവതി പറയുന്നു.

യുവതി കൊച്ചിയിലെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. സംഭവത്തിൽ യുവതിയിൽ നിന്ന് വിവരം ശേഖരിച്ച് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. കുടകിലുള്ള യുവതി തിരികെ വന്ന ഉടൻതന്നെ ഇവരെ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം. അമ്പിളി എന്ന ഇടനിലക്കാരിയുടെ കൂടെയുണ്ടായിരുന്ന മന്ത്രവാദിയെയും വീടിനു പുറത്തെത്തി ബെല്ലടിച്ച ആളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.