കൊല്ലം: ശ്രീലങ്കക്കാരായ 11 പേർ കൊല്ലം നഗരത്തിലെ ലോഡ്ജിൽനിന്ന് പിടിയിലായ സംഭവത്തിൽ ശ്രദ്ധേയമായത് തമിഴ്‌നാട് - കേരള പൊലീസുകൾ നടത്തിയ അന്വേഷണമാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും കൊല്ലം ഈസ്റ്റ് പൊലീസും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിടിയിലായവരെ പൊലീസ് സംയുക്തമായി ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ മനുഷ്യക്കടത്ത് ആരോപണമാണ് ഉയർന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലേക്ക് മനുഷ്യക്കടത്തിനാണ് ശ്രമം നടന്നത.

ബോട്ടുമാർഗം ഓസ്ട്രേലിയയിലേക്ക് കടക്കാൻ ലക്ഷ്യമിട്ടാണ് ഇവർ കൊല്ലത്ത് എത്തിയതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ടൂറിസ്റ്റ് വിസയിൽ ചെന്നൈയിലെത്തിയ രണ്ടു ശ്രീലങ്കൻ സ്വദേശികളെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് കൊല്ലത്തെ ലോഡ്ജ് റെയ്ഡ് ചെയ്യുന്നതിന് ഇടയാക്കിയത്. ചെന്നൈയിൽനിന്ന് കാണാതായവർക്ക് വേണ്ടി തമിഴ്‌നാട് ക്യൂ ബ്രാഞ്ച് ഉദ്യോഗസ്ഥർ തമിഴ്‌നാട്ടിലും അയൽ സംസ്ഥാനങ്ങളിലും അന്വേഷണം നടത്തിവരികയായിരുന്നു.

സംസ്ഥാനത്തെ എല്ലാ സിറ്റി പൊലീസ് കമ്മീഷണർമാർക്കും വിവരം കൈമാറിയിരുന്നു. ക്യൂ ബ്രാഞ്ച് നിർദ്ദേശം അനുസരിച്ച് കൊല്ലം പൊലീസ് നഗരത്തിൽ നടത്തിയ റെയ്ഡിലാണ് ലോഡ്ജിൽ നിന്നും 11 പേരെ കണ്ടെത്തിയത്. ഇതിൽ രണ്ടുപേർ ചെന്നെയിലെത്തിയവരും, ആറുപേർ ട്രിച്ചിയിലെ അഭയാർത്ഥി ക്യാമ്പുകളിൽ ഉണ്ടായിരുന്നവരുമാണ്, മൂന്നുപേർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

ശ്രീലങ്കയിലുള്ള ലക്ഷ്മണ എന്ന ഏജന്റാണ് 11 പേരെ കൊല്ലത്ത് എത്തിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കേരളത്തിൽ തങ്ങൾക്ക് ഒരു ഏജന്റുണ്ടെന്നും, അദ്ദേഹത്തെ ബന്ധപ്പെട്ടാൽ മതിയെന്നുമാണ് ഇവർക്ക് ലഭിച്ചിരുന്ന അറിയിപ്പ്. പിടിയിലായ 11 പേരെ കൂടാതെ കൂടുതൽ പേർ കൊല്ലത്ത് എത്തിയതായും പൊലീസ് സംശയിക്കുന്നുണ്ട്. കൊല്ലത്തുള്ള ഏജന്റിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.