തിരുവനന്തപുരം: റഷ്യൻ മനുഷ്യക്കടത്തു കേസിൽ മുഖ്യഇടനിലക്കാരായ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്തുനിന്ന് ഡൽഹി സിബിഐ യൂണിറ്റാണ് ഇവരെ പിടികൂടിയത്.

റഷ്യൻ യുദ്ധമുഖത്തേക്ക് ആളുകളെ എത്തിക്കുന്ന റഷ്യൻ മലയാളി അലക്സിന്റെ മുഖ്യ ഇടനിലക്കാരാണ് അറസ്റ്റിലായത്. അലക്സിന്റെ ബന്ധുവാണ് തുമ്പ സ്വദേശിയായ പ്രിയൻ. വ്യാജ റിക്രൂട്ട്മെന്റ് ഏജൻസിയുടെ ചതിയിൽ പെട്ട് റഷ്യയിലെ യുദ്ധമുഖത്ത് തിരുവനന്തപുരം സ്വദേശികൾ എത്തുകയായിരുന്നു.

തിരുവനന്തപുരം സ്വദേശികളെ റഷ്യയിലേക്ക് അയക്കുന്നതിനു മുമ്പ് ആറ് ലക്ഷത്തോളം രൂപ പ്രിയൻ കൈപ്പറ്റിയിരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രധാന റിക്രൂട്ട്മെന്റിന് നേതൃത്വം നൽകിയതും പ്രിയനാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രിയനെതിരെ റഷ്യയിൽ നിന്നും നാട്ടിലെത്തിയവർ സിബിഐക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിൻസ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം നാട്ടിൽ തിരിച്ചെത്തി. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. തിരുവനന്തപുരം അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്.

വാട്സാപ്പ് വഴിയാണ് ഇവർ സെക്യൂരിറ്റി ജോലിയുടെ പരസ്യം കണ്ടതും ഏജൻസിയുമായി ബന്ധപ്പെട്ടതും. എന്നാൽ ഏജന്റ് മുഖേന ഡൽഹിയിലും പിന്നീട് റഷ്യയിലും എത്തിയ ഇവരെ പരിശീലനത്തിന് ശേഷം കൂലിപ്പട്ടാളത്തോടൊപ്പം ചേരാൻ നിർബന്ധിക്കുകയായിരുന്നു. ഇരുവർക്കും റഷ്യൻ-യുക്രെയിൻ യുദ്ധത്തിൽ പരിക്കേറ്റിരുന്നു.

മനുഷ്യക്കടത്തിന്റെ സൂചന ലഭിച്ചതിനെ തുടർന്ന് കേരളത്തിൽ സിബിഐ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വലുതാണെന്ന് വ്യക്തമായത്. സാധാരണ കുടുംബങ്ങളിൽ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായത്. ഡ്രോൺ ആക്രമണത്തിൽ ഡേവിഡിന് പരുക്കേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന 3 ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നാണ് ഡേവിഡ് വീട്ടുകാരെ അറിയിച്ചത്.

സിബിഐ സംഘം ഡേവിഡിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു. സെക്യൂരിറ്റി ജോലിക്കായാണ് ഡേവിഡിനെ അഞ്ചു മാസം മുൻപ് റഷ്യയിലേക്ക് കൊണ്ടുപോയത്. ഏജന്റിന് 3 ലക്ഷം രൂപ നൽകി. ഏജന്റിനെക്കുറിച്ച് വീട്ടുകാർക്ക് കൂടുതൽ വിവരങ്ങൾ അറിയില്ല.